ഒഴുകി ഇറങ്ങിയ കണ്ണുനീർ അവൾ ഉടുപ്പ് ഉയർത്തി തുടച്ചു… കണ്ണുനീർ വീണു നനഞ്ഞ ഉടുപ്പിലേക്ക് അവൾ നോക്കി… ഓൺലൈനിൽനിന്ന് വാങ്ങിച്ച ചുവന്ന ഉടുപ്പ്… നെഞ്ചിൽ നീറ്റൽ പടർത്തുന്ന വേദന പിടഞ്ഞുണർന്നു… രണ്ടു വർഷങ്ങൾക്കുശേഷം അയാൾ നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ ഒരുപാട് തെരഞ്ഞ് കണ്ടുപിടിച്ചതാണ് ആ ചുവന്ന ഉടുപ്പ്… അവരുടെ ആദ്യത്തെ രാത്രിയിൽ അവൾ ധരിച്ചിരുന്നത് ചുവന്ന ഉടുപ്പായിരുന്നു… അന്ന് അയാൾ അവളോട് പറഞ്ഞു “ഈ ചുവപ്പ് നിറം നിന്റെ ഭംഗിയെ കൂട്ടുന്നു” എന്ന്…

ഇന്നിപ്പോ….?
കഴിഞ്ഞുപോയ കുറച്ചു നിമിഷങ്ങളെ കുറിച്ച് അവൾ ഓർത്തു… അയാൾ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അത്രമാത്രം സന്തോഷത്തിലായിരുന്നു അവൾ… അയാൾ വന്നപ്പോൾ പഴയ പോലെയുള്ള യാതൊരു തിളക്കവും അവൾ ആ കണ്ണുകളിൽ കണ്ടില്ല… ഫോണിൽ ആയിരുന്നു മുഴുവൻ സമയവും ശ്രദ്ധ… രാത്രി ഭക്ഷണവും കഴിച്ച് ഒരിക്കൽ കൂടി കുളിച്ച് അവൾ ആ ചുവന്ന ഉടുപ്പ് എടുത്ത് ധരിച്ച് കിടപ്പുമുറിയിൽ എത്തി… ഫോണിൽ നോക്കിയിരുന്ന അയാൾ അവളെ ശ്രദ്ധിച്ചതേ ഇല്ല… അവൾ കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ മാറ്റിവെച്ച് അയാളും… മനസ്സ് ആവശ്യമില്ലാത്ത ശരീരത്തിനും മാത്രം പ്രാധാന്യമുള്ള കുറച്ചു നിമിഷങ്ങൾ ഒരു വഴിപാട് പോലെ കടന്നുപോയി… അവൾ ബാത്റൂമിൽ പോയി വരുമ്പോഴേക്കും അയാൾ ഉറക്കത്തിലായിരുന്നു… പഴയപോലെ ആ മടിയിൽ ഒന്ന് കിടക്കണം എന്നും ഒരുപാട് സംസാരിക്കണം എന്നും അവൾക്ക് ഉണ്ടായിരുന്നു… എത്ര സംസാരിച്ചാലും മതിവരാത്ത ആ പഴയ അയാളെ നഷ്ടമായത് ഓർത്ത് എപ്പോഴോ അവൾ കണ്ണീരോടെ ഉറങ്ങി…
രാവിലെ എഴുന്നേറ്റ് പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞ് അയാൾക്ക് അരികിൽ എത്തിയപ്പോൾ അയാൾ ഉണർന്ന് ഫോണിൽ തന്നെയായിരുന്നു… അവളെ കണ്ടപ്പോൾ അയാൾ ഫോൺ ഒരു വശം ചെരിച്ചു പിടിക്കുന്നത് പോലെ അവൾക്ക് തോന്നി…. പരസ്പരം ഒന്നും സംസാരിക്കാൻ ഇല്ലാത്തതിനാൽ എല്ലാം യാന്ത്രികമായിരുന്നു…അവൾ മടങ്ങി…

