രചന : സിന്ധു പി.ആനന്ദ്✍️
വേവുന്ന ചിത്തവും
ആളുന്ന ചിന്തയും
പെറ്റമ്മതൻ
കാത്തിരിപ്പിൻ്റെ
നീളുന്ന വഴികളിൽ
പകലിരവുകൾ
ദുരന്തമുഖങ്ങളിൽ
ആർത്തലച്ചിടുന്നു.
രാസലഹരിയിൽ
ആടിത്തിമിർക്കുന്ന
പ്രജ്ഞയറ്റൊരു
പൈതലോയെൻ മകൻ,
രാസക്രീഡകൾ
വിഘടിച്ചുമുറിവേറ്റു
പിടയുന്നകൺമണി –
യെൻമകളാണോ,
ഇരുളിലെവിടെയോ
കാക്കിധാരികൾ
തേടിയെത്തിയോ ?
വിവസ്ത്രയായവൾ
തെരുവിലെവിടെയോ
ജീവൻ വെടിഞ്ഞുവോ !
മത്സരബുദ്ധിയിൽ
ഓടിക്കിതച്ച്
സ്വാർത്ഥരായതോ,
പിൻതള്ളി നേടുന്ന
വിജയങ്ങളൊക്കയും
ഹർഷങ്ങളായതോ ,
സഹജീവിയോടു
സമഭാവമില്ലാതെ
മൃഗീയരായതോ?
തീവ്രവേഗങ്ങളും
ചിതറുന്ന ചിന്തയും
അനുകമ്പയില്ലാത്ത
വിവരസാങ്കേതികമേ
ചടുലതയവരിൽ
നന്മമായ്ച്ചുവോ,
നിർമ്മിതബുദ്ധിയിൽ
സ്നേഹമൂല്യങ്ങൾ
ശിഥിലമായ് തീർന്നതോ ,
നെറികെട്ട ചെയ്തികൾ
അനുകരിച്ചവൻ
കൊന്നുതള്ളുന്ന
ജീവൻ്റെയുടലുകൾ
രക്തവും മാംസവും
പടരുന്ന കൈളിൽ
നായകവീരത്വം
സ്വയം ചമച്ചതോ ?
ജിജ്ഞാസഭരിതരായ്
രാസലഹരിയിൽ
ബൈക്കു ഭ്രാന്തിൻ്റെ
ചാപല്യംകുരുക്കിയും,
ചതിക്കുഴികളിൽ
മെരുക്കിനിർത്തിയും,
മകളുടെ പ്രായത്തിലുള്ളൊരു
കുട്ടിയെ കാമകേളിക്കു
വിധേയയാക്കിയും,
സാമദ്രോഹികൾ
ആടിത്തിമിർക്കാൻ
ആഘോഷരാവുകൾ
നിശാശലഭമായ്
വിവസ്ത്രധാരിയാം
ആൺപെൺകുരുന്നുകൾ,
വളർത്തുദോഷത്താൽ
പിഴച്ചുപോയെന്ന്
ഒറ്റവാക്കിൽ
എഴുതിമായ്ക്കുന്ന
സമൂഹസാക്ഷികൾ .
ചിരിക്കുള്ളിൽ
ചതി നിറക്കാതെ,
രാസലഹരിയിൽ
തുലഞ്ഞു പോകാതെ
ചോര ചീന്തുന്ന
ചിന്ത മറികടക്കാൻ
മമത എവിടെ?
കുട്ടിക്കൂട്ടം
ഭീതിനിറക്കുന്ന
വികലമനസായ്
അകന്നുപോയത്,
തെരുവുപട്ടി പോൽ
പേ പിടിച്ചത്,
കണ്ടു നിന്നിട്ട്
ആദർശം വിളമ്പുന്ന
മുതിർന്നവൻ്റെ
വാഗ്ദ്ധോരണിക്ക്
എന്ത് ഭംഗി !!
അഹംഭാവം
നിഷേധിയാക്കിയും
മദിച്ചു കൂത്താടാൻ
ആഘോഷ രാവുകൾ
അവർക്കു നൽകിയ
സമൂഹമേ നീ സാക്ഷി
നിരുപാധികസ്നേഹത്തിൽ
ഉള്ളുപിടയാൻ
സമൂഹമെവിടെ!
വ്യവസ്ഥയില്ലാതെ
ചേർത്തുപിടിക്കാൻ
അനുതാപം എവിടെ!
സ്വാർത്ഥതാല്പര്യം
പൊതിഞ്ഞഹൃദയങ്ങൾ
മറഞ്ഞുനിന്നു
കല്ലെറിയുമ്പോൾ
കാഴ്ച്ചതേടുക,
അവരിലൊരാൾ
നിൻ്റെപൈതൽ,
തെരുവിലെവിടെയോ
കൊലവിളിച്ചത്
കണ്ടുനിൽക്കുന്ന
രസികനാകാതെ
പറന്നിറങ്ങുക.
വീടുപൂത്തു
നാടു പൂത്തു
നന്മപൂത്തമണം
പകരാൻ,
അമ്മനെഞ്ചിനെ
ശാന്തമാക്കുവാൻ
ചേർന്നുനിൽക്കു,
അവരെൻ്റെ മക്കൾ
പുതുയുഗത്തിൽ
പിറവി കൊണ്ടവർ
വിജ്ഞാനദാഹികൾ.