പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഉള്ള അഗാധമായ അറിവാണ് പോലീസിലെങ്കിലും ഈ പേരിന് കാരണം.പേര് സൂചിപ്പിക്കും പോലെ ഏത് കാര്യത്തിനും പുള്ളിക്ക് ഉത്കണ്ഠ ഇത്തിരി കൂടുതൽ ആണ്.                          ക്യാമ്പിലെ ഒരു പ്രഭാതം. രാവിലെ തന്നെ മുക്കുന്നിമലയിലെ റയിഡിന് ഉള്ള പുറപ്പാടാണ്. നൂറോളം പേർക്ക് ചുരുങ്ങിയ പ്രാഥമികസൗകര്യം ഉള്ള ക്യാമ്പ്. വിളക്കുകൾ കുറവ്. ഓടിയും ചാടിയും കർമ്മനിരതരാണ് എല്ലാരും. കൃത്യം നാലരമണിക്ക് പുറപ്പെടണം. ഡി. സി. പി ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർ ഉണ്ട്.                            

നാളത്തെ ഡ്യൂട്ടിക്ക് തലേന്ന് ചിന്തിച്ച് ഉറക്കം നഷ്ടപെടുത്തുന്ന ശാസ്ത്രി ഒഴികെ എല്ലാവരും ഹാജർ... ഹാജർവിളിയിൽ ആ അഭാവം ചിരിപടർത്തി. ആദ്യം ഉണർന്ന് അവസാനം എത്തുന്ന പതിവ്..... അതാ വരുന്നു. നടത്തത്തിൽ ഒരു വശപിശക്. പണിക്കർ സാറാണ് അത് കണ്ടെത്തിയത്. ഇടത്തെ കാലിലെ ബൂട്ട് വലത്തേകാലിൽ. വലത്തേകാലിലേത് ഇടത്തും.    ചിരി കൂട്ടച്ചിരിയായി. പോലീസ് ബസ് മുന്നോട്ട് നീങ്ങുമ്പോൾ ശാസ്ത്രിയുടെ ശബ്ദം വീണ്ടും.. "നിർത്തണേ റൗണ്ട് എടുത്തില്ല ".    വീണ്ടും ഓരോട്ടപ്രദിക്ഷണം...... ഇതെല്ലാം എല്ലാം ഡ്യൂട്ടിക്കും പതിവുള്ളത് തന്നെ.  

                      ഡ്യൂട്ടിയിൽ വെള്ളം ചേർക്കുന്ന ശീലം അശേഷമില്ല. ആത്മാർത്ഥയാണ് ഉത്കണ്ഠയായി മാറിയത് എന്നറിയാവുന്ന മേലുദ്യോഗസ്ഥർ അക്കാരണം കൊണ്ട് തന്നെ ചില ഇളവുകളും നൽകിപൊന്നു.         സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്ക് നിന്നപ്പോഴാണ് ഉത്കണ്ഠ അതിന്റെ പാരമ്യത്തിൽ എത്തിയത്. ആർക്ക് സല്യൂട്ട് കൊടുക്കണം ആർക്ക് കൊടുക്കണ്ട അതൊരു ഹിമാലയൻ പ്രശ്നം തന്നെയായിരുന്നു. മന്ത്രിമാർ, സെക്രട്ടറിമാർ, എം. എൽ. എ, എം. പി. കളക്ടർ, ഡി. ജി. പി തുടങ്ങി മേലുദ്യോഗസ്ഥർ വി. ഐ. പി കളുടെ പ്രവാഹം. അതിന് ശാസ്ത്രിക്ക് ഒറ്റ മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പോസ്റ്റിലൂടെ വരുന്ന എല്ലാവർക്കും സല്യൂട്ട്. അങ്ങനെ പരാതിക്കാരനും ചായക്കടക്കാരനും,എന്നുവേണ്ട സകലർക്കും കിട്ടി സല്യൂട്ട്. ആക്കൂട്ടത്തിൽ തട്ടുകട മുരുകൻ മാത്രം പറഞ്ഞു. സാറെ ഞാൻ തട്ടുകട നടത്തുന്ന മുരുകൻ ആണ്. എനിക്ക് സല്യൂട്ട് ചെയ്തത് എന്തിനാണ്?  .... കുഴപ്പമില്ല മുരുകാ     നീ ആരോടും പറയണ്ട.. ആർക്കൊക്കെ കൊടുക്കുന്നു. ഒന്നുമില്ലേലും മുരുകന് സല്യൂട്ട് തന്നപ്പോൾ ഒരു സംതൃപ്തി. എത്രപേർക്ക് ചായയും പലഹാരവും നൽകുന്നു.സല്യൂട്ട് നൽകുമ്പോൾ തിരികെ നൽകാതെ മുണ്ടിന്റെ കോന്തലപൊക്കി നടന്നുപോകുന്നവർ ഉണ്ട് മുരുകാ..... മുരുകൻ ശാസ്ത്രിക്ക് അടിപൊളി ഒരു സല്യൂട്ട് തിരിച്ചുനൽകി...........          

