കൽപാന്ത കാലം മുൻപേ ഭൂമിയിൽ പുതഞ്ഞാണ്ട്
ശപ്തയാ യഹല്ല്യേ സ്ത്രീ രൂപമാം ശിലയായി-
ശാപ മോക്ഷവും കാത്തിട്ടെത്രയോ യുഗങ്ങൾ നീ
രാമനേ തപം ചെയ്തു ഭൂമിയിൽ കിടക്കുന്നു .
ആഞ്ഞടിച്ചീടും കാറ്റിന്നാരവം നാരീ നിൻറെ-
ആർത്തനാദമായെന്റെ ചുറ്റിലും മുഴങ്ങുന്നു .
ആർത്തലച്ചോരം തേടി വന്നിടും തരംഗങ്ങൾ
പേർത്തിടും സ്ത്രീയേ നിന്റെ തേങ്ങലോ നെടുവീർപ്പോ .
സർവവും സഹിക്കുന്ന ഭൂമി തൻ മടിത്തട്ടിൽ
സർവവും ബലിയായി ട്ടേകുവോരല്ലോ നിങ്ങൾ
ആയിരം കാതങ്ങൾക്കു മപ്പുറം മുഴങ്ങുന്ന –
കാലടി ധ്വനിക്കായി കാതോർത്തു കിടക്കുന്നോർ
കാല ഭേദങ്ങൾ താണ്ടി വന്നിടും ഭഗവാൻറെ-
പാദവിന്ന്യാസം കേൾക്കാൻ കാത്തു കാത്തിരിക്കുന്നോർ .
“എന്നു നീയഹല്ല്യക്കു മോക്ഷ മേകീടാനെത്തും
വന്നിടാനെന്തേ കാല താമസ്സം ഭഗവാനേ” ?

ഉള്ളാട്ടിൽ ജോൺ

By ivayana