രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️
ആന വിരണ്ടോടിയെന്നോ
വിലയെഴും ജീവനുകൾ കവർന്നെടുത്തുവെന്നോ
ഉന്മത്തനായ് നാശം വിതച്ചെന്നോ
അലറിയങ്ങിങ്ങുപാഞ്ഞെന്നോ
കാരിരുമ്പു കട്ടിച്ചങ്ങല
ഇറുകി കുരുങ്ങി
വ്രണമാർന്ന
കാൽകളും
വലിച്ചവനകലേക്ക്
വിറളിയെടുത്തോടിയെന്നോ
കേൾക്കവേ
ഉച്ചത്തിൽചിന്തിച്ചു പോയ്
ഒരു നിമിഷാർദ്ധത്തിൽ ഞാൻ …….
ഭയാക്രാന്തങ്ങൾക്കിടയിൽ
നാശം വിതച്ചു
പായുവാനിവൻ
കുവലയപീഢമല്ല
കൊലയവനൊരു
വിനോദവുമല്ല
പാവമാസാധു മൃഗം
മൃഗമായതിനാലാകാം
ആസുരവാദനങ്ങൾ ഉച്ചസ്ഥായിയിലേറി
കൊഴുത്തു തിമിർക്കവേ
പകപ്പേറിയും
വെടിയോശകളിലേറെ ഭയമാർന്നും
ഇവ്വിധം നിലമറന്നു പാഞ്ഞോടിയിരിക്കാം!!
കൂപ്പുകളിലിവൻ
ആനയ്ക്കെടുപ്പതു
ഭാരം പേറി
ഏറെ ക്ഷീണിത ഗാത്രനായിരിക്കാം
വിശ്രമമെഴാതുഴറുമവനെ
എഴുന്നെള്ളത്തിന് കരുവാക്കിയിരിക്കാം
കരിയാണവൻ
കറുകറുത്ത തോലിൽ കരാളമാം വെയിൽ
താണ്ഡവമാടുമ്പോൾ
അമ്പേ കുഴഞ്ഞു മടുപ്പാർന്നിരിക്കാം
ആ കൺകളിലെപ്പോഴും
നിഴലിച്ചു കാൺമതു ദൈന്യതയല്ലയോ
ഉത്സവ ഘോഷപ്പെരുമ
പെരുപ്പിക്കുന്നതവൻ്റെ
ഭയ വിഭ്രമങ്ങളെയല്ലയോ?
നെഞ്ചത്തിൽ
തഞ്ചുമനുകമ്പ
കൈവിടാതൊന്നു നോക്കിയാൽ
കണ്ടിടാമാ നിസ്സഹായൻ്റെ
ദൈന്യത കത്തുന്ന കണ്ണോട്ടം
കേട്ടീടാമാ സഹ്യപുത്രൻ്റെ
മനമാർന്ന പ്രാർത്ഥന
കാട്ടിലേറെയുല്ലാസഭരിതനായ്
പ്രിയരോടൊത്തു
പുലർന്ന നാളുകൾ
എന്തിനായ് തട്ടിയെടുത്തു
ക്രൂരതേ
നിൻ്റെ പേരല്ലേ മാനവൻ
കാരക്കോലും തോട്ടിയുമായൊരു
വന്യ ജീവനെയിമ്മട്ടു
പീഢിപ്പിച്ചുല്ലാസം കൊൾവതു
നീതിയല്ലതു നീതിഭംഗം
മർത്ത്യ ഗർവ്വത്തിൻ
നേർമുഖം!!!