(മണപ്പുള്ളി അമ്മയുടെ ദർശനത്തിന്നായി എതാനും വർഷങ്ങൾക്കുമുമ്പുപോയപ്പോൾ എനിക്കുണ്ടായ അനുഭവമാണ് ഇതിലെ കവിതാതന്തു. ആദ്യം ഇത് ആംഗലത്തിലാണ് എഴുതിയത്. ആംഗലപ്പതിപ്പ് താഴെയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് മണപ്പുള്ളിക്കാവ് വേലയായിരുന്നു. അപ്പോഴാണ് കവിതയെ മലയാളീകരിച്ചത്. ഒരു മുഴുവൻ പരിഭാഷ എന്നുപറയാനാവില്ല.)

എൻറെ നാട്ടിലൊരമ്മയമ്പലം
ഭാഗ്യമവിടെയെൻ ദേവിദർശനം
പൂക്കളാൽമൂടിപ്പുഞ്ചിരിച്ചതാ
വിലസിനിൽപുമൽ വിശ്വമാതൃകാ
രത്നഭൂഷിതാ ദീപവിസ്മയാ
താളമേളിതാ വാദ്യഘോഷിതാ
ഝില്ലിഝങ്കാരഘണ്ടാരവസ്മിതാ
ഭക്തിനിർഭരസ്തോത്രസംസ്തുതാ
തൊഴുതുകാൽകളിൽപടിഞ്ഞുകുമ്പിട്ടു
തിരുനടയിലെ പടിയിറങ്ങിഞാൻ
കൊടിമരത്തിണ്ണ കടന്നുനീങ്ങവെ
പടവതിൽക്കണ്ടു ഘോരദാരുണം
പിടഞ്ഞൊടുങ്ങീടും വെളുത്തകൊക്കിനെ
വെടിയുണ്ടയേറ്റു പതിച്ചതായിടാം
കൊടുംവിഷമേതോ കഴിച്ചതുമാവാം
അറിയാത്തതാമേതോവിഹഗരോഗം
അവസാനംവന്നുഗ്രസിച്ചതുമാവാം
വികലമാമൊരുതൂവൽക്കൂമ്പാരം
ധവളമാം മെയ്യും കറുത്തകാൽകളും
മരവിച്ചു ജീവൻ വിടപറയുവാൻ
സമയമായവൾ പിടയുന്നു കഷ്ടം
ഇരമ്പിക്കേറിടുമുറുമ്പിൻതിരകളെ
എതിരിടാൻമാത്രമവൾചലിക്കുന്നു
തെരുതെരെ കണ്ണടച്ചുതുറക്കുന്നു
രുധിരമൊറ്റിടും കൊക്കിളക്കിയും
ശിരസ്സുതല്ലിയും ഭ്രാന്തവേഗത്തിൽ
സാന്ത്വനിപ്പിക്കുവാൻ ഞാൻ കുനിഞ്ഞു
ആദ്യമവളോ നിരാകരിച്ചു
ശാന്തയായ് പിന്നെയവളെൻറെലാളനം
സ്വീകരിച്ചൂ, മയക്കത്തിലാണ്ടു
ആരോരുമില്ലാത്ത പ്രാണികളെ
ആകമാനമീ സൃഷ്ടിപ്പരപ്പിൽ
ഒട്ടിച്ചുനിർത്തിടുമേതോദയാസുധ
മൊത്തിക്കുടിച്ചപോൽ കണ്ണടച്ചു
ഓടിഞാൻവീണ്ടും നടയ്ക്കലേക്ക്
ശ്രീകോവിൽവാതിലടഞ്ഞിരുന്നു
ഉച്ചപ്പൂജക്കുസമയമായി
നേരമൊട്ടുണ്ടുനടതുറക്കാൻ
തോരാത്തകണ്ണീരിൻ മാരിതൂകി
അവിടെവിറച്ചു ഞാൻ നിന്നുകേണു
സ്വാർത്ഥത്തിനല്ല മനുഷ്യകാര്യം
സാധിപ്പതിന്നായി തെല്ലുമല്ല
നടയിൽപ്പിടയുന്ന കൊക്കിനായെൻ
ഹൃദയം വ്രണിതമായ് തീർന്നിരുന്നു
ഒരുപാടുരക്തം വമിച്ചിരുന്നു
പൂജകഴിഞ്ഞുനടതുറന്നു
ജനനിയതാവീണ്ടും പുഞ്ചിരിപ്പൂ
വീണുതൊഴുന്നോരു മക്കൾക്കൊക്കെ
വാഞ്ഛിതാർത്ഥങ്ങളും തൂകിക്കൊണ്ട്
മണിയൊച്ചയുച്ചമാംഭേരിനാദം
തണുകൽനിലത്തുസർവ്വസാഷ്ടാംഗം
പണിയുംകിടാങ്ങൾക്കുജന്മസായൂജ്യം
സുഷുമ്നയിലവർക്കമൃതപ്രവാഹം
കണ്ണീർമഴപെയ്യുമെൻറെ കൺകൾ
ഒപ്പിഞാനൊന്നു തിരിഞ്ഞുനോക്കി
കൊക്കിൻ ചലനം നിലച്ചിരുന്നു
അമ്മയവളെയെടുത്തു സ്വന്തം
എല്ലായിടങ്ങളുമൊത്തുറങ്ങും
ഏകത്വഗേഹം ഗമിച്ചിരുന്നു
തോരാതെതീരാതെയശ്രുമാരി
തൂകിത്തളർന്നുവിറച്ചുനിൽക്കും
ഞാനാം മകനെയും ബാക്കിനിർത്തി
മേഘത്തിൽത്തട്ടി മഴനനഞ്ഞ്
ചൂടിൽവിയർത്തുകാൽതെറ്റിവീണ്
കാറ്റിൻറെ കാതിൽ ഞാൻ കേണിടുന്നു
‘ഞാൻ മാത്രം ഞാൻ മാത്രം ബാക്കിയായി,
ഞാനൊരു കൊക്കായ് പതിച്ചുവെങ്കിൽ
നടതുറന്നമ്മയണഞ്ഞുവെങ്കിൽ’
‘കാറ്റേ, മഴകളേ, മേഘങ്ങളെ,
ഒരുകൊക്കായിമാറാൻ കൊതിക്കുമെൻറെ
ആത്മവിലാപങ്ങൾ കേൾപ്പതുണ്ടോ?
സന്ധ്യയ്ക്കു പൂജകൾകൈക്കൊള്ളുവാൻ
പുഞ്ചിരിത്തൂമാരി തൂകിക്കൊണ്ട്
പിന്നെയും പിന്നെയും അമ്മയെത്തും
ഒരുകൊക്കായി ഞാനപ്പോൾമാറിയെങ്കിൽ!
അമ്പലത്തിട്ടിൽപ്പതിച്ചുവെങ്കിൽ!’


·

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana