രചന : ശ്രീകുമാർ പെരിങ്ങാല.✍️
ഏറ്റവും സ്വസ്ഥതയാർന്നൊരു ജീവിത-
മാണിൻ്റെ ജന്മമാണെന്നു ചൊല്ലുന്നവർ
എങ്കിലും കേട്ടിടാമാവീരഗാഥകൾ
പാണൻ്റെ പാട്ടുപോലുള്ളതല്ലെങ്കിലും.
മാതാപിതാക്കൾതന്നാഗ്രഹം സാധ്യമാ-
യാദ്യം ബലി കൊടുക്കുന്നുതന്നിച്ഛകൾ
തന്റെ മോഹങ്ങളെ ഹോമിച്ചിടുന്നവ-
നുറ്റവർതന്നുടെയാശകൾ നെയ്യുവാൻ.
ആശ്രിതർതന്നുടെ സ്വപ്നങ്ങളൊക്കെയും
സ്വന്തമിഷ്ടങ്ങളായ് കൊണ്ടുപോയീടണം
കഷ്ടനഷ്ടങ്ങളെ നെഞ്ചിലൊടുക്കിയാൾ
പുഞ്ചിരിപ്പൂവതിൻമേലെ വിരിച്ചിടും.
കൈയിലോ കാലണയില്ലെന്ന സത്യവു-
മാരുമറിയാതിരിക്കണമെന്നുമേ
സർവ്വഥാ വേലചെയ്തീടുന്നുമെന്നുമാ
വീടിൻ്റെ ഭദ്രത കാത്തുസൂക്ഷിക്കുവാൻ.
സോദരിമാർക്കൊരു ജീവിതം വന്നിടാൻ
സ്വേദകണങ്ങളെത്തൂവേണമൊത്തിരി.
വായ്പ്പകളോരോന്നെടുക്കണം പേരിലായ്
ചേലൊത്ത ജീവിതം കൊണ്ടുപോയീടുവാൻ.
വാഹനവായ്പ്പയും വീടിൻ്റെ വായ്പ്പയും
മക്കൾതൻശിക്ഷണവായ്പ്പകൾ വേറെയും
കാട്ടിലും മഞ്ഞിലും മരുഭൂമിതന്നിലും
ഹോമിച്ചിടുന്നവൻ നല്ല കാലങ്ങളെ.
ജീവതം പാളത്തിലോടിച്ചു പോകുവാ-
നഭ്യാസമെത്രയോ കാട്ടുന്ന സാരഥി
മക്കൾതൻമംഗലം ചെയ്തുകണ്ടീടുവാൻ
കാലിയാക്കുന്നുതന്നാസ്തികളത്രയും.
പിന്നിലാ വാഴ്വിൻ്റെ ഭാണ്ഡങ്ങൾ പേറിയും
ശീതളച്ചാമരം വീശുന്ന മാന്ത്രികൻ
പൊള്ളിക്കരിയുന്ന നേരത്തുപോലുമാ
വൃക്ഷത്തണൽഛായ നൽകുന്ന ജീവിതം.
എങ്കിലും കേൾക്കണം നിന്ദകളത്രയും
“സ്നേഹമില്ലാത്തവൻ, കാര്യമില്ലാത്തവൻ”
എന്തുചെയ്തീടിലും കുറ്റപ്പെടുത്തുവാ-
നുറ്റവർതന്നെയാണെന്നുമാ വീഥിയിൽ.
മക്കളെ തെല്ലൊന്നു ശാസിച്ചുപോവുകിൽ
ദുഷ്ടനാം താതനായ് മാറിടുന്നോരിവർ
എങ്കിലാശാസന വേണ്ടെന്നു വെയ്ക്കുകിൽ
ബോധമില്ലാത്തൊരു വിഡ്ഢിയാനായിടും..
അമ്മയെ ചെറ്റൊന്നു സ്നേഹിച്ചു പോകിലോ
അമ്മമോനെന്നൊരു ചൊൽപ്പേരുവന്നിടും
പത്നിതൻവാക്കൊന്നു കേട്ടുപോയീടിലോ
ആണത്തമില്ലാത്ത പെൺകോന്തനായിടും.
ഈവിധം വീടിൻ്റെ നാഥനായ് വാഴുവാൻ
ക്ലേശക്കടൽക്കയമെത്രയോ താണ്ടണം.
ദൂരങ്ങൾ താണ്ടിയാൾ വാർദ്ധക്യമെത്തവെ
തള്ളിപ്പറയുന്ന മക്കളാണേറെയും.
ആരുമേകാണാതെ, മിണ്ടാതെ, മൗനമാ-
യെത്രയോ ജീവിതം പോകുന്നുണ്ടീവിധം
ചെയ്യുന്നതൊക്കെയും കർമ്മങ്ങളാകയാൽ
കൊട്ടിഘോഷിക്കേണ്ടതുണ്ടോയിന്നീവിധം.
©️®️
