തൊട്ടിലിൽ കിടന്നുറങ്ങേണ്ടവർ
ഓമനത്തമുള്ള കുഞ്ഞുങ്ങൾ
തന്നാരംതരാട്ടുകൾ കേട്ടുറങ്ങേണ്ടവർ
അമ്മമാർതൻ അഹങ്കാരജടിലതയിൽ
താരാട്ടുമറന്ന അമ്മത്തൊട്ടിലിൽ
ചെറുപുഞ്ചിരിയിൽ മയങ്ങുന്നു.
ആരോവേരറുത്തിട്ടപൊക്കിൾക്കൊടിതൻ
മൗനത്തിൻ വിഴുപ്പുകൾക്കുള്ളിൽ
അമ്മതൻ തേങ്ങലിൻ ചുടുചുംബനത്തിൽ
അതീന്ദ്രിയ ജാലകപ്പൊലിമയിൽ
കൺതുറന്നു മയങ്ങുന്നു,തരാട്ടുമറന്ന
അമ്മത്തൊട്ടിലുകളിൽ കുഞ്ഞുമണികൾ.
പിറന്നുവീണപ്പോഴേ ക്ളോസെറ്റിൻകുഴിയിൽ
ഞെരിച്ചമർത്തപ്പെട്ടുമരണത്തിൻ
വക്രത്തിൽചുഴറ്റിയെറിഞ്ഞവർ
കുഞ്ഞുകിടാങ്ങൾതൻമൗനനൊമ്പരമിപ്പോഴും
ഞാന്നുകിടക്കുന്നു താരാട്ടുമറന്ന അമ്മത്തൊട്ടിലിൽ!
ആടാടുണ്ണിയെന്നുപാടാനാറിയാത്ത-
യമ്മമാരിന്ന് ആൾത്തിരക്കിൽചെന്നു
വമ്പത്തരം പറയവേ,സ്വന്തംകുഞ്ഞിനെ
മാറോടണയ്ക്കാൻസമ്മതിക്കാത്തവർ,
സൗന്ദര്യം കുറയുമെന്നആരോപറഞ്ഞ
കടങ്കഥയിൽ രമിച്ചിരിക്കുന്നു.
താരാട്ടുമറന്നമ്മത്തൊട്ടിലുകൾ കൂടിക്കൂടി –
വരുന്നൂയിക്കാലം പൊൻകുഞ്ഞുങ്ങൾതൻ
സ്വപ്‌നങ്ങൾവറ്റിവരണ്ട കണ്ണീരിൽകുതിർന്ന
കണ്മയക്കത്തിൽ കണ്ണീർക്കാലങ്ങളിൽ.

By ivayana