രചന : പ്രിയ ബിജു ശിവകൃപ ✍️
“മാനസി … മോളെ കഴിക്കാൻ വായോ “
അമ്മ കുറെ നേരമായി വിളിക്കാൻ തുടങ്ങിയിട്ട്…
“ദേ… അമ്മാ ഞാൻ വരാം… അമ്മ കഴിച്ചിട്ട് കിടന്നോ.. എനിക്ക് അത്യാവശ്യമായി കുറച്ചു ജോലിയുണ്ട്…”
” ഈ പെണ്ണിന്റെ കാര്യം… സമയത്തിന് ആഹാരവും കഴിക്കില്ല.. ഏത് സമയവും ജോലി ജോലി.. ഹും “
വിമലാമ്മ കള്ളദേഷ്യത്തിൽ തല വെട്ടിച്ചു മുറിയിലേക്ക് പോകുന്നത് കണ്ട് മാനസിക്ക് ചിരി വന്നു..
അവൾ മുറിയുടെ വാതിലടച്ചു… ടേബിളിനരികിൽ വന്നിരുന്നു….മേശവലിപ്പ് തുറന്ന് ഒരു വലിയ ഡയറി എടുത്ത് മുന്നിലേക്ക് വച്ചു……..
“പുതിയ ഫീച്ചർ തയ്യാറാക്കാൻ നിനക്ക് ഹെല്പ് ആകും…”
എന്നു പറഞ്ഞു വന്ദനയുടെ പ്രിയപ്പെട്ട സുഹൃത്ത് അമ്മു തനിക്ക് സമ്മാനിച്ചതാണ്….
പ്രശസ്ത നടി വന്ദനയുടെ ഡയറി!
പോകുന്നതിന്റെ ഒരാഴ്ച മുൻപ് അമ്മുവിനെ ഏൽപ്പിച്ചതാണ് വന്ദന ആ ഡയറി…
കുറെ കവിതകളും ജീവിതാനുഭവങ്ങളും അവൾ എഴുതിയിട്ടുണ്ട്.. എന്നെങ്കിലും അതൊന്ന് വെളിച്ചം കാണിക്കാൻ പറ്റുമെങ്കിൽ അതിനു വേണ്ടി അമ്മുവിന്റെ കയ്യിൽ കൊടുത്തതാണ്….
ആ ഡയറിക്കു വന്ദന ഒരു പേരും നൽകിയിട്ടുണ്ട്….
‘നീഹാരം ‘
മാനസിക്ക് ആ പേര് ഒരുപാട് ഇഷ്ടമായി….
ആ ഡയറിയുടെ ആദ്യത്തെ താളിൽ വന്ദന യുടെ വളരെ മനോഹരമായ ഒരു ചിത്രം ഉണ്ടായിരുന്നു… ആരോ വരച്ചതാണ്…
മഞ്ഞുതുള്ളി പോലെ മനോഹരിയായ വന്ദന
മാനസി ആ ചിത്രത്തിലേക്ക് കണ്ണ് നട്ടിരുന്നു….
ആ കണ്ണുകളിൽ നീർ പൊടിഞ്ഞിരിക്കുന്നത് പോലെ… വിഷാദത്തിന്റെ ആവരണം മുഖത്തെ പൊതിഞ്ഞിട്ടുണ്ട്…
മുഖം മനസ്സിന്റെ കണ്ണാടി… എന്നു പറയുന്നത് എത്ര സത്യമാണ്… പക്ഷെ ഒരു ചിത്രത്തിൽ അത് പ്രതിഫലിപ്പിക്കാൻ കഴിയുന്നത് ആ ചിത്രകാരന്റെ ജന്മസിദ്ധമായ കഴിവാണ്…
അവൾ ആ ചിത്രത്തിന്റെ താഴ്ഭാഗത്തു കണ്ടു…. ചിത്രകാരന്റെ പേര്…
ശ്രീഹരി….
അവൾ അടുത്ത താൾ മറിച്ചു…..
പ്രിയപ്പെട്ട ശ്രീ…. നീയെവിടെയാണ്?
