മുറ്റത്തെ അസ്ഥിത്തറയിലെ ചിരാതില്‍ തെളിഞ്ഞ മങ്ങിയ വെളിച്ചത്തിലേക്കു നോക്കുമ്പോൾ സുധർമ്മയുടെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത ഒരു കുതിരയെ പോലെ പായുകയായിരുന്നു. നെറ്റിത്തടത്തിലെ ശൂന്യമായ സിന്ദൂരരേഖയിലേക്ക് വീണു കിടന്ന മുടി കൈകൾ കൊണ്ടു മാടിയൊതുക്കി വെക്കുമ്പോൾ അവളുടെ നെഞ്ചിൽ ഒരു നീറ്റലനുഭവപ്പെട്ടു.പകലുകൾക്ക് നിറം നഷ്ടപ്പെട്ട ദിവസങ്ങളിലൂടെ ദിക്കറിയാത്ത ഒരു പഥികയെപ്പോലെ അവൾ ജീവിച്ചു പോന്നു.
അഞ്ചു വർഷക്കാലമായി സുധർമയുടെ ഈ ജീവിതം അങ്ങനെ തുടർന്നു.അല്ലറചില്ലറ പണികൾ ചെയ്തും കൃഷിക്കാലമായാൽ വയലുകളിൽ പണിചെയ്തും അവൾ ആ ഏകാന്ത ജീവിതത്തിൽ ഒരേയൊരു ആശ്രയമായ അഞ്ചു വയസ്സുള്ള മകനെ പോറ്റി പോന്നു. ജോലിയിൽ നിന്ന് കിട്ടുന്ന കൂലിയിൽ നിന്നും അല്പാല്പം അവളുടെ സ്വപ്നസാഫല്യത്തിനായി മാറ്റിവെച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനമായിരുന്നു ഒരു അലമാരി. വിവാഹം കഴിഞ്ഞ അന്ന് മുതൽ ആഗ്രഹിക്കുന്നതാണ് കിടക്ക മുറിയിൽ ഒരു വലിയ കണ്ണാടിയുള്ള ഒരു ചെറിയ അലമാരി വാങ്ങി വെക്കണമെന്ന്. പലപ്രാവശ്യം അതിനുവേണ്ടി അവൾ പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. പക്ഷേ ഭർത്താവിന് രോഗം കലശലായപ്പോൾ ആ പണമെ ല്ലാം ചെലവായി പോയി. സുഗുണന് പാൻക്രിയാസിൽ കാൻസർ ആയിരുന്നു.
അടുക്കളയോട് ചേർന്ന് ഒരു മുറിയാണ് അവൾ കിടക്ക മുറിയായി ഉപയോഗിച്ചിരുന്നത്. അതിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒരു ചെറിയ വരാന്തയിലേക്ക് ആയിരുന്നു. മുറ്റത്തേക്ക് ഇറങ്ങി പത്തടി വെച്ചാൽ പൊതുവഴി. സുഗുണന്റെ വലിയൊരു ആഗ്രഹമായിരുന്നു മറ്റൊരു മുറികൂടി പണിയുക എന്നുള്ളത്. അതിനു വേണ്ടി അടിത്തറ കെട്ടിയിടുകയും ചെയ്തു. അപ്പോഴാണ് രോഗം പിടികൂടി മരണത്തിലേക്ക് കൊണ്ടുപോയത്.
അടുത്ത മെയ് മാസത്തിൽ സുദർശന് അഞ്ചുവയസ്സു തികയും. അപ്പോൾ സ്കൂളിൽ ആക്കണം. തുടക്കത്തിൽ നല്ലൊരു ചെലവുണ്ട്. ബാഗ് പുസ്തകം യൂണിഫോം. എല്ലാത്തിനും കൂടി ഒരു തുക സമാഹരിച്ചു വച്ചിട്ടുണ്ട്. അലമാര വാങ്ങിയാൽ ബാക്കി കൊണ്ട് കഷ്ടിച്ച് അത് അവന് തികഞ്ഞേക്കും.
