സോഷ്യൽ മീഡിയയിൽ
ജീവിച്ചതു മുഴുവൻ
ലൈക്കിനു വേണ്ടിയായിരുന്നു.
സമയം നഷ്ടമായി നിരാശനായ അയാൾ
ഒടുവിൽ കാടുപിടിച്ച് കിടന്ന
തന്റെ പറമ്പിലേക്കിറങ്ങി.
വെട്ടിത്തെളിച്ചു
കിളച്ചു
വിയർത്തു
കൊളസ്ട്രോൾ ഉരുകി
പ്രമേഹം മിണ്ടാതായി
രക്തസമ്മർദം ഒളിച്ചോടി
ശരീരം കൊടുത്തു ആദ്യത്തെ ലൈക്.
വിത്തുപാകി
വെള്ളമൊഴിച്ചു
വളമിട്ടു
പൂവിട്ടു
കായ് നിറഞ്ഞു
കരളു നനഞ്ഞു
മണ്ണു കൊടുത്തു രണ്ടാമത്തെ ലൈക്ക്.
കായറുത്തു
കറിവെച്ചു
രുചിയറിഞ്ഞു
മനം നിറഞ്ഞു
സ്വന്തം വയറു കൊടുത്തു
മൂന്നാമത്തെ ലൈക്ക്.
ചന്തയിൽ പോയി
വിറ്റു
കാശാക്കി
ദാരിദ്ര്യം ഒഴിഞ്ഞു
ഭാര്യ ചിരിച്ചു
വീട്ടുകാർ കൊടുത്തു
നാലാമത്തെ ലൈക്ക്.
തണുത്ത കാറ്റ് വീശി
കിളികൾ പറന്നെത്തി
കുളിരു പടർന്നു
സുഖനിദ്ര പാഞ്ഞെത്തി
പ്രകൃതിയും നൽകി
ചറപറ ലൈക്കുകൾ.
ഇപ്പോൾ
ലൈക്കുകൾ തേടി
നിരാശരായ ചെറുപ്പക്കാർക്ക്
തന്റെ ലൈക്കിന്റെ ലോകം
പകർന്നു കൊടുത്തു മാതൃകയായപ്പോൾ
എല്ലാരും അയാൾക്ക്
നിറയെ ലൈക്കുകൾ
കൊടുത്തു കൊണ്ടിരിക്കുകയാണ്..

By ivayana