രചന : സുനിൽ തിരുവല്ല ✍
നീയേതു അഗ്നികുണ്ഠത്തിലാണെങ്കിലും,
നിത്യചെലവിനായി കാശു കിട്ടേണം.
കടം വീട്ടണം, കറന്റു ചാർജ് അടയ്ക്കണം,
വീട്ടിന്റെ തൂണുകൾ വീഴാതിരിക്കാൻ
നിന്റെ ശ്വാസം പോലും കനകമായി മാറണം.
നിന്റെ വേദന, നിന്റെ സങ്കടം,
വിലപേശിയ കണക്കുകളിലേർപ്പെടില്ല.
നിനക്കു കിട്ടുന്ന
നിന്ദ, അവഗണന,
നിന്നിൽ തന്നെ
എരിഞ്ഞടങ്ങുന്നു !!
ജീവിതം നിന്നെ കത്തിച്ചിരിക്കുന്നു,
നിന്റെ ഉള്ളിലെ തണുപ്പ് വരെ
തീർത്തെരിച്ചെടുത്ത്,
ഒടുവിൽ ചാരമായാൽ പോലും
പോലും കർത്തവ്യം തീർന്നെന്നു
പറയാൻ നിനക്കൊരവകാശമില്ല.
എന്നിട്ടും നീ മുന്നോട്ടു പോകണം,
പിന്നോട്ടടിഞ്ഞാൽ പിന്നെന്ത്?
ഒരിക്കൽ തീപിടിച്ചവൻ,
ചാമ്പലായാലും ചൂട് തരണം!
