ഉള്ളതോക്കെ മിച്ചം പിടിച്ചു എങ്ങനെ ഒക്കെ പോയാലും ആഴ്ചവസാനം ഒന്നെങ്കിൽ തേങ്ങ, അല്ലെങ്കിൽ വെളിച്ചെണ്ണ, അലക്ക് സോപ്പ് ഇതൊക്കെ അത്യാവശമായി വേണ്ടി വരും. പറ്റു കടയിലേക്ക് പോകേണ്ട ആൾ ഞാനാണ്. എനിക്കതിൽ അമർഷവും ദേഷ്യവും ഉണ്ടായിരുന്നു. അമ്മയുടെ കൈയിൽ നിന്നും രണ്ടടിയും നുള്ളും കിട്ടികഴിഞ്ഞേ ഞാൻ കടയിൽ പോകാനിറങ്ങു.

രണ്ടു കടകൾ ഉണ്ട്.

ഒന്നു വീടിനു മുകളിലേക്ക് നടന്നു കയറി പോകണം. രണ്ടു വീടിനു താഴേക്ക് കുന്നിറങ്ങി പോകണം. രണ്ടായാലും ഇറക്കം എനിക്ക് ഇഷ്ടമാണ്. ഒരൊറ്റ ഓട്ടത്തിന് താഴെ ഇറങ്ങാം.

മുകളിലത്തെ കടയിൽ, കടക്കാരൻ അന്നാട്ടിലെ ജനങ്ങൾ മൊത്തം നിരന്നു നിൽക്കുമ്പോൾ ഒരുതരം അവജ്ഞയോടെ ചോദിക്കും.

“ഉം. എന്നതാടീ പെണ്ണേ….”

“കാൽകിലോ പഞ്ചസാര. നൂറ് ചായപ്പൊടി.നൂറെണ്ണ.”

“കാശൊണ്ടോ…”

കടയിലെ മുഴുവനും കണ്ണുകൾ എന്റെ നേരെ തിരിയും.

“ഈയാഴ്ച തരാമെന്ന് പറഞ്ഞു…”

“ഇതിപ്പോ എത്രമത്തെ ആഴ്ചയാ…ആ അങ്ങോട്ട് നീങ്ങി നിൽക്ക്…”

ഒരു കാഴ്ച വസ്തുവിനെ പോലെ
കടയുടെ മൂലയിൽ ഞാൻ നിൽക്കും.
പഴക്കുലകൾക്ക് ഇടയിലൂടെ അയാൾ പേപ്പർ നിവർത്തി സാധനങ്ങൾ പൊതിയുന്നതും ചാക്കുനൂല് കൊണ്ട് കെട്ടുന്നതും നോക്കും. അയാളുടെ തലയുടെ മീതെ ഓരോ വട്ടവും ചാക്കുനൂലിന്റെ വലിയ കെട്ട് കിടന്നു കറങ്ങി. ത്രാസിന്റെ തട്ടും നോക്കി അയാൾ നിൽക്കുമ്പോൾ എന്റെ കാല് വേദനിക്കാൻ തുടങ്ങും.

അവസാനത്തെ ആളും പോയി കഴിഞ്ഞു, കടക്കാരൻ നൂറ് ചായപ്പൊടിയും പഞ്ചസാരയും പൊതിഞ്ഞു തരും.

“ഇനി കടം ഇല്ലെന്ന് വീട്ടിൽ ചെന്ന് പറഞ്ഞേര്…”

ഞാൻ പൊതിയും വാങ്ങി ഓടി പോകും.
മുകളിലത്തെ കടയിൽ കടപറ്റങ്ങനെ കിടക്കുമ്പോൾ അടുത്ത ഓട്ടം താഴത്തെ കടയിലേയ്ക്കാണ്.

കടം ആണെന്ന് പറയുമ്പോൾ തന്നെ അയാളുടെ മുഖം ഇരുളും.

“നാളെ തന്നെ തരാൻ പറയണം കാശ്.”

“പറയാം…”

ഞാൻ സ്കൂളിൽ പോകുന്നത് ഈ കടയുടെ മുൻപിലൂടെയാണ്. കാലത്തും വൈകുനേരവും അയാൾ കടയുടെ മുൻപിൽ നിന്നും വിളിച്ചു പറയും.

“എടീ പെണ്ണേ….സാധനം വാങ്ങി പോയിട്ടൊരു അനക്കവും ഇല്ലല്ലോ. കാശ് കൊണ്ടേ തരാൻ പറ….”

പിന്നെ പിന്നെ അയാൾ കട തുറയ്ക്കുന്നതിന് മുൻപേ സ്കൂളിൽ പോകാൻ തുടങ്ങി. തിരികെ വരുമ്പോൾ ആ ഭാഗം എത്തിയാൽ ഒരൊറ്റ ഓട്ടം വെച്ച് കൊടുക്കും. തിരിഞ്ഞു നോക്കില്ല.

ആഴ്ചവസാനം അമ്മ കട പറ്റു തീർക്കുന്ന വരെ ഈ ഓട്ടം തുടരും.

ഒരിക്കൽ സ്കൂളിലേയ്ക്ക് ഒരു 10 രൂപ വേണ്ടി വന്നു. അന്ന് അമ്മ ടൗണിലെ ഒരു കോഴിക്കട മുതലാളിയുടെ വീട്ടിൽ പറമ്പിൽ പണിയ്ക്ക് പോവുകയാണ്.

രാവിലെ പണിയാൻ പോകുന്നതിന് മുൻപ് അമ്മ പറഞ്ഞു.

