രചന : അനൂബ് ഉണ്ണിത്താൻ ✍.
സ്വപ്നങ്ങൾ നെയ്ത്തു നിർത്തി
ഞാൻ കഴിഞ്ഞകാലത്തിൻ
സ്മരണയിൽവിശ്രമം കൊള്ളവേ …
ഏകനായേറേ കരുണയാലെന്റെ
കിനാവാതിൽ മുട്ടി
പൂപ്പുഞ്ചിരിതൂകി നിന്ന രാഗമേയെന്തു
നാമം ചൊല്ലി വിളിപ്പൂ ഞാൻ ..
ഇനിയൊരാഗമനമാരേയും കാത്തതില്ല
യെന്നതോ മറ്റൊരൽഭുതം
പൂണ്ടു നിന്നാനനംകണ്ടമാത്രയിൽ…
ഇത്രമാം വശ്യമാർന്നതും
പിന്നിത്ര കരുണാരൂപവും
കണ്ടതില്ലയിന്നേവരേ നിശ്ചയം…
എത്ര വായിച്ചാലും മതിവരാത്ത
വിശ്വഗ്രന്ഥമേ
നമോ…. നമിപ്പു ഞാനേവം…
കാവ്യമായ് കഥയായ് പരിലസിക്കവേ
കാവ്യ ബിംബമായണഞ്ഞ
വിശ്വസംഹിതയും നീയേ …
വാക്കില്ല,ഉള്ളവാക്കുരിയാടുവാൻ
നിന്നധരത്തിലെ സുസ്മിതരേണുക്കൾ
തുടിയ്ക്കവേ….
കാതോർക്കയാണു ഞാനാപ്രജ്ഞതൻ
മധുരപദങ്ങളേതെന്നു
കാവ്യമായെന്നിൽ ലയിക്കട്ടെ …
ഒന്നിനൊന്നു പകരമാകില്ലെങ്കിലും
ഇത്രമേൽ ഹൃദ്യമായ പ്രണയം
അത്രമേൽ നിർഗളിക്കവേ…
ഓർത്തുപോകുന്നു ഞാനും ഒടുവിലെൻ
കാഴ്ച നീയല്ലയോയിത്ര
മഞ്ജുമനോമോഹനമധുരവശ്യവിസ്മയം….