അകലെയാ പടിപ്പുരവാതിലിലേക്ക്
വെറുതെ നോക്കിയിരിക്കെ ഞാൻ,
ഈജനൽ പിറകിലായെൻ്റെ
യൗവ്വനം തടവിലായ കാഴ്ച കാണുന്നു.
മുകളിലാകാശപ്പരപ്പിലൊരുപാട്
കറുത്ത പക്ഷികൾ വരിതെറ്റിപ്പറക്കുമ്പോൾ
ഒരു കാലത്തിന്നോർമയിലിന്നെൻ്റെ
വ്രണിത ഹൃദയത്തേങ്ങൽ കേൾക്കുന്നു.
കരിമുകിൽ കീഴടക്കിയ ചക്രവാളം
ഒരു തേങ്ങലായ് വിതുമ്പി നിൽക്കവെ
ഒരു കാറ്റുവന്നൊന്നാശ്വസിപ്പിക്കണമെന്ന്
വെറുതെയെൻമനം തേങ്ങിപ്പറയുന്നു.
ധിറുതി പിടിച്ചൊരുപാടു പക്ഷികൾ
തിരികെ പോകുന്നു ചേക്കേറുവാൻ
അതിലൊരു പക്ഷിയായിരുന്നു ഞാൻ
കഴിഞ്ഞു പോയോരു കാലത്തിലൊന്നിലും
കരയുവാൻ മറന്നിരുന്നൊരു കാലം,
അന്നു കേഴുന്നൊരു മഴമുകിൽപ്പക്ഷിയെ കണ്ടില്ല
കണ്ടില്ലൊട്ടുമേ പീലിവിരിച്ചാടും മയിലാട്ടവുo
വെറുതെ മോഹിച്ചുവോ അറിയില്ലറിവില്ല
ഒരു മജ്ജിക തേങ്ങിക്കരഞ്ഞങ്ങു, ദൂരെ
യൊറ്റക്ക് പറന്നു പോകവേ, അതെന്നെ
പ്രതീക്ഷിച്ചാണെന്നു വെറുതെ മോഹിച്ചു
പോയതെന്താണാവോ
തരികയാണെൻ്റെ ഹൃദയം നിനക്കായി,
തഴയുകയാണെന്നറിയാമെങ്കിലും,
തഴലിയൊതുങ്ങട്ടെയെന്നുവെറുതെചിന്തിച്ചു.
തടവറയിൽ നിന്നൊന്നു തണുത്തിരിക്കട്ടെ!
തറക്കൂട്ടങ്ങളിൽ വിചാരണക്കെടുക്കില്ല
യെൻ്റെ, വ്രണിത ഹൃദയ വ്യാപാരങ്ങളെ
അതിനു മാത്രമൊരു തെറ്റു ചെയ്തില്ലല്ലൊ
വെറുതെ കാമിച്ചുപോയ് നിന്നെയെന്നല്ലാതെ.

.പ്രകാശ് പോളശ്ശേരി

By ivayana