ഉയരങ്ങളിൽ നിന്നും
താഴേക്ക് പതിക്കുമ്പൊഴും
ചിന്തിച്ചിരുന്നത്
വീണ്ടുമെനിക്കെങ്ങനെ
വിശുദ്ധനാകാം എന്നതായിരുന്നു.
എൻ്റെ കളങ്കമില്ലായ്മയുടെ
തിളങ്ങുന്ന അങ്കികളെല്ലാം
നിങ്ങൾ അഗ്നിക്കിരയാക്കിയിരുന്നുവല്ലോ!
എൻ്റെ അതീന്ദ്രിയസഞ്ചാരങ്ങളുടെ
കമനീയ പാദുകങ്ങളെല്ലാം
നിങ്ങൾ അൾത്താരയുടെ
വാതിലുകളാക്കി മാറ്റിയിരുന്നുവല്ലോ!
എൻ്റെ വിചിത്രവെളിപാടുകളുടെ
തൂവലുകളെല്ലാം നിങ്ങൾ
കത്തിയാൽ കണ്ടിച്ചു കളഞ്ഞിരുന്നുവല്ലോ!
ഒരുറക്കത്തിനപ്പുറം കാഫ്കയുടെ
ഗ്രിഗർ സാംസയെപ്പോലെ
രൂപാന്തരം സംഭവിച്ച്
തസ്ക്കരനായ് മാറി ഇരുൾനിറമുള്ള
ഈ കരിങ്കൽക്കോട്ടയുടെ താഴ്
കള്ളത്താക്കോലിട്ട് തുറക്കാൻ
കിണഞ്ഞ് ശ്രമിക്കുമ്പൊഴും
വീണ്ടുമെങ്ങനെ വിശുദ്ധനാവാമെന്ന്
മാത്രം ഞാൻ ചിന്തിക്കുന്നു.
ചിന്തകളുടെ കറുത്ത ആകാശത്ത്
വെളുത്ത പട്ടങ്ങൾ മാത്രം
വ്യാളീരൂപമാർന്ന് പാറിക്കളിക്കുന്നു….

ഷിഹാബ് സെഹ്റാൻ

By ivayana