നീ അറിയുന്നുവോ നാളെ ഞാൻ ബന്ധിതയാവുന്നു…. താലി ചരടിന്റെ മഹത്വത്തിനുമപ്പുറം കുറെ കറൻസികളുടെയും മഞ്ഞലോഹത്തിന്റെയും കൈമാറ്റചടങ്ങിൽ അറവുമാടാകാൻ വിധിക്കപ്പെട്ടവൾ വന്ദന!
ചില അറവുമാടുകൾ ഉടനടി അറുക്കപ്പെടും.. ചിലത് ഇന്ന് കത്തി വീഴും നാളെ വീഴും എന്നു പ്രതീക്ഷിച്ചു ഉള്ളെരിഞ്ഞു ജീവിക്കും… എന്നാലിവിടെ ഈ വന്ദന …. ജീവിതകാലം മുഴുവൻ കഴുത്തിനു മുകളിൽ കത്തിയുണ്ടെന്ന ബോധ്യത്തോടെ അകം പുറം നീറിയങ്ങനെ……
ഇന്നലെ വൈകുന്നേരം നിന്റെ മെയിൽ കിട്ടുന്നത് വരെ ഞാൻ പ്രതീക്ഷിച്ചു
നീ ദൂരെ ഏതോ നഗരത്തിൽ ആൾക്കൂട്ടങ്ങളുടെ ബഹളത്തിൽ തോളിലൊരു സഞ്ചിയുമായി ബുദ്ധിജീവിയെപ്പോലെ… അല്ല ബുദ്ധിജീവിയായി തന്നെ നീ അലയുന്നുണ്ടാകാം….
ഉടൻ എന്നെ കാണാൻ വരും…. കൂട്ടിക്കൊണ്ടുപോകും… ഇനിയുള്ള നിന്റെ യാത്രകളിൽ വന്ദനയും കൂട്ടിനുണ്ടാകും…
പുലരികളിൽ കുളിരായി ഒരു പുതപ്പു പങ്കിട്ട്….
ഉച്ചവെയിലിന്റെ കാഠിന്യത്തിൽ നഗരങ്ങളിൽ അലഞ്ഞു തിരിഞ്ഞു, സായാഹ്നത്തിലെ അലസവും മനോഹരവുമായ നിമിഷങ്ങളിൽ കടൽത്തിരകൾ എണ്ണിക്കൊണ്ട്,
രാത്രിമഴയുടെ തണുപ്പിൽ യാത്രകളുടെ സുഖം നുകർന്നു നമ്മളങ്ങനെ….
ഇങ്ങനെ ഒരുപാട് സ്വപ്നങ്ങൾ… എല്ലാം മാഞ്ഞു പോയി… നീ അയച്ച ആ സന്ദേശത്തിൽ….
” എല്ലാം വിധിയാണ്…. ഞാൻ ആ വിധിക്ക് കീഴടങ്ങുന്നു…സർവ്വ മംഗളങ്ങളും…. “
” ഇല്ല ശ്രീ നീ എന്റെ ജീവനാണ്, ജീവിതമാണ്.. വരൂ എവിടെയാണെങ്കിലും…
നിനക്ക് വരാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഞാൻ വരാം….. പറയു ശ്രീ നീ എവിടെയാണ്…
കണ്ണുനീരിന്റെ നനവ് പടർന്നു പിടിച്ച ആ അക്ഷരങ്ങൾ വികൃതമായിട്ടുണ്ട്…
പേജുകൾ ഓരോന്നായി മറിക്കുമ്പോൾ മാനസി അറിയുകയായിരുന്നു… വന്ദനയെ… ശ്രീഹരിയെ… അവരുടെ സ്വപ്നങ്ങളെ….
വീണ്ടും ആ വരികളിലേക്ക്…. കണ്ണോടിച്ചു മാനസി
വെള്ളത്തിൽ ഓളങ്ങൾ അല തല്ലുന്നുണ്ട്……….
കാൽപാദങ്ങൾ വെള്ളത്തിലേക്കിട്ട് ആ കുളിരേറ്റു വാങ്ങി അങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി….
