രചന : ഷീല സജീവൻ ✍
തളിരിലകൾ പോലുമിളകാത്തൊരീ മഞ്ഞു
പുലർകാലവേളയെൻ നെഞ്ചിനുള്ളിൽ
തളിരിലകൈകളാൽ കോരിനിറച്ചതി –
ന്നൊരുപിടി നനവാർന്നോരോർമമാത്രം
കളിയിലും ചിരിയിലും പിന്നിട്ട ബാല്യവും
കഥയറിയാത്തൊരാ കൗമാരവും
ഇനിയെന്റെ ജീവിത വീഥിയിലങ്ങോളം
ഒരുപിടി നനവാർന്നോരോർമ മാത്രം
നിറമാർന്ന ഭാവന ചിറകു കുടഞ്ഞോരാ
മധുരമാം പണ്ടൊരു നാളിലൊന്നിൽ
പുസ്തക താളിൽ ഞാനെന്നോ കുറിച്ചിട്ടൊ –
രക്ഷരകൂട്ടുകൾ മഞ്ഞുപോയി
അതിമധുര മൃദുലതരം ഒരുകാറ്റു വന്നെന്റെ
തരളതനു മെല്ലെ തഴുകി നിന്നു
ഒരു പ്രണയ മഴതന്റെ കുളിരുമായ്ഞാനെന്റെ
മിഴിയിണകൾ പാതിയടച്ചിരുന്നു
അകലെയൊരുകുയിലിന്റെപാട്ടുകേട്ടെൻ-
മനം അറിയാതെ കോരിത്തരിച്ചിരുന്നു
ഒരുനിലാപാക്ഷിതൻചിറകടികൾകേട്ടുഞാൻ
അതിലോലമെന്തോ തിരഞ്ഞിരുന്നു
മറവികളിൽമാഞ്ഞൊരാസ്‌മൃതികളിൽ-
ഞാനെന്റെ മൗനം പുതച്ചുകാതോർത്തിരുന്നു
സായന്തനത്തിന്റെ കാലൊച്ച കേട്ടുഞാൻ
കാലമിതെത്ര കടന്നുപോയി
( )