ആയിടയ്ക്കാണ് പട്ടണത്തിലെ ഫർണിച്ചർ കടയിൽ സെയിൽ വന്നത്. അന്നൊരു ദിവസം പലചരക്ക് കടയിൽ ചെന്നപ്പോൾ അവിടെ കിടന്ന പത്രത്തിന്റെ മുൻപേജിൽ തന്നെ അവരുടെ പരസ്യം ഉണ്ടായിരുന്നു. പലചരക്ക് വാങ്ങുന്നതിനിടയിൽ അവൾ ആ പരസ്യത്തിലൂടെ ഒന്നു കണ്ണോടിച്ചു. പരസ്യം കണ്ടപ്പോൾ തന്നെ അവളുടെ മുഖം സൂര്യൻ ഉദിച്ചത് പോലെ തിളങ്ങി.
പലതരത്തിലുള്ള കണ്ണാടികൾ വച്ച അലമാരയും വാർഡ് റോബുകളും.ചിലത് രണ്ടു വാതിലിന്റെയും മറ്റു ചിലത് മൂന്നു വാതിലിന്റേതുമായിരുന്നു. മൂന്നടിമുതൽ അഞ്ചര അടിവരെ ഉയരമുള്ള അലമാരികൾ ഉണ്ടായിരുന്നു അവിടെ.വിലയിലൂടെ കണ്ണോടിച്ചപ്പോൾ അവളുടെ ഹൃദയം പിടച്ചു. ഏറ്റവും ചെറിയതിനു പോലും അയ്യായിരത്തിലധികം രൂപ വിലയായിരുന്നു.
“കുടുക്ക പൊട്ടിച്ചാൽ ഈ ചെറുതെങ്കിലും ഒന്ന് വാങ്ങാൻ സാധിക്കുമോ?”
അവളുടെ മനസ്സ് പിറുപിറുത്തു.
“കുടുക്കയിൽ ആറായിരം രൂപയെങ്കിലും കാണണം. അയ്യായിരം രൂപയുടെ ഒരു ചെറിയ അലമാരി വാങ്ങാം. പിന്നെയുള്ള ആയിരം രൂപ കൊണ്ട് മോനു വേണ്ട ബാഗും പുസ്തകവും എല്ലാം വാങ്ങാം.”
അവളുടെ മനസ്സ് സ്വപ്നം കണ്ടു.
അവൾ കിടക്ക മുറിയിലേക്ക് ചെന്ന് കുടുക്ക കയ്യിൽ എടുത്തു.
അന്ന് സുഗതൻ കുടുക്കയുമായി വന്നപ്പോൾ പറഞ്ഞ വാക്കുകൾ പെട്ടന്ന് അവളുടെ ഓർമ്മയിലേക്ക് വന്നു.
“നിന്നെ ഞാൻ ഒരു രാജകുമാരിയാക്കും. നിന്റെ സൗന്ദര്യം കണ്ട് നാലുപേർ അസിയപ്പെടട്ടെ…. ഞാൻ ജീവിച്ചിരുന്നാൽ…… “
“ചേട്ടാ, അങ്ങനെ പറയരുത്! ഇപ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കാൻ എന്താ കാര്യം. നമ്മൾ രണ്ടുപേരും ചെറുപ്പമല്ലേ!”
“അറിയാതെ എന്റെ നാക്കിൽ അങ്ങനെ വന്നു പോയി…”!
അയാൾ വിഷമത്തോടെ പറഞ്ഞു
“നീ ചന്ദ്രനെ പോലെയല്ല; നിന്റെ മുഖം സൂര്യനെ പോലെയാണ് തിളങ്ങുന്നത്”
സുഗുണൻ പറഞ്ഞു.
അത് കേട്ട് സുധർമ ഒന്ന് ചിരിച്ചു.
“സുന്ദരിയായ നിന്നെ ദൈവം എനിക്കുതന്നെ നൽകിയല്ലോ. പക്ഷേ സുന്ദരമായ നിന്റെ ആ മുഖം കാണാൻ ഒരു നല്ല കണ്ണാടി പോലും ഈ വീട്ടിൽ ഇല്ല. ആകെയുള്ളത് ഒരു പൊട്ടിയ കണ്ണാടിയാണ്. ഈ കണ്ണാടിയിൽ നോക്കി നോക്കി നമ്മുടെ ജീവിതവും അതുപോലെ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു”.
