രചന : ഷിബിത എടയൂർ ✍
അണച്ചിട്ടുമണയാത്ത
വിളക്കുകളുള്ളൊരു
വീട്
നഗരമധ്യത്തിൽ
ബാക്കിയാവുന്നു.
ഇരുനിലയിലത്,
മുറികളടയ്ക്കാതെ
പോയവരുടെ
മടക്കമോർത്ത്
രാവില്ലാതെ
പകലില്ലാതെ
തേങ്ങിക്കൊണ്ടിരിക്കുന്നു.
വരുമായിരിക്കുമെന്ന്
ഓർമയുടെ
വളവുകളിലെ
കണ്ണാടിയിൽ
പരതുന്നു
ഇല്ലെന്ന നിരാശയിൽ
ഇരുമ്പുകവാടം
അലറിക്കൊണ്ടടയുന്നു.
ഉപേക്ഷിക്കപ്പെട്ട
വീടുകളേക്കാൾ
വിള്ളലുണ്ടാകുന്നത്
ഒരു ദിനത്തിന്റെ പാതിയിൽ
നിന്നനിൽപ്പിലിറങ്ങിപ്പോകുന്ന
മനുഷ്യരെ പോറ്റുന്ന
വീടുകൾക്കാണ്,
കൈകളില്ലാത്തവറ്റ
എത്രതരം
വിശപ്പുകളോട്
പ്രതികരിക്കണം,
തുറന്നിട്ട
ജനാലയിലൂടെ
അകത്തെത്തുന്ന
അപരന്റെ നോട്ടത്തിൽ
ലജ്ജിച്ചിട്ടുമൊന്ന്
മുഖംപൊത്താനാകാതെ
എത്രകാലം
ഒരേ നിൽപ്പു നിൽക്കണം.
പിടികൊടുക്കാത്ത
പാർപ്പുകാരുടെ
വീടുപോലെ
മാറ്റിനിർത്തപ്പെടുന്ന
വർഗം വേറെയില്ല.
