ആഴത്തിലാഴത്തിലൊന്നു ചിന്തിക്കുകിൽ
പാഴിരുളല്ലോ,പ്രപഞ്ചം
ഏതോ കുതന്ത്രത്തിനാധാരമായഹം
ബോധമായെത്തുംപ്രപഞ്ചം!
ഞാനെന്ന തത്ത്വത്തിൽ നിന്നുരുക്കൊള്ളുന്നു,
വാനവും ഭൂമിയുമെല്ലാം!
ആവോ,യീഞാനൊന്നതില്ലെങ്കിലൊക്കെയും
കേവലം ശൂന്യമെന്നോർപ്പൂ
ആയതിനാൽ സ്വയംദൈവമായ് മാറുവാ-
നാവണമീനമുക്കെന്നും
ദൈവമായ് മാറുകിൽപിന്നെ മറ്റൊന്നുമി-
ല്ലേവമൊരിറ്റു ചിന്തിക്കാൻ!
സത്യവും ധർമ്മവും നീതിയുംനമ്മളിൽ
നിത്യവുമുണ്ടാകുമെങ്കിൽ
ഹൃത്തിലഭംഗുരമുജ്ജ്വലിച്ചേറിടും
സദ്രസമാ മഹത്ശക്തി
ആയതിന്നത്ഭുത സിദ്ധികൊണ്ടല്ലോനാ-
മീയുലകത്തെ ദർശിപ്പൂ
ആരബ്ധഭാവ സമസ്യകളോരോന്നു-
മോരോന്നുമാഹാ രചിപ്പൂ!
ഞാനൊന്നതില്ലെങ്കിലാ ദൈവവുംവ്യർത്ഥ-
മീനാമറിയുകൊട്ടെന്നും
മായകൊണ്ടല്ലോ സമസ്തവുമങ്ങനെ,
മായാതെ നിൽക്കുന്നിതുള്ളിൽ
ഒന്നിൽനിന്നന്യമായൊന്നുമില്ലെന്നോരാ-
നെന്നും നമുക്കായിടേണം
ഒന്നിൽനിന്നല്ലോപിറക്കുന്നനന്തമാ-
മൊന്നിന്നനന്യതേജസ്സും
ഒന്നുമില്ലൊന്നുമില്ലീവിശ്വവും നമ്മിൽ
മിന്നിമറയുമൊരിക്കൽ!
ബോധമേ,യാമാസ്മരശക്തിയിങ്കൽ ഞാൻ
സാദരം കൈകൂപ്പിനിൽപ്പൂ!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana