രചന : രാജേഷ് ദീപകം.✍
റയിൽവേ ട്രാക്കിന് അടുത്താണ് എന്റെ വീട്. അതിനാൽ തന്നെ തീവണ്ടിയുടെ ശബ്ദം കേട്ടുകേട്ട് അതൊരു ശബ്ദമല്ലാതായി. എന്നാൽആ ശബ്ദത്തെ അവഗണിച്ച് ആളുകൾ ജീവിതം അവസാനിപ്പിക്കാൻ കണ്ടെത്തിയത് റയിൽവേ പാളങ്ങൾ ആയിരുന്നു.വേണാടും, കണ്ണൂർ എക്സ്പ്രസ്സും, ഐലൻഡ് എക്സ്പ്രസ്സും, കേരളയും എത്രയെത്ര ജീവിതങ്ങളിലൂടെ കയറിയിറങ്ങിപോയിരിക്കുന്നു.
ഗോപാലൻ നായരുടെ ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരുന്നതമിഴൻ ട്രയിന്റെ ശബ്ദം കേട്ട് ഇറങ്ങിയോടി. പൈസ കൊടുക്കാതെ കടന്നുകളയുകയാണെന്ന് കരുതി ഗോപാലൻ നായർ പുറകെ…. ആ ഓട്ടത്തിൽ തമിഴന്റെ ഷർട്ടിന്റെ ഒരുഭാഗം നായരുടെ കൈയ്യിലും, തമിഴൻ ട്രാക്കിൽ തലവേർപെട്ട് കിടക്കുന്നതുമായ കാഴ്ച്ച. ഗോപാലൻ നായർ നിന്ന് വിറയ്ക്കുകയാണ്. കേസിൽ പ്രതിയാകുമെന്ന് ഭയപ്പെടുത്തി തെങ്ങുംമൂടനും കൂട്ടരും ഒപ്പം തന്നെയുണ്ട്. ഞാൻ കണ്ട ആദ്യ ആത്മഹത്യ അതായിരിക്കണം. പിന്നെജോലിയുടെ ഭാഗമായും അല്ലാതെയും എത്രയെത്ര ആത്മഹത്യകൾകണ്ടിരിക്കുന്നു. വേദനിപ്പിക്കുന്നതും , ഭയപ്പെടുത്തുന്നതും, മനസ്സ് മരവിപ്പിക്കുന്നതും . ഇപ്പോൾ അതൊരു വാർത്ത അല്ലാതായിരിക്കുന്നു.
ബാബു എന്തിനാണ് ആത്മഹത്യ ചെയ്തത്? ആത്മഹത്യാകുറിപ്പിനും അപ്പുറം എന്തെല്ലാം?
അവൻ എന്റെ സഹപാഠി ആയിരുന്നു. ജോലിയിലും ഒരേ തൂവൽ പക്ഷികൾ. ഒത്ത ശരീരം, നീളം.ഉരുക്ക് ബാബു എന്നൊരു വിളിപ്പേരും അവനുണ്ടായിരുന്നു.മനസ്സ് ആരും കാണുന്നില്ലല്ലോ!?
കളിതമാശകളിൽ എപ്പോഴും മുന്നിൽ ബാബു ഉണ്ടാകും. ക്യാമ്പിലെ മുത്തശ്ശി മാവിൽ വിനയൻ തൂങ്ങി മരിച്ചപ്പോൾ പോലീസ് ക്യാന്റീനിൽ ചായകുടിച്ചിരിക്കെ അവൻ പറഞ്ഞവാക്കുകൾ മനസ്സിൽ “ഹൊ എന്തൊരു നാണക്കേടാണ്. പോലീസുകാരൻ തൂങ്ങിമരിച്ചു. നാളെ പത്രത്തിൽ കാണും.ധൈര്യം വേണ്ടേ..”പിന്നെയും അവൻ ആ വീട്ടുകാർക്ക് ഉണ്ടാകുന്ന വിഷമത്തെ കുറിച്ചും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കുറിച്ചുംപറഞ്ഞുകൊണ്ടിരുന്നു……..
സായാഹ്നനടത്തത്തിൽ വാ തോരാതെ അവൻ സംസാരിക്കുമായിരുന്നു. കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ബാബുവിന് കുട്ടികൾ ഉണ്ടായിരുന്നില്ല. അതിന്റെ ചികിത്സയെ പറ്റി ചിലവിനെ പറ്റി ഒക്കെ……………………….
പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ അവൻ എനിക്കൊരു പണി തന്നതാണ്. സ്കൂളിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ബാബുവിന്റെ വീട്. ആ സ്ഥലങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ അവൻ പറയും. ആരുടെ പുരയിടത്തിൽ മാവുണ്ട്?കശുമാവ് ഉണ്ട്?എവിടെ തോടുണ്ട്? കുളമുണ്ട്?എന്നതെല്ലാം.
അങ്ങനെയാണ് ഭഗവതിയമ്മയുടെ കശുമാവിന്റെ മുകളിൽ എന്നെ കയറ്റിയത്. കശുവണ്ടിക്ക് നല്ല വിലയുണ്ട്. അത് ഉമ്മായുടെ കടയിൽ കൊടുത്താൽ നെല്ലിക്കാ വെള്ളം, മാങ്ങാവെള്ളം, സിഗററ്റ് മുട്ടായി എല്ലാം വാങ്ങാം. മധുരമനോഹര സ്വപ്നവുമായി മുകളിൽ ഇരിക്കുമ്പോൾ ചൂലുമായ് ഭഗവതിയമ്മ. ബാബു ഓടുന്നത് ഞാൻ കണ്ടു. അവൻ അരസെക്കൻഡിൽ സ്കൂളിൽ എത്തിയിരിക്കും. അമ്മാതിരി ഓട്ടമാണ്. ശബ്ദം ഉണ്ടാക്കാതെ മരമുകളിൽ ഇരുന്നത് ഒരു പീരീഡ് സമയം. ഉണ്ണികൃഷ്ണൻ സാറിന്റെ ചൂരൽ തുടയിൽ ചാട്ടവാർ പോലെ പതിക്കുമ്പോഴും മുട്ടായിയുടെ മധുരവും, ബാബുവിനോടുള്ള കലിയുംആയിരുന്നു മനസ്സിൽ.
ശബ്ദം മാറ്റി അദ്ധ്യാപകരുടെഇരട്ടപ്പേർ വിളിക്കുകഅവന്റ ശീലമായിരുന്നു.സ്കൂൾ ആനിവേഴ്സറിയിൽ മിമിക്രിക്ക് ബാബുവിനായിരുന്നു ഒന്നാം സ്ഥാനം.ക്ലാസ്സിലെ സുന്ദരി ഷീബ അവന്റെ ആരാധികയായത് അങ്ങനെയാണ്. അതിൽ ഞങ്ങൾ കുറെപേർക്ക് അസൂയ ഉണ്ടായിരുന്നു. പല സൂത്രപണികളിലൂടെ അവന്റെ പ്രശസ്തി തകർക്കുക ഞങ്ങളുടെ പൊതു ആവശ്യമായിരുന്നു.അങ്ങനെയാണ് ഷീബയുടെ നോട്ടുബുക്കിൽ ബാബുവിന്റെ കൈയക്ഷരം പോലെതന്നെ വിദഗ്ധമായി ‘പ്രേമലേഖനം’ എഴുതിവെച്ചത്. അതിൽ മോശം വാക്കുകളും എഴുതി. കരഞ്ഞുകൊണ്ടിരുന്ന ഷീബ ഉണ്ണികൃഷ്ണൻ സാർ വന്നപ്പോൾ വിവരം പറയുകയും തൊണ്ടിമുതൽ ഏൽപ്പിക്കുകയും ചെയ്തു. ബാബു പിടിക്കപ്പെട്ടു. അവന്റ തുടയാകെ ചുവന്നുതുടുത്തു. അച്ഛനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞു..
പിന്നെ പിന്നെ ബാബു മിണ്ടാതെയായി..
അത് ഞങ്ങൾക്കും ദുഃഖമായി.
ഒടുവിൽ ഞങ്ങൾ സത്യം പറഞ്ഞു. അടിയുടെ പൊടിപൂരം ആയിരുന്നു ഞങ്ങൾക്കുള്ള സമ്മാനം.
ഷീബയ്ക്ക് ബാബുവിനോട് സഹതാപം തോന്നാനും, ഇഷ്ടം കൂടാനുംഞങ്ങൾക്ക് ചരിത്രപ്രസിദ്ധമായ “പ്രേമലേഖനസംഭവം “കാരണമായി. അങ്ങനെ എന്തെല്ലാം ഓർമ്മകൾ………………………………………..
പോലീസ് കൺട്രോൾ റൂമിൽ ഫോൺ ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ ആണ് ആ ഫോൺ സന്ദേശം എനിക്ക് തന്നെ കേൾക്കേണ്ടി വന്നത്.”…… ബാങ്കിൽ സുരക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാബു വെടിവെച്ച് മരിച്ചു “….. എന്ത് ചെയ്യണം? പറയണം? ഒന്നും ചെയ്യാനാകാതെ…… ബാങ്കിലേക്ക് പോയ ജീപ്പിൽ ഞാനും കയറി. അവിടെ കണ്ട രംഗം…. തലയോടിന്റെ ഒരു ഭാഗം തകർന്ന് വെടിയുണ്ട മുകളിലത്തെ ടെറസ്സിൽ ഇടിച്ച് താഴെ പതിച്ച് വീണ്ടും മുകളിലേക്ക്….. കട്ടചോര… ബൂട്ട് കെട്ടിയിരിക്കുന്നു…. ഡ്യൂട്ടിബുക്ക് (സെൻറി റിലീഫ് ബുക്ക് )കൃറുകൃത്യം.
ആത്മഹത്യാകുറിപ്പിൽ അവന്റെ ബൈക്ക് ആർക്ക് നൽകണമെന്നും…..മറ്റും. തലേന്ന് രാത്രി അവൻ എല്ലാ സുഹൃത്തുക്കളെയും വിളിച്ചിരുന്നു.”വീട്ടിൽ ഒരു വിശേഷമുണ്ട്. എല്ലാരും വരണം.. ഒരു സർപ്രൈസ് ആയിരിക്കും “
ആർക്കും ആരെയും മനസ്സിലാകുന്നില്ലല്ലോ!!എന്തൊക്കെയാകും ആ നിമിഷം ആ മനസ്സിലൂടെ കടന്നുപോയത്?ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങൾ സമ്മാനിച്ച് അവൻ ആകാശത്ത് നക്ഷത്രമായി തീർന്നിരിക്കാം.
തീർത്താൽ തീരാത്ത നൊമ്പരമായി ബാബു ഇന്നും എന്റെ ഹൃദയത്തിൽ ജീവിക്കുന്നു.
