രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് ✍
വാസവദത്തയാം കാമിനി ഞാന്‍ ,നാഥാ…
ഹതഭാഗ്യയാണു ഞാന്‍ ദേവാ..
അനുവാദമില്ലാതെ പ്രണയിച്ചു പോയി ഞാന്‍
ബുദ്ധസന്യാസിയാം അങ്ങയെ നാഥാ…
ഒരു മാത്ര നേരം വരുകെന്‍റെ ചാരത്ത്
മമപ്രാണന്‍ പിരിയും മുമ്പെന്നെങ്കിലും…
ആയിരം ജന്മത്തിന്‍ പ്രണയമെല്ലാം നിന്നെ
കണ്‍കണ്ട മാത്രയില്‍ വന്നുപോയീ….
പിണ്ഡമായ് പോയൊരീ വാസവദത്തയ്ക്കു
പുണരുവാനാകുമോ മമദേവനേ….
ഒരു മാത്രയെങ്കിലും കരുണതോന്നി…
അണയണേ നാഥാ മമചാരത്തു നീ….
എന്‍കാല്‍ക്കല്‍ ചിതറിയ പൊന്‍നാണയത്തിനും
അപ്പുറമങ്ങയെ പ്രണയിച്ചുപോയ് ….
ഒരുക്ഷണം മാത്രം അരികത്തു കാണുവാന്‍
എന്‍കണ്‍കള്‍ വല്ലാതെ മോഹിച്ചുപോയ് ….
കനവിൽ നീയെത്താത്ത രാവുകളൊന്നും
ഒരുവട്ടംപോലും പുലർന്നതില്ല ….
മണിമന്ദിരത്തിലെ രാവുകൾ തീർന്നിട്ടും
വിതുമ്പുന്നു പ്രണയത്താലെൻ ചിത്തമിന്നും ….
പലവട്ടം മോഹിച്ചു കാത്തിരുന്നിട്ടും
സമയമായില്ലെന്നു നീയന്നു ചൊല്ലി …
അന്ത്യമായ് ഒരു നോക്കു കാണുവാനെങ്കിലും
ഒരു മാത്ര വരുകില്ലീ ശ്മശാന ഭൂവിൽ
നിന്നോടെനിക്കുള്ള പ്രേമദാഹം
അത്രയ്ക്കുമുത്തുംഗമാണറിക….
പിണ്ഡമായ് തീര്‍ന്നോരീ വാസവദത്ത ഞാന്‍
മമ പ്രാണനര്‍പ്പിച്ചു യാചിക്കുന്നൂ….
✍️
