രചന : നിവിയ റോയ് ✍
യഥാർത്ഥ സംഭവം ,പേര് മാത്രം വ്യത്യാസം.
സോമു അവന്റെ അമ്മയെപ്പോലെ വെളുത്തിട്ടായിരുന്നില്ല.അവന്റെ അച്ഛൻ അവനെ ഉപേക്ഷിച്ചു പോകുമ്പോൾ അയാളുടെ നിറം മാത്രമേ അവനു നല്കിയിട്ടുണ്ടായിരുന്നുള്ളു. അവന് അവന്റെ അമ്മയുടെ പോലെ നല്ല ഭംഗിയുള്ള മുഖമായിരുന്നു .
അവന്റെ അമ്മ അമ്പലത്തിലെ പണികൾ ചെയ്യ്തും. അവിടെ അടുത്തുള്ള ഗവണ്മെന്റ് ജോലിക്കാരുടെ വീടുകളിൽ ജോലി ചെയ്യ്തുമൊക്കെയാണ് അവനെയും അവന്റെ ചേച്ചിയെയും നോക്കിയിരുന്നത്.
ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ അവന്റെ അമ്മ ചുറ്റുവട്ടത്തുള്ള കഥകളൊക്കെ
പറഞ്ഞിരുന്നു .അവർ ആരെക്കുറിച്ചും മോശമായി സംസാരിച്ചിരുന്നതായി ഞാൻ ഓർക്കുന്നു പോലുമില്ല .ഞാൻ ആദ്യമായി അവനെ കാണുമ്പോൾ ബട്ടൻസ് തെറ്റിച്ചിട്ട ഷർട്ടും ആരോ കൊടുത്ത നിറം മങ്ങി നിരച്ച മുക്കാൽ പാന്റ്സുമായിരുന്നു അവന്റെ വേഷം .
എന്റെ അമ്മ അവന് പാത്രത്തിലിട്ട് കൊടുത്ത വെള്ളയും ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള മക്കറോണി ബിസ്‌ക്കറ്റ് കൗതുകത്തോട് നോക്കിയിട്ട് മഞ്ഞ ബിസ്ക്കറ്റ് എടുത്ത് അതിന്റെ വക്ക് കടിച്ചു തിന്നിട്ട് ബാക്കി പോക്കറ്റിൽ ഇട്ടു. അവന്റെ ചേച്ചിക്ക് കൊടുക്കാനായി.ഞാൻ ഇത് ഓർത്തിരിക്കുവാൻ ഒരു കാരണമുണ്ട് .അവൻ വെള്ള മക്കറോണി ബിസ്ക്കറ്റ് എടുക്കരുതേ എന്ന് ഞാനാശിച്ചു.എനിക്ക് അത് ഭയങ്കര ഇഷ്ടമായിരുന്നു.ചില അല്പത്തരങ്ങളൊക്കെ എപ്പോഴും നമ്മുടെ കൂടെയുണ്ടാവും .
എവിടെ വീട്ട് ജോലിക്ക് പോയാലും അമ്മ അവനെയും കൂടെകൂട്ടിയിരുന്നു .അവർക്ക് അവിടുന്ന് അവരു കൊടുക്കുന്ന ഭക്ഷണം അവർ രണ്ടായി പകുക്കും.അവനുള്ള ഭക്ഷണം അടുക്കള പുറത്തിരുത്തി അവന് കൊടുക്കും .അവനത് കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ അവന്റെ അമ്മയുടെ വയറും നിറയും . മറ്റേ പങ്ക് വാഴയിലയിൽ പൊതിഞ്ഞു അവന്റെ ചേച്ചിക്ക് കൊണ്ടു പോകും.
അവിടെയുള്ള എൻജിനീയരുടെ വീട്ടിലെ ജോലിക്ക് പോകുമ്പോൾ അവനെയും കൂട്ടും അവിടെയുള്ള കുട്ടിക്ക് അവനെ നല്ല ഇഷ്ടമാണ് .അവനെപ്പോഴും ആ കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്നത് കാണാം . കുറച്ചു നാള് അവരെ രണ്ടാളെയും ആ വഴിക്ക് കണ്ടില്ല .ഒരിക്കൽ അവന്റെ അമ്മ .എണ്ണ പുരട്ടാതെ മുടി മെടഞ്ഞിടാതെ പാറിപറന്ന്,
കരഞ്ഞു വീർത്ത മുഖവുമായി ഞങ്ങളുടെ വീട്ടിൽ വന്നു ഒറ്റയ്ക്ക് …പടിക്കെട്ടിൽ കൈകുത്തിയിരുന്നുകൊണ്ട് അവർ പറഞ്ഞു എന്റെ മകനെ പോലീസ് പിടിച്ചോണ്ട് പോയീ.ആ എഞ്ചിനീരിന്റെ കുഞ്ഞിന്റെ സ്വർണ്ണ മാല കാണാതെ പോയി .എന്റെ മകനാണ് എടുത്തതെന്നും പറഞ്ഞു പോലീസ്കാര് അവനെ കൊണ്ടുപോയി തല്ലിച്ചതച്ചു.കുറച്ചു നേരം അവർ സാരിതുമ്പിൽ മുഖം പൂഴ്ത്തിക്കരഞ്ഞു. അയാളുടെ വീട്ടിൽ അന്ന് എത്ര പേര് അയാളെ കാണാൻ വന്നു.ഞാനാണ് അവർക്കൊക്കെ ചായയിട്ടു കൊടുത്തത്, എന്നിട്ടും എന്റെ മോനാണ് കളവ് നടത്തിയതെന്ന് പറഞ്ഞു .
