എത്ര ഒഴുകിയിട്ടും
നിന്നിലേക്കെത്താതെ പോയ
ഒരു പുഴയുടെ തീരത്ത്
ഞാനൊറ്റയ്ക്കിരിപ്പുണ്ട്.
കൈതപ്പൂ മണവും, പാതിരാകാറ്റും,
പൂനിലാവും ചേർത്ത് ഒരു
പാട്ടുമൂളുന്നുണ്ട്
വാക്കുകൾ കൊണ്ടു മാത്രം
നാം ജീവൻ കൊടുത്ത വീടിന് “കവിത” എന്ന് പേര് വയ്ക്കുന്നുണ്ട്.
ആദ്യ വരിയിൽ നമുക്ക് പിറക്കാതെ പോയ
കുഞ്ഞിനെ “മഴ ” എന്ന്
വിളിക്കുന്നുണ്ട്.
തനിച്ചാവുമ്പോൾ നനയാൻ നിന്റെ
ഓർമ്മകൾ പെയ്യുന്ന
വഴിയോരങ്ങളിലെല്ലാം
കാറ്റാടി മരങ്ങൾ നട്ടുവളർത്തുന്നുണ്ട്.
വേലിയേറ്റങ്ങളിൽ നമ്മുടെ
സ്വപ്നങ്ങളെല്ലാം കടലെടുത്തെന്ന് നീ കള്ളം പറയെ,
ഇരുവഴികൾ പിരിയുന്നിടത്ത്
ഞാൻ
തനിച്ചായി
പോയതു കൊണ്ട്
മാത്രം
ഈ നെഞ്ചിൽ ആരും കാണാതെ ഞാനൊരു
കടലു
വരച്ചിടുന്നുണ്ട്.
അതിന്റെ തീരങ്ങളിൽ
തനിച്ചിരിക്കുമ്പോഴെല്ലാം
നിലാപൂക്കൾ ചൂടിയ ഒരു രാത്രിപെണ്ണ്
വന്നെന്നെ ഉമ്മ വയ്ക്കുന്നുണ്ട് .
നക്ഷത്രപൊട്ടുകൾ വിതറിയോരകാശം
കൂടെയുണ്ടെന്ന്
കൺചിമ്മുന്നുണ്ട്.
എങ്കിലും നീയില്ലാത്തിടത്ത്
തുഴക്കാരനില്ലാത്തൊരു തോണിയിൽ
ഞാൻ ദിക്കറിയാതെ
പരിഭ്രമിച്ചിരിപ്പാണ്.

By ivayana