കാത്തിരിക്കയാണുദൂരെ പെറ്റുപോറ്റുവോർ,
കടമിടംവാങ്ങി മക്കളെ നഗരത്തിലയച്ചവർ.
കാലംകടന്നുപോകവേ
തങ്ങളിൻകോലമാവാതിരിക്കാൻ!
കണ്ണുകീറിത്തെളിയും പുലരിയിലുണർന്നു പായുന്നവർ.

ആരോടുമാദരവോടെ ചേർന്നുനിൽക്കാൻ,
ആരിലും കനിവിൻ്റെ കടാക്ഷമേകുവാൻ;
ആയുസ്സറ്റുപോകുമൊരുവൻ്റെ ജീവനെ,
ആതുരസേവനത്താൽ പൊതിഞ്ഞു പിടിക്കാൻ!

നന്മതൻ മനസ്സോടെ കഴിയുന്നവരാകാൻ,
നല്ലിളം പ്രായം അവർക്കേറെ ഗുണമെങ്കിലും,
നരകാധിപൻ കാലനായ് മാറി മക്കൾ!
നല്ലൊരാകലാലയത്തിൽ കാപാലികരായ് !!

മറ്റൊരുവൻ്റെ മനവും തനുവും നോവിച്ചിടാനെന്തധികാരം,
മാറുന്നലോകത്തിനൊപ്പം നാറുന്ന കോലമോ നിങ്ങൾ ?
മക്കളേ നാളെനിങ്ങളീ നാടിൻ്റെ നാവാകേണ്ടവർ!

മനുഷ്യനെ മനുഷ്യനായ് കണ്ട് പുലരേണ്ടവർ.
പഠിച്ചു വളരേണ്ടവർനിങ്ങൾ,
പാഴായ്പോയി നിങ്ങളും,പെറ്റവർ ഞങ്ങളും!
പരിഹാരമെന്തിനി പാപമൊഴിഞ്ഞിടാൻ,
പാപികളാക്കി ഞങ്ങളെ നിങ്ങളീ മണ്ണിൽ!!

By ivayana