ഞാൻ സ്റ്റേഷനിലേക്ക് ഓടി ചെല്ലുമ്പോൾ പുറത്ത് സോമുവിന്റെ നിലവിളികേൾക്കാമായിരുന്നു .അവന്റെ കാലുകൾ രണ്ടും കൂട്ടിക്കെട്ടി ബെഞ്ചിൽ നീട്ടിയിരുത്തി ഒരു കാക്കികുപ്പായക്കാരൻ അവന്റെ കാൽവെള്ളയിൽ ചൂരലുകൊണ്ട് അടിക്കുകയാണ്.ഓരമ്മയ്ക്ക് എങ്ങനെ സഹിക്കാൻ പറ്റും .പിന്നെയവർ തലക്കടിച്ചു ഉറക്കെ കരഞ്ഞു.എന്റെ മക്കളെ ഞാൻ കക്കാൻ പഠിപ്പിച്ചിട്ടില്ല ….ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ ….അങ്ങനെ എന്തൊക്കയോ അവർ പുലമ്പിക്കൊണ്ടിരുന്നു.
എന്റെ അമ്മയും അവർക്കടുത്തിരുന്നു കരഞ്ഞു. നീര്മണികൾ തിങ്ങിയ കണ്ണുമായി ഞാൻ മുറിയിലേക്ക് തിരിഞ്ഞു നടന്നു . ഇന്നും ഓർക്കുമ്പോൾ കണ്ണു നിറയും. എന്റെ അനിയനെപോലെയായിരുന്നു അവനെനിക്ക്.
സോമുവിന്റെ ദാരിദ്ര്യമാണ് അവനാണ് മാല കട്ടടുത്തതെന്ന് കാണിച്ചു കൊടുത്തത്.
അന്നുതന്നെ ആ മാല എൻജിനീയറുടെ വീട്ടിൽ നിന്നു തന്നെ കിട്ടി.
എനിക്ക് സോമു എന്നും സത്യസന്ധനാണ് .
എനിക്കൊരു ഒറ്റക്കൽ മോതിരമുണ്ടായിരുന്നു കുറച്ചു അയവുള്ള മോതിരം .ചാറ്റൽ മഴ പെയ്യുന്ന ഒരു വൈകുന്നേരം കുട്ടിയമ്മ ടീച്ചിറിന്റെ വീട്ടിലെ ട്യൂഷൻ കഴിഞ്ഞു മഞ്ഞ കുഞ്ഞിപൂക്കളുള്ള നീലക്കുട വെറുതെ കറക്കി ഇറക്കം ഇറങ്ങി വന്നപ്പോഴാണ് എനിക്ക് മനസ്സിലായത് വിരലിൽ മോതിരമില്ല.
ഞാൻ ആകെപരിഭ്രമിച്ചു. ടീച്ചറിന്റെ വീട്ടിലേക്ക് തിരിച്ചു നടന്നു. ഇടയ്ക്ക് ചുറ്റും വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിൽ കണ്ണുകൾ പരതുന്നുണ്ട്. അപ്പോഴാണ് സോമു ഇറക്കം ഇറങ്ങി ഓടിവരുന്നത് .ചേച്ചി ഇത് നിങ്ങടെ അല്ലെ എന്ന് ചോദിച്ച് അവൻ എനിക്ക് നേരെ നീട്ടിയആ തിളഞ്ഞുന്ന മോതിര കല്ലാണ് ഇപ്പോഴും അവനെനിക്ക് .അവന്റെ അമ്മ അന്ന് ജോലിക്ക് വന്നത് ടീച്ചറിന്റെ വീട്ടിലാണ് .ഞങ്ങളുടെ കൂട്ടത്തിൽ ടീച്ചർ അവനെയും പിടിച്ചിരുത്തി സ്ളേറ്റിൽ കണക്കുകൾ ഇട്ട് കൊടുക്കുന്നുണ്ടായിരുന്നു .
കാലം അവനെ ഒരു സത്യസന്ധനായിട്ടാണ് വാർത്തെടുത്തത് . ആരും ചോദിക്കാനും പറയാനുമില്ലാത്ത അവനെ ശില്പികളെന്നു സ്വയം ധരിച്ച ആരൊക്കയോ
ഉളികൊണ്ടടിച്ചു വികൃമാക്കി.പിന്നീട് സിനിമാ കഥയിലെ നായകനെപ്പോലെ അവൻ പഠിച്ചു വല്യ പോലീസ് ഓഫീസർ ഒന്നുമായില്ല .
ഇത് ജീവിതമാണ് .പരിഹസിക്കുന്ന ഇരുത്തം വന്ന മുഖങ്ങളെ നോക്കി ഞാൻ തെറ്റുകാരനല്ലെന്ന് തലയുയർത്തി പറയുവാൻ അവന്റെ ബാല്യത്തിന് കരുത്തില്ലായിരുന്നു .
അവന്റെ സ്കൂളിൽ പോക്ക് മുടങ്ങി.
പിന്നീട് എന്തൊക്കയോ കച്ചവടം ചെയ്തു. എങ്ങുമെത്താതെ അവൻ പലവേഷങ്ങൾ കെട്ടി ജീവിക്കുവാൻ….
പിന്നീടൊരിക്കൽ നാട്ടിൽ ചെന്നപ്പോൾ അവനെ കണ്ടു,കാതിൽ കടുക്കനിട്ട് കാലിൽ ചരടുകെട്ടി കൈയിൽ കരിവളയിട്ട് ഒരു ലഹരിയിൽ ആടിയുലഞ്ഞു പോകുന്ന ഒരു യുവാവ് . വേഷപ്പകർച്ചകളിലൂടെ ഞാൻ സോമുവല്ലെന്ന് അവൻ സ്വയം തിരുത്തുന്നതാകാം….