രചന : ഗഫൂർകൊടിഞ്ഞി✍
ഓർക്കാപ്പുറത്ത്
ഒരു നൂറ്റാണ്ടിനപ്പുറത്ത് നിന്ന്
ഒരു വെടി പൊട്ടി.
പന്താരങ്ങാടിയിൽ നിന്ന്
അത് തിരൂരങ്ങാടിയിലേക്കും
അവിടെ നിന്ന് ഏറനാട്ടിലേക്കും
പിന്നെ മലബാറിലാകെയും
മാലപ്പടക്കം പടർന്നു പൊട്ടി.
പക്ഷെ ആ ദുസ്വപ്നം
ഞാൻ മാത്രമാണ് കണ്ടത്
എന്റെ ഉറക്കം മാത്രമാണ് മുറിഞ്ഞത്.
ഉറക്കം നടിച്ച് കിടന്നവരും
പകലുറക്കത്തിന്റെ ദിവാസ്വപ്നത്തിൽ
മലർപൊടിയേറ്റി മയങ്ങിയവരും ഞെട്ടിയില്ല
വെടി പൊട്ടിയതു പോലും
അവരറിഞ്ഞു കാണില്ല.
ഒരു പക്ഷെ
അവരാ ശബ്ദം കേട്ടിട്ടുണ്ടാവണം
ആ കിനാവവരും കണ്ടിട്ടുണ്ടാവണം
പൂരപ്പറമ്പിലെ കരിമരുന്നു പ്രയോഗമായ്
ആസ്വദിക്കുകയാവണം.
അല്ലെങ്കിൽ അർദ്ധരാത്രിയിലെ
അങ്ങാടിയിലെ ആർപ്പുവിളിയെന്ന്
അവജ്ഞയോടെ അവഗണിച്ച് കാണണം
ഭയം ഗ്രസിച്ച് മിടിക്കുന്ന ഹൃദയവുമായി
ദിശ മാറി തിരിഞ്ഞ് കിടന്നിട്ടുണ്ടാവണം
എണീറ്റ് മൂത്രമൊഴിച്ച് വന്ന്
സ്വന്തം വീട് സുരക്ഷിതം
എന്ന് ശ്വാസമയച്ചിരിക്കണം.
മുറ്റത്ത് കാവൽ നായ്ക്കുരയിൽ
എല്ലാം ജാഗരൂകമാണെന്ന് സമാധാനിച്ചിരിക്കണം.
കെട്ട്യോൾ അപ്പുറത്തേക്ക് തിരിഞ്ഞവിടെ
കിടപ്പുണ്ടെന്ന് ആശ്വാസിച്ചിരിക്കണം.
കുട്ട്യോൾ മൊബൈൽ തോണ്ടിത്തളർന്നും
ലാപ് ടോപ്പിലെ ചാർജ് തീർന്നും
തളർന്നുറങ്ങുന്നത് കണ്ട്
കോൾമയിർ കൊണ്ടിരിക്കണം.
പിറ്റേന്ന് പുലർച്ചെ
പതിവ് വിട്ടൊന്നും സംഭവിക്കാത്ത മട്ടിൽ
ആൾക്കൂട്ടം നാൽക്കവലയിൽ
ആഘോഷപ്പെരുമഴ കൊള്ളുമ്പോൾ
ഖദർ ധാരികൾ വിപ്ലവത്തെക്കുറിച്ച്
വാതോരാതെ വായ്ക്കരിയിടുമ്പോൾ
രക്തസാക്ഷിൾക്ക്
അണികൾ പുഷ്പാർച്ചന നടത്തുമ്പോൾ
അവരാഹ്ലാദക്കുരവയിടുമ്പോൾ
നീതിപാലകർ കാവൽ നായ്ക്കളെ പോലെ
നിസ്സഹായതയിൽ കിതക്കുമ്പോൾ
മത വേദികൾ ധാർമ്മികതയിൽ
പുലഭ്യങ്ങൾപുരട്ടി ചീമുട്ട കണക്കെ
വഴിപോക്കരെ എറിയുമ്പോൾ
പരസ്പരം മുണ്ട് പൊക്കി പോർവിളിക്കുമ്പോൾ
വഴിവക്കിൽ യുവത്വം
ബീവറേജിന് മുന്നിലെ
നിര നീണ്ട് പോകുന്നവരിയിൽ
അക്ഷമം ഊഴം കാത്തു നിൽക്കയാണ്.
കൗമാരം എംഡി എമ്മെയിൽ
കുഴിമന്തി കൂട്ടിക്കുഴച്ച്
കലഹം കൂട്ടുകയാണ്
മാളുകൾക്ക് മുന്നിലെ
ട്രാഫിക് ജാമുകളിൽ
നിർത്താതെ ഹോണടി തുടരുകയാണ്.
അധികാര പ്രതിപുരുഷന്മാരും
പുരോഹിത നാട്ടരചന്മാരും
ലഹരി വിഴുങ്ങിയ വഴിവക്കിലൂടെ
കോട്ടുവായിട്ട് ഉറക്കത്തിലേക്ക്
ആത്മവിശ്വാസത്തോടെ
വഴുതി വീഴുകയാണ്.
