പശ്ചിമതീരത്തു നിന്നുമണഞ്ഞൊരു
വൃശ്ചികക്കാറ്റു പറഞ്ഞുവല്ലോ,
വേനൽ വരുന്നുണ്ടു പിന്നാലെ പൊള്ളുന്ന
മീനമാസത്തിൻ കനലുമായി.
കർണ്ണികാരങ്ങളിലപൊഴിക്കും, പീത-
വർണ്ണ പുഷ്പങ്ങൾ കണിയൊരുക്കും.
ഇക്കൊല്ലം കൊന്നകളൊക്കെയും നേരത്തേ
പൂക്കുമെന്നും കാറ്റു ചൊല്ലിയത്രേ!
മേടസംക്രാന്തി പിറന്നതിൻ മുന്നേയീ-
നാടു മഞ്ഞപ്പട്ടുടുത്തു നിന്നു.
പാടും വിഷുപ്പക്ഷി,സാമോദമീ മുളം-
കാടിൻ തണലിലൊളിച്ചിരുന്നു.
മേടം കഴിഞ്ഞിട്ടിടവം പകുതിയായ്
ചൂടു കടുപ്പിച്ചു വേനൽ നീണ്ടു.
വന്ധ്യമേഘങ്ങൾക്കു വർണ്ണഭേദം വന്ന
സന്ധ്യകൾ ചൂടിൽ തളർന്നു വീണു.
കർഷകർക്കാധിയായിക്കൊല്ലവും കാല-
വർഷം ചതിച്ചെന്നു ഭീതിയായി.
തെക്കുപടിഞ്ഞാറു ദിക്കിൽനിന്നന്നൊരു
ചക്രവാതച്ചുഴി മൂളൽ കേട്ടു.
ദിക്കറിയാതെ കറങ്ങി നടന്നൊരു
തെക്കൻകാറ്റിന്നു കുളിരുകേറി.
കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുവാൻ
ഊറ്റവുമായവൻ നാടുതെണ്ടി.
പിന്നീടു പെയ്തോരതിവൃഷ്ടി നാടിന്റെ
കണ്ണുനീരായി പരിണമിച്ചു.
കാടു മുടിച്ചതും പാറ പൊട്ടിച്ചതും
നാടുതളർന്നതും ശാപമായി.
എന്നുരുൾപൊട്ടിവരുമെന്നറിയാതെ
പിന്നെയും സന്ദിഗ്ദ്ധസന്ധിയിലായ്!
ഇന്നു പ്രളയക്കെടുതിയൊഴിഞ്ഞപ്പോൾ
വന്നു മന്ദാനിലൻ ചൊല്ലി വീണ്ടും:-
” ഇല്ലൊരു മാർഗ്ഗവും, ഭൂമിയെ സ്നേഹിക്ക-
യല്ലാതെ മർത്ത്യന്റെ മുന്നിലെന്നും.”

മംഗളാനന്ദൻ

By ivayana