വന്ദന തോൽക്കില്ല… തോൽക്കാൻ മനസ്സിനെ അനുവദിക്കില്ല…
എപ്പോഴും കണ്ണാടിയിൽ നോക്കി പറയുന്ന വാക്കുകൾ… അത് ഒരു പരിധി വരെ വിജയിച്ചിരുന്നു.. കഴിഞ്ഞ ആറുമാസം മുൻപ് മാസം വരെ…
പക്ഷെ എന്റെ കുഞ്ഞ്…. എന്നിലെ മാതൃഭാവത്തെ ഉണർത്തിയ… സ്ത്രീത്വത്തെ ധന്യമാക്കിയ എന്റെ കുഞ്ഞിനെ എല്ലാവരും ചേർന്ന് ഇല്ലാതാക്കിയപ്പോൾ തോറ്റുപോയി ഞാൻ…
വിവേകിന്റെ അമ്മയും ചേച്ചിയും ഒക്കെ അതിനു കൂട്ടുനിന്നു…. കാരണം വന്ദന ഇപ്പോൾ പ്രസവിച്ചാൽ ഇമേജ് നഷ്ടപ്പെടും കരിയർ ബ്രേക്ക് ആകും….
അതുവഴി ധന സമ്പാദനം കുറയും…….
തോരാതെ മഴയുള്ള ഒരുദിനം…. ഉള്ളിലുറഞ്ഞ ജീവൻ ചോരപ്പൂക്കളായി…. അതിനുള്ളതൊക്കെ താനറിയാതെ അവർ ചെയ്തിരുന്നു….
എന്നിട്ടും വിചാരിച്ചു….
തളരരുത് താൻ… പിടിച്ചു നിൽക്കണം…
ശ്രീഹരിയോട് വാശിയായിരുന്നു….
തന്നെ നിഷ്കരുണം ഇട്ടേച്ചുപോയ ആ ബുദ്ധിജീവിയെയും താൻ ഒരുവേള വെറുത്തു…
അതുകൊണ്ടാകാം തളർന്നു പോകരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത്….
പക്ഷെ അതത്ര എളുപ്പമല്ല… കാരണം ഇത് അഭിനയമല്ല.. ജീവിതമാണ്…….
മുഖത്തു ചായമണിയുമ്പോൾ, പല പല കഥാപാത്രങ്ങളായി ഭാവങ്ങളണിയുമ്പോൾ,
ചുണ്ടിലെ മായാത്ത പുഞ്ചിരിയണിഞ്ഞു സൗഹൃദവും സ്നേഹവും കൂടിക്കലർന്ന ചങ്ങാതിക്കൂട്ടത്തിലെ സജീവതയിൽ അലിയുമ്പോൾ ആരുമറിയുന്നില്ല വന്ദനയുടെ യുടെ ഉള്ള് പൊള്ളുകയാണെന്ന്….
വിവേക് പോലും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല… അയാൾക്ക് പണം മാത്രം മതി… താൻ എങ്ങനെ അഭിനയിച്ചാലും അയാൾക്ക് ഒരു ചുക്കുമില്ല…
അയാളുടെ പൊട്ടിപ്പോയ ബിസ്സിനസ്സ് നന്നാക്കണം…. നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കണം… അതിനു പണം വേണം…..
അയാളിപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ബോസ്സ് ഒരു പുതിയ സിനിമ എടുക്കാൻ തയ്യാറാണ്.. പക്ഷെ നായികയായി താൻ തന്നെ വേണം.. അതയാൾക്ക് നിർബന്ധം ആണത്രേ….
അങ്ങനെ ആണെങ്കിൽ പുതിയ സംരംഭത്തിൽ വിവേകിനെ പാർട്ണർ ആക്കാമെന്നാണ് കരാർ…
പക്ഷെ അയാളുടെ ഉള്ളിൽ വേറെ പല ലക്ഷ്യങ്ങളും ഉണ്ട്… അത് മനസ്സിലായത് കൊണ്ട് താൻ എതിർത്തു പല തവണ……..
