കറുപ്പിലെന്തു കുറവു നാം കാണിലും
പിറന്ന കുഞ്ഞിനെ മറക്കാമോ?
തുറന്ന വാതിലിൽ മറഞ്ഞിരുന്നു നാം
വെറുപ്പു ചീറ്റുന്നതെന്തിനാവോ?
കറുപ്പു തിന്നോരാ മനുഷ്യനെന്നപോൽ
തുറിച്ചു നോക്കുന്നു നമ്മളെ നാം
മുറിപ്പെടുത്തുന്നു മനുഷ്യഹൃദയം
അറിവു കുറഞ്ഞവരെന്നപോൽ.
കറുത്ത മേഘങ്ങളില്ലായിരുന്നെങ്കിൽ
നിറഞ്ഞയാകാശം പെയ്തീടുമോ?
വറുതിവന്നു നാം പൊറുതിമുട്ടിയും
കുറഞ്ഞ കാലത്തിൽ മറഞ്ഞുപോം.
കറുപ്പിനോടുനാം വെറുപ്പു കാട്ടുമ്പോൾ
മുറിപ്പെടുന്നു മനസാക്ഷിയും
കുറച്ചു നാളുകൾ ഗുഹാ മനുഷ്യരായ്
കുറിച്ച ചരിത്രം മറന്നു നാം ?
കറുത്ത കൃഷ്ണമണിയിലില്ലെങ്കിലുണ്ടോ
വെളുപ്പുകാണും നാം കണ്ണിനാലെ
അന്ധകാരമീ,യവനിയിലില്ലെങ്കിൽ
എന്തു പ്രസക്തി വെളിച്ചത്തിന്?
കറുത്തയക്ഷരം വെളുത്ത പേപ്പറിൽ
പെരുത്തയെഴുത്തായ് തെളിയുന്നു
വെളുത്ത പകലിനും ഭംഗി കൂടുവാൻ
കടുത്ത ഇരുട്ടു തന്നെവേണം.
ദുഃഖമില്ലെങ്കിൽ സുഖത്തിനായീടുമോ
ദിനങ്ങളങ്ങനെ മെച്ചമാക്കാൻ?
രാത്രിയില്ലെങ്കിൽ പകലു പോലുമേ
അത്രപ്രസക്തമല്ലായിരിക്കും.
അന്ധത കണ്ണിനു ബാധിച്ച മർത്യനു
എന്തും കറുപ്പായേ തോന്നുകുള്ളൂ
അന്ധത മനസ്സിലെങ്കിലോ സർവ്വവും
സന്തതം കറുത്തതായിരിക്കും.
വെളുത്തയിന്ത്യനും വിദേശത്തെത്തുകിൽ
കറുത്ത മനുഷ്യനായ് മാറുന്നു.
വെളുത്ത വിദേശിയും മരിച്ചുപോകുകില്‍
കറുത്ത മണ്ണിലൊന്നായിടുമേ.

തോമസ് കാവാലം

By ivayana