“ അതൊരു അന്ധവിശ്വാസമാണ് ചേട്ടാ. പൊട്ടിയ കണ്ണാടിയിൽ നോക്കിയാലും മുഖം എന്റേതല്ലേ”.
അവൾ പറഞ്ഞു.
“ഈ ഭാഗ്യം കെട്ടവന്റെ കൂടെ വരേണ്ടവൾ ആയിരുന്നില്ല നീ.ഏതെങ്കിലും പണമുള്ളവന്റെ വീട്ടിൽ ചെന്നിരുന്നെങ്കിൽ നീ ഒരു രാജകുമാരിയെ പോലെ കഴിയുമായിരുന്നു. ഇവിടെ ഈ കഷ്ടപ്പാടിൽ നിന്റെ സൗന്ദര്യം എല്ലാം ചോർന്നുപോകും.”
അവളെക്കുറിച്ച് നാലു നാക്കുള്ളവനപ്പോലെ അവൻ സംസാരിച്ചു.
അപ്പോൾ തന്നെ അവൾ കുടുക്ക പൊട്ടിച്ച് പണം എണ്ണി നോക്കി. ആറായിരം രൂപ തികയാൻ നൂറു രൂപ കുറവ്.
“ഈ കശുകൊണ്ട് ഒരുമാതിരി ഒപ്പിക്കാം”,അവൾ ആത്മഗതം ചെയ്തു.
പിറ്റേന്നുതന്നെ അവൾ പട്ടണത്തിൽ പോയി അലമാരി നോക്കാൻ തീരുമാനിച്ചു. വസ്ത്രം മാറി മുടി ചീകുന്നതിനുവേണ്ടി വീണ്ടും അവൾ ആ പൊട്ടിയ കണ്ണാടി കയ്യിലെടുത്തു. അപ്പോൾ അവൾ സുഗുണൻറെ വാക്കുകൾ വീണ്ടും ഓർത്തു:
“ഈ കണ്ണാടിയിൽ നോക്കി നോക്കി നമ്മുടെ ജീവിതവും അതുപോലെ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു”.
ഉടൻതന്നെ മോനെയും കൂട്ടി സുധർമ്മ ഫർണിചർ കടയിലേക്ക് പോയി. നേരെ അലമാരിയും വാർഡ് റോബും ഇരിക്കുന്ന സ്ഥലത്തേക്ക് ആണ് അവൾ പോയത്.
“എനിക്ക് ഒരു ചെറിയ അലമാരി വേണം”
അവിടെനിന്ന സെയിൽസ് ബോയിയോട് അവൾ പറഞ്ഞു.
“ഇത് ഇവിടെയുള്ളതിൽ വെച്ച് ഏറ്റവും ചെറുതാണ്. ആറായിരം രൂപയാണ് അതിന്റെ വില. തേക്കു തടിയിൽ കടഞ്ഞെടുത്ത കാലുണ്ട്. പത്തു ശതമാനം ഡിസ്കൗണ്ട് കിട്ടും. അപ്പോൾ അയ്യായിരത്തി നാനൂറു രൂപയാകും. മാനേജരെ കണ്ടാൽ അദ്ദേഹം അല്പം കൂടി കുറച്ചു തരും. അയ്യായിരം രൂപയ്ക്ക് കിട്ടിയേക്കും”.
“ഫ്രീ ഡെലിവറി ഉണ്ടോ”?
സുധർമ ചോദിച്ചു.
“അഞ്ചു കിലോമീറ്റർ ഉള്ളിലാണെങ്കിൽ ഫ്രീ ഡെലിവറി ഉണ്ട്”
അയാൾ പറഞ്ഞു
“ അല്പം കൂടി കുറയ്ക്കാൻ പറ്റില്ലേ?”
സുധർമ ചോദിച്ചു.
