ഹന്ത കീടമേ
മദം പൊട്ടുകില്ലെനിക്ക്
നിന്നഹന്തയ്ക്ക് മേൽ
ഇതല്ലാതെ ഒന്നിനുമിന്നാവില്ല
അടിച്ചു പൊട്ടിച്ചതാണീ വലങ്കണ്ണ്
എന്നിട്ടുമിടയ്ക്കിടെ ,
കണ്ണീരൊഴുക്കി ഞാൻ വൃഥാ !
കനത്ത പൊന്നിൻ നെറ്റിപ്പട്ടം
കാലുകളെ പൂട്ടിയിട്ട ചങ്ങല ,
താങ്ങുവാനാവതല്ലായിരുന്നു
ഞാനേറ്റിയ തിടമ്പിന്റെ ഭാരം !
അതും പോരഞ്ഞോ ,
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ഭാരിച്ച മുത്തുക്കുടയും നാലാളു വേറെയും
പഴുത്തൊലിക്കും കാലിൻ വൃണത്തിൽ
ചെളിവാരി പൊത്തിയിട്ടുണ്ട്
അതിനു മേലെയായി കുറെ ചങ്ങലച്ചുറ്റുകൾ
കാതടപ്പിക്കും വെടിയൊച്ചകൾ
വെളിച്ചത്തിൻ മിന്നൽപ്പിണറുകൾ
മണിക്കൂറുകൾ പിന്നിട്ടപ്പോഴും
ഞാൻ അനങ്ങിയില്ല ,
കാഴ്ച പോയൊരീ വലങ്കണ്ണിനുള്ളിലും
തെളിഞ്ഞിരിപ്പൂ
അറ്റം വളഞ്ഞ കൂർത്ത തോട്ടി
തോല് തുളയ്ക്കാനുതകും നീണ്ട കോൽ
ഞരമ്പ്‌ വരെ പൊട്ടിക്കും കാരക്കോൽ
ആണികളാൽ അലങ്കരിച്ച ഇരുമ്പ് വളയം ..
പിന്നെപ്പോഴാണ് എപ്പോഴാണ്
നിൻ ധാർഷ്ട്യത്തിൻ മുന്നിൽ
ഞാൻ സ്വയം മറന്നത് ?
കാലൊന്നാഞ്ഞു പിന്നോട്ടെടുത്തു ,
ഒന്നുറക്കെ ചിന്നം വിളിച്ചു ,
തുമ്പിക്കൈയ്യാൽ നിന്നെക്കോരിയെടു
ത്താകാശം കാട്ടി ,താഴേക്കിട്ടു !
ഭ്രാന്തിളകി,ആൾക്കൂട്ടത്തിന്
ആനയ്ക്ക് മദം പൊട്ടിയെന്നാരോ കൂകി
ഞാൻ അനങ്ങിയില്ല ,
നെട്ടോട്ടമോടിയും നിലവിളിച്ചും
വീണുമുരുണ്ടും ,തമ്മിലിടിച്ചും
ഒന്നിന് മേൽ പലതായി വീണും
ചവിട്ടിമെതിച്ചും ,പാഞ്ഞു നിങ്ങൾ
ഒരു ചിന്നം വിളി കൂടി
നിന്നഹന്തയ്ക്ക് മേൽ അതല്ലാതെ
ഞാനിനി എന്ത് ചെയ്തീടുവാൻ ?
ഹന്ത കീടമേ
അറിയുക
മദം പൊട്ടിയതെനിക്കല്ല ,
നിങ്ങൾക്കല്ലയോ?

സ്മിത പഞ്ചവടി



2016 ലെ സുഗതകുമാരി ടീച്ചറുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനമായിരുന്നു അന്നീ കവിതയെതെഴുതാൻ പ്രേരിപ്പിച്ചത്. ,ആനകളോട് നാം കാട്ടുന്നത് വായിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി .. നമ്മൾ ഉത്സവപ്പറമ്പിൽ പിന്നെയും പോകും .. എഴുന്നള്ളിച്ച് നിർത്തിയ ഗജവീരന്മാരെ നോക്കിപ്പറയും എന്തൊരു തലയെടുപ്പ് .. പത്രത്താളുകളിൽ ഇടയ്ക്കിടെ വന്നു കൊണ്ടേയിരിക്കും ഉത്സവത്തിനിടെ ആന ഇടഞ്ഞ വാർത്തകൾ . . നാം വായിക്കും പേടിക്കും പിന്നെയും ഇത് തന്നെ ആവർത്തിക്കും. ടീച്ചർ പറഞ്ഞത് എത്ര ശരി.മനുഷ്യൻ എന്ന ഭീകരജീവിയെ പറ്റി ഇനി ആശിക്കാൻ എന്തിരിക്കുന്നു !!

By ivayana