രചന : ദേവിക നായർ ✍
ഒരു പുരുഷൻ്റെ മനോവ്യസനം പലർക്കും മനസ്സിലായെന്ന് വരില്ല. അവൻ മിക്കവാറും കരയാറില്ല, അവൻ്റെ മുഖത്ത് ഭാവങ്ങൾ വന്നെന്ന് വരില്ല, പോയി കട്ടിലിൽ കമിഴ്ന്ന് കിടന്ന് തേങ്ങാറില്ല, പ്രശ്ന പങ്കില നിമിഷങ്ങൾ വന്നാൽ ഒരു നെടുവീർപ്പിട്ടെന്നു വരാം. അവൻ്റെ സങ്കടങ്ങൾ പൊതുവേ മറ്റാരോടും പറയാൻ ശ്രമിക്കാറില്ല. അത്രക്ക് ഉറ്റ സുഹൃത്തുക്കൾ ഉണ്ടേൽ എന്തെങ്കിലും പറഞ്ഞാലായി.അതും ചുരുക്കം ചില വാക്കുകളിൽ.
കുടുംബ ഭാരം കൊണ്ടും, ജീവിത ഭാരം കൊണ്ടും, സാമ്പത്തിക ഭാരം കൊണ്ടും പല തവണ അവൻ തകർന്നു പോകാറുണ്ട്. വീട്ടിലെ ആവശ്യങ്ങളോട് പൊതുവേ ഇല്ല എന്ന് പറയാറില്ല, മുന്നിൽ വഴികളില്ലെങ്കിലും നോക്കാം, ശ്രമിക്കാം നമ്മുക്ക് ശരിയാക്കാം എന്ന വാക്കുകളിൽ അവൻ വീട്ടുകാർക്ക് പ്രതീക്ഷകൾ കൊടുക്കാറുണ്ട്.
പക്ഷേ പുരുഷൻ പൊതുവേ വികാര പ്രകടനങ്ങൾ നടത്താത്തത് കൊണ്ട് അവനെക്കുറിച്ച് വീട്ടിലെ അല്ലെങ്കിൽ പൊതുവേയുള്ള സ്ത്രീകൾ പറയുന്ന കാര്യമുണ്ട്.
“നിങ്ങൾക്കെന്താ പ്രശ്നം, നിങ്ങളിങ്ങനെ ഒരു കൂസലും ഇല്ലാതെ നടന്നോ, നിങ്ങൾക്ക് എന്തെങ്കിലും അറിയണോ, ഇവിടെ തീ തിന്നുന്നത് ഞങ്ങള് സ്ത്രീകളാണ്”
ബെസ്റ്റ്, അങ്ങനെയാണ് വരിക. ഇനിയും അങ്ങനെ തന്നെയാണ് പറയാനും പോകുന്നത്. അത് അറിയാവുന്നത് കൊണ്ട് വല്ല്യ കുഴപ്പമില്ല. ഈ വർത്തമാനം തുടരുക.
മൂഡ് സ്വിങ്, ദേഷ്യം, സമ്മതം തുടങ്ങി ഒരുപാട് വിഷയങ്ങൾ സ്ത്രീകളുടെ വായിൽ നിന്ന് കേൾക്കാറുണ്ട്. അതെല്ലാം സത്യവുമാണ്. സ്ത്രീകളുടെ ഈ മൂഡ് സ്വിംഗ് ദേഷ്യത്തിൻ്റെ ഇരകൾ മിക്കപ്പോഴും മക്കളും ഭർത്താക്കന്മാരുമാണ്. പക്ഷേ ഇതേ മൂഡ് സ്വിങ്ങ്, വൈകാരിക ദുഃഖം, ആകുലത, തുടങ്ങി എല്ലാതും പുരുഷനും ഉണ്ടെന്നുള്ള സത്യം വിവേകമുള്ള ചില സ്ത്രീകൾ ഇവിടെ പങ്ക് വെച്ചിട്ടുണ്ട്. അവരോട് ബഹുമാനവും തോന്നിയിട്ടുണ്ട്. പക്ഷേ ബാക്കിയുള്ള ബഹു ഭൂരിപക്ഷം സ്ത്രീകളും പുരുഷനൊരു ശിലയല്ല മനുഷ്യനാണ് എന്ന വസ്തുത എന്ന് മനസ്സിലാക്കുമോ ആവോ? ഒന്ന് വെറുതെ ഇത്തിരി നേരമിരിക്കാമെന്ന് കരുതി പുരുഷൻ ഒറ്റക്കിരുന്നാൽ, അവനെ ശല്ല്യം ചെയ്യാത്ത എത്ര ഭാര്യമാരുണ്ട്.
ഓരോന്നും പറഞ്ഞ് ചെല്ലും,
പക്ഷേ സ്ത്രീകൾ നിങ്ങളുടെ മൂഡ് Swing സമയത്ത് നിങ്ങള് പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് പറയുമ്പോൾ ഇതേ പരിഗണന തിരിച്ചും കൊടുക്കാൻ നിങ്ങളും ബാധ്യസ്ഥരാണ്. ദേഷ്യവും, സങ്കടവും, വെറുപ്പും, ഇണക്കവും, പിണക്കവും പുരുഷനുണ്ട്. പറഞാൽ തീരാത്ത കാര്യങ്ങള് പറയാനുണ്ട്.
അവൻ്റെ വൈകാരിക പ്രശ്നങ്ങൾ ക്ഷമയോടെ, തർക്കം കൂടാതെ, വാദിക്കാതെ കേൾക്കാൻ ആരെങ്കിലും തയ്യാറാവുമോ? എവടെ! ഇനി കേട്ടാൽ തന്നെ ഒന്ന് വിതുമ്പി പോയാൽ തന്നെ കേട്ടവർ തന്നെ പിന്നീട് പറയും, അയ്യേ ആണത്തമില്ലാത്ത ലോല മനുഷ്യനെന്ന്. ഭാര്യമാർ ആണേൽ എന്തെങ്കിലും വഴക്ക് കൂടിയാൽ ഇതെടുത്ത് കുത്തും. ഏറ്റവും നല്ലത് ആണുങ്ങളെ വ്യസനം വരുമ്പോൾ നിങ്ങളുടെ ബൈക്ക് എടുത്ത് ഏതെങ്കിലും പാടവരമ്പത്ത് പോയിരിക്കുക. അല്ലേൽ പോയി രണ്ട് പൊറോട്ടയും ഇറച്ചി ചാറും തിന്നുക.
NB: പലരും വ്യത്യസ്തരാണ്, ആയതിനാൽ ഇത് സാർവത്രികമായി കാണരുത്.