  രാത്രി ഒരു മണിക്ക് ഉറങ്ങാൻ കിടന്ന ശാസ്ത്രി കൊതുകു വലയുടെ ഒരു ചരട് കെട്ടിയത് ധനകാര്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന പടി അടച്ചുകൊണ്ടായിരുന്നു. ബഡ്ജറ്റ് ആയതിനാൽ രാത്രി എന്തോ അവശ്യത്തിന് വന്ന മന്ത്രിയെ കണ്ട് ചരട് അഴിക്കാൻ വെപ്രാളം കാട്ടിയ ശാസ്ത്രിയെ മന്ത്രിഅശ്വസിപ്പിച്ചത് പോലീസിലെ മഹത്തായ സംഭവമാണ്."കൊതുകു വല സംഭവം "എന്ന പേരിൽ അതറിയപെടുന്നു.പഠനവിഷയവുമാണ് .അന്നത്തെ ഉത്കണ്ഠയാണ് രേഖപെടുത്തിയതിൽ ഒന്നാം സ്ഥാനത്തുള്ളത്. 

           ലാത്തിചാർജും, ടിയർഗ്യാസ് പ്രയോഗവും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിൽ ചില്ലറ തേങ്ങയൊന്നുമല്ല ശാസ്ത്രി പഴവങ്ങാടി ഗണപതിക്ക് നൽകിയത്. എങ്കിലും കാറ്റ് ദിശമാറിയാൽ ടിയർഗ്യാസ് എങ്ങനെ നേരിടും എന്ന ഉത്കണ്ഠ സർവീസിൽ നിന്നും വിരമിക്കും കാലം വരെ ഉണ്ടായിരുന്നു.          ലോക്കൽ സ്റ്റേഷനിൽ ശാസ്ത്രി പുലിയായിരുന്നു. ഒറ്റയ്ക്ക് കൊലക്കേസ് തെളിയിച്ച് പോലീസ് സേനയെ ഞെട്ടിച്ചുകളഞ്ഞു. അതിന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചപ്പോൾ ഉത്കണ്ഠയാൽ കണ്ണ്തെള്ളി നാലരമണിക്കൂർ നിന്നെന്ന് ചില അസൂയാലുക്കളായ സഹപ്രവർത്തകർ പറയുന്നുണ്ടെങ്കിലും അതിന്.   വേണ്ടത്ര പിൻബലം നാളിതുവരെ ലഭിച്ചിട്ടില്ല.   

തന്റെ സ്റ്റേഷൻ പരിധിയിൽ മോഷണവും, കൊലപാതകവും, ആത്മഹത്യയും നടക്കാതിരിക്കാൻ   സ്റ്റേഷൻ പരിധിയിൽ ഗണപതിക്ഷേത്രം ഉണ്ടെങ്കിൽ തേങ്ങയടിക്കുക എന്നത് ശാസ്ത്രിയുടെ ശീലമാണ്............

കൊലക്കേസ്തെളിയിക്കാനായത് ശാസ്ത്രിയെ തേടിയെത്തിയ ഭാഗ്യമാണ്. കാമപുരം സ്റ്റേഷനിൽ ആയിരുന്നു ജോലി. അവിടെ ഗോപാലൻ എന്നയാളെ കാണാതായി. മിസ്സിങ്ങിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.മാസങ്ങൾ കഴിഞ്ഞു. ഒരെത്തും പിടിയുമില്ല. നാട്ടുകാർ ആക്ഷൻകമ്മറ്റിയും സമരവും ബഹളവും. നിയമസഭയിൽ വരെ ചർച്ച. മന്ത്രി, ഡി. ജി. പി ഇടപെട്ടു.എസ്. പി. എല്ലാവരെയും കുടഞ്ഞു. അത് അങ്ങനെയാണല്ലോ. ഈ കുടച്ചിൽ മുകളിൽ നിന്ന് താഴോട്ട് താഴോട്ട് ഇറങ്ങിവരും..... അങ്ങനെയിരിക്കെ ഒരവധിദിനം ശാസ്ത്രി മലമടക്കിന് താഴെയുള്ള ഒരു ചെറിയചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം അല്പം മിനുങ്ങുന്ന സമയം.......

തൊട്ടപ്പുറം സേവനടത്തികൊണ്ടിരുന്ന നാല്ചെറുപ്പക്കാരിൽ ഒരുത്തന്റെ വാക്കുകൾ ശാസ്ത്രിയുടെ കർണ്ണങ്ങളിൽ കുളിർമ്മയായി..... തേന്മഴയായി..... ആ വാക്കുകൾ ഇങ്ങനെ....... "എന്നെ അറിയാമല്ലോ.... ഗോപാലന്റെ ഗതിയാകും നിനക്കും.".......     എല്ലാം പെട്ടന്നായിരുന്നു... ആ നാൽവർ സംഘത്തിലെ അഞ്ചാമനായിരുന്നു ഗോപാലൻ. ഒരു മദ്യപാനസദസ്സിലെ തർക്കം. പടക്കം വേണുവിന്റെ ചവിട്ടിൽ ഗോപാലൻ വീണത് കാമപുരത്തെ നാഗപ്പൻ കുന്നിന്റെ അടിവാരത്തിൽ. പിന്നെ പതിവ് നടപടിക്രമങ്ങൾ.        ശാസ്ത്രിയെ തേടി മെഡലുകൾ വന്നുകൊണ്ടിരുന്നു. ഒട്ടേറെ കേസുകൾ തെളിയിച്ചുകൊണ്ട് മേലുദ്യോഗസ്ഥരെ ഉത്കണ്ഠയുടെ മുൾമുനയിൽ നിർത്തി........                 
 പ്രസിഡന്റിൽ നിന്നും മെഡൽ സ്വീകരിക്കുമ്പോൾ പോലും ശാസ്ത്രിയുടെ മനസ് പുതിയ കേസും അത് തെളിയിക്കാനുള്ള ഉത്കണ്ഠയിലുമായിരുന്നു.                   
രാജേഷ് ദീപകം.

By ivayana