പക്ഷെ അതുകൊണ്ട് കാര്യമില്ല…
തനിക്കു എല്ലാമുപേക്ഷിച്ചു വീട്ടിലേക്ക് പോകാൻ കഴിയില്ല… ഹൃദയമില്ലാത്ത ഈ ലോകത്ത് പരിക്ക് പറ്റിയ ഹൃദയവുമായി തന്റെ അച്ഛൻ…. ആ ഹൃദയ വേദനകളുടെ ആഴത്തിന് മുന്നിലാണ് താൻ തന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഒക്കെ അടിയറവ് വച്ചത്….
അമ്മയാകട്ടെ…. അച്ഛന്റെ വേദനകളിൽ പെട്ടുഴറി നിത്യവും കവിൾത്തടം നർത്തന വേദിയാക്കുന്ന കണ്ണുനീർതുള്ളികളുടെ സഹയാത്രിക…….
അച്ഛന്റെ ആഗ്രഹം ആയിരുന്നു. താൻ അറിയപ്പെടുന്ന ഒരു അഭിനേത്രിയാകണമെന്ന്….. കലാ പാരമ്പര്യമുള്ള കുടുംബമായിരുന്നു അച്ഛന്റേത്…. അച്ഛന് കഴിയാത്തത് തനിക്ക് കഴിയണം എന്നു അച്ഛൻ ആഗ്രഹിച്ചു… ആ ആഗ്രഹം നിറവേറ്റി താൻ ഉയരങ്ങളിലെത്തി…
അസുഖം വന്നു വീണു പോകും മുൻപ് അച്ഛനും താനും അമ്മയും കൂടി സ്ഥിരം യാത്രകൾ നടത്തുമായിരുന്നു അത്തരം ഒരു യാത്രയിലാണ് ശ്രീഹരിയെ പരിചയപ്പെടുന്നത്….
‘കവിതകളുടെ രാജകുമാരൻ ‘
പരിചയം പിന്നീട് ആഴത്തിലുള്ള സൗഹൃദമായി….പ്രണയമായി….
ഒടുവിൽ…. ഒരു യാത്രയുടെ പേരും പറഞ്ഞു ശ്രീ എവിടേക്കോ പോയി
,ഒന്നിച്ചു നടന്നവർ, ഒരുമിക്കാനാവാതെ ഇരു ദിശകളിലേക്ക് നടന്നകന്നു…….
കുറച്ചു നാളുകൾക്കു ശേഷം മോഡലിങ്ങിലേക്ക് തിരിഞ്ഞു… എല്ലാം മറക്കാൻ ശ്രമിച്ചു… സിനിമകളിൽ അവസരം ലഭിച്ചു.. തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചു……
അച്ഛന്റെ കൂട്ടുകാരന്റെ മകനായിരുന്നു വിവേക്…. സുന്ദരൻ സുമുഖൻ.. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസ്സിനസ്സുകാരൻ….
ആലോചന വന്നപ്പോൾ തന്നെ താൻ പറഞ്ഞു.. വിവാഹം വേണ്ടായെന്ന്… ഒരിക്കലും ആരും തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടില്ല… ആര് കേൾക്കാൻ…
അച്ഛന്റെ അസുഖത്തിന്റെ പേര് പറഞ്ഞു എല്ലാവരും തന്നെ ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിതയാക്കി
ശ്രീ ഹരിയെ ഒരുപാട് കാത്തു…. എവിടെയാണെന്ന് ആർക്കും അറിയില്ല.. ഒടുവിൽ ഒരു മെയിൽ അയച്ചു… അപ്പോഴാണ് അയാളും വിധിയുടെ പേര് പേര് പറഞ്ഞു തന്നിൽ നിന്നും ഓടിയൊളിച്ചത്…..
വിവാഹ രാത്രിയിൽ തുടങ്ങി മുൻ കാമുകന്റെ പേര് പറഞ്ഞുള്ള ടോർച്ചറിങ്ങ്…. പിന്നീടത് വീട്ടിനുള്ളിലേക്കും പടർന്നും… നാത്തൂനും അമ്മായിയമ്മയും അത് ഏറ്റെടുത്തു….