“നീയാ കോഴിക്കടേന്ന് വാങ്ങിക്കോ…ശനിയാഴ്ച പണികാശ് കിട്ടുമ്പോൾ ഞാൻ കൊടുത്തേക്കാം.”

എട്ടു മണി ആയപ്പോഴേക്കും ഞാൻ കോഴിക്കടയുടെ മുൻപിലെത്തി.
ചുവന്ന പാത്രത്തിലെ ഗോതമ്പ് തിന്നാൻ മത്സരിക്കുന്ന കോഴികളുടെ നടുവിൽ നിന്നും തലയെത്തിച്ച് അയാൾ ചോദിച്ചു.

“ഉം…എന്തുവാ…”

അയാളുടെ ഷർട്ടിനും തീറ്റയെടുക്കാൻ മത്സരിക്കുന്ന കോഴികൾക്കും ഒരേ വെള്ളനിറം.!

“അമ്മ പറഞ്ഞു പത്തു രൂപ മേടിച്ചോളാൻ. പണികാശീന്ന് തരാമെന്ന് പറഞ്ഞു.”

“എന്നാത്തിനാ…”

മുഷിവോടെ അയാളെറിഞ്ഞ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

“സ്കൂളിൽ കൊടുക്കാനാ…”

ഞാൻ ആശയോടെ നിന്നു.
പൈസയില്ലാതെ പോകാൻ വയ്യ. ടീച്ചർ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തും. ഈയിടെയായി മാനാഭിമാനം ഇത്തിരി കൂടുതൽ ആണ്.

അയാൾ വളരെ വിഷമിച്ചു പത്ത് രൂപയുമായി വന്നു. ഞാൻ സന്തോഷത്തോടെ അതു വാങ്ങി സ്കൂളിൽ പോയി.

നാലു മണിക്ക് സ്കൂൾ വിട്ടു തിരികെ വരുമ്പോൾ അയാൾ കോഴിക്കടയുടെ മുൻപിൽ നിൽപ്പുണ്ട്. കൂടെ അമ്മയുടെ സഹോദരനും.
എന്നെ കണ്ടതും മാമൻ ഓടി വന്നു എന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“എടീ നീ ഇയാളുടെ കൈയിൽ നിന്നും കാശ് വാങ്ങീയോ…”

“വാങ്ങി… അമ്മ പറഞ്ഞിട്ടാ വാങ്ങീത്..”

അയാൾ പോരുകോഴിയുടെ കണ്ണുകളോടെ പറഞ്ഞു.

“എന്നോടങ്ങനെ ഒന്നും പറഞ്ഞില്ല. കാശ് വേണംന്ന് പറഞ്ഞു. ഞാനെടുത്തു കൊടുത്തു. എനിക്കിപ്പോൾ എന്റെ പൈസ വേണം.”

“നിനക്കെന്തിനാണ് കാശ്.”

മാമന് എന്നെ വിശ്വാസം ഇല്ലാത്തത് പോലെ.

“സ്കൂളിൽ കൊടുക്കാൻ. അമ്മ അവിടല്ലോ പണി. ശനിയാഴ്ച പണികാശ് കിട്ടുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞു…”

അമ്മാവൻ പോക്കറ്റിൽ നിന്നും പത്ത് രൂപ എടുത്തു അയാൾക്ക് കൊടുത്തു എന്നെ പറഞ്ഞു വിട്ടു. ഞാൻ വലിയ വായിൽ കരഞ്ഞു കൊണ്ട് അമ്മയോട് വിവരം പറഞ്ഞു.

പിറ്റേന്ന് നേരംവെളുക്കുന്നതിന് മുൻപ് അമ്മ അയാളുടെ വീട്ടിൽ ചെന്നു.

“എടോ, ഞാൻ പറഞ്ഞിട്ടാണ് അവള് നിങ്ങളുടെ അടുത്ത് വന്നു കാശ് ചോദിച്ചത്. വെറുതെ ഒന്നും അല്ല. നിങ്ങളെനിക്ക് പണികാശ് ഇങ്ങോട്ട് തരാനില്ലേ….”

“അതല്ല…ഞാനോർത്തു…പത്ത് രൂപ നുണ പറഞ്ഞു വാങ്ങിയതാവുമെന്ന്….”

‘പിന്നേ നിങ്ങളുടെ പത്തു രൂപ കൊണ്ട് വേണമല്ലോ ഞങ്ങൾക്ക് ഏക്കറ് കണക്കിന്
സ്ഥലം വാങ്ങാൻ. തനിക്കത് എന്നോട് ചോദിച്ചാൽ പോരെ. ഞാൻ പറയില്ലേ…”

അമ്മ അവിടെയുള്ള പണി
അന്ന് നിർത്തി. രണ്ടു മാസത്തെ വേനലവധിക്കാലം ഓടിപ്പോയി. അന്നൊക്കെ പാസായോ എന്നറിയാൻ സ്കൂളിൽ പോയി നോക്കണം. ഞാൻ ആ കൊല്ലം എട്ടാം ക്ലാസിലേയ്ക്കായിരുന്നു. റിസൾട്ട് അറിയാൻ അമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.

“ജയിച്ചോടി….”

കുന്ന് ഓടിക്കയറി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടികൊണ്ട് ഞാൻ പറഞ്ഞു.

“ആ ജയിച്ച്…”

“രണ്ടു കൊല്ലം കഴിഞ്ഞാൽ പത്തിലായി…”

ഞാൻ ചിരിച്ചു.
അമ്മയും.
സന്ധ്യ നിഴൽ വീഴ്ത്തിയ മുറ്റത്ത് നന്ത്യാർപൂക്കൾ കൊഴിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു.

By ivayana