ഇടയ്ക്കു വീണ്ടും അയാളുടെ അടുത്തേക്ക് എത്തിയപ്പോൾ… അയാൾ ഫോണിൽ സംസാരിക്കുകയായിരുന്നു… അയാൾ വളരെ ആഹ്ലാദത്തിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്… തങ്ങളുടെ പ്രണയകാലത്ത് കണ്ട അതേ മുഖഭാവം… “” ഇന്ന് ലീവ് അല്ലേ”?… അയാൾ ഫോണിലൂടെ ആരോടോ ചോദിക്കുന്നു… അവൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ “ശരി പിന്നെ വിളിക്കാം” എന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു… അയാൾക്ക് അരികിലെത്തി അവൾ ചോദിച്ചു “”ആരോടാണ് ലീവ് അല്ലേ എന്ന് ചോദിച്ചത്..? ” അയാൾ ഒന്ന് ഉരുണ്ടതിനു ശേഷം മറുപടി പറഞ്ഞു.. “” “ഞാൻ ലീവ് ആണ്”എന്നാണ് പറഞ്ഞത്. താൻ വ്യക്തമായി കേട്ട കാര്യം എന്തിനാണ് ഇങ്ങനെ മാറ്റി പറയുന്നത്..?

ഒരു ദിവസം കൂടി കടന്നു പോയപ്പോൾ അവൾക്ക് അതിന്റെ ഉത്തരം കൂടുതൽ വ്യക്തമായി…. നാട്ടിൽ വരുന്നതിന് കുറേ നാൾ മുമ്പ് തന്നെ അയാൾ എപ്പോഴും തിരക്കിലായിരുന്നു… മിക്കപ്പോഴും ഫോൺ എൻഗേജ്ഡ്… ആരാണെന്ന് ചോദിച്ചാൽ എന്തെങ്കിലും ഒക്കെ തട്ടിമുട്ടിയുള്ള ഉത്തരവും… പതിവുപോലെയുള്ള രാത്രികളിലെ കോളോ ചാറ്റോ ഉണ്ടാകാറില്ല… “ക്ഷീണമുണ്ട് നേരത്തെ കിടക്കണം” എന്നുപറഞ്ഞ് ഉറങ്ങാൻ പോകാറുള്ള അയാളെ ഒരു ഉറക്കം കഴിഞ്ഞ് അവൾ എഴുന്നേറ്റു നോക്കുമ്പോൾ എല്ലാം ഓൺലൈനിൽ കാണാറുണ്ടായിരുന്നു… അതിനെക്കുറിച്ച് ചോദിച്ചാൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഉരുണ്ടുകളിക്കും…. എല്ലാത്തിന്റെയും കാരണം ഇപ്പോൾ അവൾക്ക് മനസ്സിലായി…

പലരും അയാളെക്കുറിച്ച് പലതും പറഞ്ഞിട്ടും… അയാളെ ആത്മാർത്ഥമായി സ്നേഹിച്ച്… ഒന്നായപ്പോൾ… ഈ ലോകത്തേക്കാൾ അവൾ അയാളെ വിശ്വസിച്ചിരുന്നു… എല്ലാം ഒരു പാഴ് കിനാവായിരുന്നു… സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായിട്ടും… ഒരാളെ മാത്രം സ്നേഹിച്ച്… അയാളിൽ തന്നെ തീർന്നുപോകുമെന്നുറപ്പിച്ച പ്രണയവുമായി ജീവിച്ച ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി താൻ തന്നെയെന്ന് അവൾ സ്വയം തിരിച്ചറിഞ്ഞു… ഒഴുകിയിറങ്ങിയ കണ്ണുനീരിൽ കാഴ്ച മറക്കുന്ന ചുവപ്പുനിറം പടരുന്നപോലെ…..

By ivayana