.പക്ഷെ തന്റെ പണം മാത്രം അവർക്ക് കയ്ച്ചില്ല……ഒരുപാട് പണമായി.. പ്രശസ്തിയായി…എല്ലാം തുലയ്ക്കാൻ വിവേക് മത്സരിക്കുകയാണെന്ന് തോന്നി….. പല പല ആശയങ്ങൾ പറഞ്ഞു പണമെല്ലാം ചിലവാക്കി…. ഒരു ഗുണവും ഉണ്ടായില്ല…
ഇതിനിടയിൽ കുറച്ചു സമ്പാദ്യം ആരുമറിയാതെ താനുണ്ടാക്കിയിരുന്നു…. കുറച്ചു സ്ഥലം വാങ്ങിയിട്ടു…. അതു തന്റെ അടുത്ത സുഹൃത്തായ ഗൗതമിന്റെ ഉപദേശം മൂലമായിരുന്നു….
“നാളെ ഒരിക്കൽ നീ ഒറ്റയ്ക്കായിപ്പോയാൽ നിനക്ക് ജീവിക്കണ്ടേ “
എല്ലാം വിധിയെന്നു കരുതി സമാധാനിച്ചു താനും….
പക്ഷെ… തന്റെ കുഞ്ഞ്… അതു മാത്രം താങ്ങാനായില്ല……
പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസികാവസ്ഥകളിലൂടെ ഒരുപാട് സഞ്ചരിച്ചു…
സ്നേഹത്തിനായി താൻ കൊതിച്ചു…. കുറച്ചു നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു… അവർ മാത്രം തന്നെ ചേർത്തു നിർത്തി
സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ വിളികൾക്കനുസരിച്ചു ചലിക്കുന്ന ഒരു പാവയായി ഇനി വയ്യ….
ഇവിടെ നിർത്തുന്നു എല്ലാം…
ഇനി വന്ദന മടങ്ങുന്നു….വിധിയെ തോൽപ്പിച്ചു….
മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെന്ന് എവിടെയോ വായിച്ചതോർക്കുന്നു…
പക്ഷെ അതിനിടയിൽ കുറച്ചു സമയം ഉണ്ടല്ലോ…
ആ സമയം വന്ദനയുടേതാണ്…
മരിക്കാൻ താൻ ഭീരു അല്ല….
പക്ഷെ തനിക്കു സ്വസ്ഥത വേണം… അതിനു എല്ലാം മറന്നൊരു യാത്ര പോകണം….
ഇത് എന്റെ അവസാന കുറിപ്പ് ആണ്….
ഈ നീഹാരം.. ഇവിടെ അലിഞ്ഞില്ലാതാകുന്നു….ചിലപ്പോൾ നാളെ എല്ലാവരും ഇതൊക്കെ വായിക്കുമ്പോൾ വന്ദനയെ ഓർമ്മിക്കുമായിരിക്കും….
ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഓർക്കുന്നതിലും എനിക്കിഷ്ടം ഞാൻ ജീവിച്ച നിമിഷങ്ങളിലൂടെ എല്ലാവരും എന്നെ അറിയുക എന്നുള്ളതാണ്…
അകലെ എന്നെ കാത്തിരിക്കുന്നത് വിളറിയ ആകാശമല്ല… അതിരുകളില്ലാത്ത യാത്രയുടെ ആനന്ദമാണ്………
ഒപ്പം ഒരു പ്രിയപ്പെട്ട പ്രതീക്ഷയും…. ആൾക്കൂട്ടത്തിലെവിടെയെങ്കിലും നക്ഷത്രങ്ങൾ മിന്നുന്ന പുഞ്ചിരിക്കുന്ന ഒരു മുഖം… തന്റെ കണ്ണുകൾ തേടുന്ന പ്രിയപ്പെട്ട ഒന്ന്…..
ഇനി കണ്ണുനീരില്ല…. പുഞ്ചിരി മാത്രം…
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അമ്മൂസിന്റെ വരികളിലൂടെ….
” കനലുകൾ വിതറിയ വഴിത്താരകളിലൂടെ കടന്നു വന്നിട്ടും ആ പുഞ്ചിരി മായാതെ അവളുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നു….ഉണ്ടായിരിക്കും… ഇനിയെന്നും……
PBSK✍️✍️✍️✍️✍️