“മാനേജരെ കണ്ടു നോക്കൂ!”
സെയിൽസ് ബോയ് സുധർമ്മയെ മാനേജരുടെ അടുക്കലേക്ക് പറഞ്ഞു വീട്ടു.
മാനേജർ ഒരു അരിക്കീസ് ആയിരുന്നു. അയാൾ നൂറു രൂപ കുറച്ചു. സുധർമ്മ പണം എണ്ണി അയാളുടെ കയ്യിൽ കൊടുത്തിട്ട് തിരിഞ്ഞുനോക്കുമ്പോൾ സുദർശൻ ഒരു ട്രൈ സൈക്കിളിൽ ഇരുന്ന്‌ വട്ടം കറങ്ങുന്നതാണ് കണ്ടത്. അവനെ അതിൽ നിന്ന് പൊക്കിയെടുക്കാൻ സുധർമ്മ ആവുന്നത് ശ്രമിച്ചു.പക്ഷേ അവൻ അത് സമ്മതിച്ചില്ല. ആ ഇരുപ്പിൽ ഇരുന്ന്‌ ചവുട്ടിക്കൊണ്ട് പറഞ്ഞു:
“അമ്മേ,എനിക്ക് ഈ സൈക്കിൾ വേണം!അമ്മേ എനിക്ക് ഈ സൈക്കിൾ വേണം….”
സുധർമ ആശയക്കുഴപ്പത്തിലായി.
“വേണ്ട മോനെ നമുക്കത് പിന്നൊരു ദിവസം വാങ്ങാം. ഇപ്പോൾ അമ്മയുടെ കയ്യിൽ അതിനുള്ള കാശില്ല…”
അമ്മ സ്‌നേഹത്തോടെ മോനോട് പറഞ്ഞു. പക്ഷേ അവൻ അത് കേൾക്കുന്ന മട്ടില്ല. അവൻ സൈക്കിളിൽ നിന്ന് ഇറങ്ങാൻ തയ്യാറായില്ല.
“ മോനേ ഇറങ്ങ് !”
അത് പറഞ്ഞിട്ട് സുധർമ സുദർശനെ പിടിച്ചിറക്കി. അപ്പോൾ അവൻ വാവിട്ടു കരയാൻ തുടങ്ങി.
സഹികെട്ട് സുധർമ സെയിൽസ് ബോയോട് ചോദിച്ചു:
“ഇതിനെന്താ വില”?
“അയ്യായിരം രൂപ. പത്തു ശതമാനം ഡിസ്കൗണ്ട് ഉണ്ട്. മാനേജരെ കണ്ടാൽ പിന്നെയും അല്പം കൂടി കുറയും “
സുധർമ്മവേഗം മാനേജരുടെ അടുക്കലേക്ക് നടന്നു.
“അലമാര വേണ്ട സാർ പകരമാ സൈക്കിൾ പാക്ക് ചെയ്തേക്കൂ!”
അത് പറയുമ്പോൾ സുധർമയുടെ മുഖം നക്ഷത്രങ്ങളില്ലാത്ത ആകാശം പോലെ ഇരുണ്ടു പോയിരുന്നു. ആ കുഞ്ഞിന്റെ ആഗ്രഹത്തിന് മുന്നിൽ ആ അമ്മ മനസ്സ് കുനിഞ്ഞു പോയി. പക്ഷേ വീട്ടിൽ വന്ന്‌ ആ പൊട്ടിയ കണ്ണാടിയിൽ നോക്കി സുഗുണനോടെന്നപോലെ അവൾ പറഞ്ഞു:
“അന്നു ഞാൻ നിന്റെ കണ്ണുകളിൽ കണ്ട ഒരു പ്രത്യേക തിളക്കമുണ്ടല്ലോ, അതു ഞാൻ നിന്റെ ഈ മകന്റെ കണ്ണുകളിൽ കണ്ടു. അതുമാത്രം മതി ഇന്നും എന്നും എനിക്കു നിനക്കായി ജീവിക്കാൻ”.

തോമസ് കാവാലം.

By ivayana