രചന : ഉണ്ണി കെ ടി ✍.
എൽ പി സ്കൂളിൽ പഠിക്കുമ്പോൾ വഴിയിൽ ഭയപ്പെടുത്തുന്ന ഒന്നുമുണ്ടായിരുന്നില്ല, പാറുത്തള്ളയെ മറവു ചെയ്യുന്നത് കാണുവോളം!
ഒന്നാംക്ലാസിലെ ബ്ലാക് ബോർഡിന് താഴെ ഇട്ടിട്ടുള്ള ബഞ്ചിലെ ഒന്നാമനായിരുന്നു ഞാൻ. പ്രസ്തുത സീറ്റിന് പിറകിൽ ഒരു ജനാലയുണ്ടായിരുന്നു. അതിലൂടെ നോക്കിയാൽ എന്റെ വീടിന്റെ മേൽക്കൂര കാണാം.
പാറുത്തള്ളയുടെ വീടും പുരയിടവും ഞനിരിക്കുന്ന സീറ്റിനു പിന്നിലെ ജനലിലൂടെ കാണുന്ന വ്യക്തദൃശ്യവുമായിരുന്നു.
മുഷിഞ്ഞുചുളിഞ്ഞ മുണ്ടും അതിലേറെ മുഷിഞ്ഞു ചുളുങ്ങിയ തൊലിയുമുള്ള പാറുത്തള്ള വീടിന്റെ തിണ്ണയിൽ തൊട്ടരികത്ത് വലിയൊരു വടിയും ചാരിവച്ച് മുറുക്കി ചുവപ്പിച്ച് ഇരുന്നിരുന്ന കാഴ്ച ഇന്നും ഓർമ്മയിൽ മായാതെയുണ്ട്.
എനിക്കുതന്നെ അദ്‌ഭുതം തോന്നാറുണ്ട്, ഞാൻ ആ കാലഘട്ടത്തിലെ എത്രയെത്ര സംഭവങ്ങളും ആളുകളെയും മറന്നിരിക്കുന്നു.എന്നിട്ടും പാറുത്തള്ളയുടെ മുഷിഞ്ഞ രൂപം ഇന്നും ഓർമ്മയിൽ എങ്ങനെ ഇത്ര തെളിച്ചത്തോടെ…?
ദാരിദ്ര്യവും ജാതീയമായ ഉച്ചനീചത്വങ്ങളും നടമാടിയിരുന്ന അക്കാലത്ത് വീട്ടിലെ പുറംപണിക്കുവരുന്ന ഭക്ഷണത്തോട് വല്ലാത്ത ആർത്തിയുണ്ടായിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. നമ്മൾ ഭക്ഷണം കഴിക്കുന്നത് അവർ കണ്ടാൽ കൊതികിട്ടുമെന്നും കഴിച്ച ഭക്ഷണം ദഹിക്കാതെ ഛർദ്ദിയും അസ്വസ്ഥതകളും ഉണ്ടാകുമെന്നും എല്ലാവരും ഭയപ്പെട്ടിരുന്നു!
ചില സമയങ്ങളിൽ എനിക്ക് വന്നുബ്ഭവിക്കാറുണ്ടായിരുന്ന അജീർണ്ണത്തിന്റെ പഴി എന്നും ആ പാവത്തിനായിരുന്നു….
ഇങ്ങനെ കൊതി(?) കിട്ടുമ്പോൾ അതിന്റെ പ്രതിവിധിയായി പാറുത്തള്ള ഊതിത്തരുന്ന ഉപ്പുകല്ലുകളായിരുന്നു മൃതസഞ്ജീവനി!
കാലത്തെഴുന്നേറ്റുവന്നാൽ പല്ലുതേയ്ക്കാൻ ഉമിക്കരിയും നാക്കുവടിക്കാൻ നെടുകെ പിളർന്ന ഈർക്കിലും വെള്ളവും വടക്കേ മുറ്റത്തെ കുണ്ടിനു സമാന്തരമായിക്കെട്ടിയ പടവിനുന്മേൽ റെഡിയാക്കി വച്ചിട്ടുണ്ടാകും.
കുട്ടികൾ ഒറ്റയ്ക്ക് കുളത്തിൽ ഇറങ്ങരുതത്രെ… ഇളയ ഏട്ടൻ ഒരു നീന്തൽ വിദഗ്ധനും ധീരനുമായിരുന്നു എന്നാണ് എന്റെ പക്ഷം. കക്ഷിയോട് ചോദിച്ചാൽ ധൈര്യം വേണമെടാ, നിന്റെ അത്രയും പൊന്നപ്പോഴേക്കും ഞാനെല്ലാം നീന്തൽ പഠിച്ചു. നിനക്ക് വെള്ളം കാണുന്നതെ പേടിയല്ലേ എന്ന് കളിയാക്കും.
(ധൈര്യം, വാണിയംകുളം ചന്തയ്ക്ക് എല്ലാ വ്യാഴാഴ്ച്ചയും പോകുന്ന കുള്ളൻ രാമനോട് കെഞ്ചിപ്പറഞ്ഞിട്ടും വാങ്ങിക്കിട്ടിയിട്ടില്ല.)
പല്ലുതേപ്പിന്റെ സമയത്തായിരിക്കും മിക്കവാറും അജീർണ്ണമായ ഭക്ഷണം ചർദ്ദിക്കുക. പല്ലുതേപ്പിച്ചുകൊണ്ടിരിക്കുന്ന ചേച്ചി നിന്ന നില്പിൽ ഉച്ചത്തിൽ അമ്മയെ വിളിക്കും. അമ്മേ ദാ ഈ ചെക്കന് കൊതികിട്ടീന്നാ തോന്നണ്. ശർദ്ദിക്ക് നല്ല നാറ്റണ്ട്, കൊതിടെ…
ഉടനെ ഈ കൊതികിട്ടാൻ കാരണക്കാരിയെന്നാരോപിക്കപ്പെട്ടിട്ടുള്ള ആ പാവം സ്ത്രീതന്നെ തന്റെ അപരാധത്തിന് പ്രായശ്ചിത്തമെന്നപോലെ പാറുത്തള്ളയെ വിളിക്കാനോടും.
വടക്കേപ്പുറത്തെ ഇളംതിണ്ണയിൽ മുഷിഞ്ഞ പുതപ്പും മുട്ടൻവടിയും വയറോളം ഞാന്ന് ചുളുങ്ങിപ്പോയ, പുതപ്പിനുപുറത്തേക്കെത്തിനോക്കുന്ന മുലകളുമായി, അടിയൻ എത്തി അമ്രാളെ, ഒരെലചീന്തില് രണ്ടുകല്ല് ഉപ്പ്‌ങ്ട് ട്ത്തോളിൻ…., കൊതീം മിതീം ഒക്കെ പ്പോ പമ്പകടക്കും ട്ട്വോ കുട്ടി …, പാറുതള്ള ഒക്കേം ജെവിച്ചൂതി പമ്പ കടത്തൂലെ…ന്നൊരു സ്ഥിരം വായ്ത്താരിയോടെ ഉപവിഷ്ഠയാകും!
എന്നെ മുന്നിൽപ്പിടിച്ചിരുത്തി ഉപ്പുകല്ലിനെ നോക്കി ഏറെനേരം എന്തൊക്കെയോ ജപിക്കുകയും ഇടക്കിടെ വിശാലമായി കോട്ടുവായിടുകയും ചെയ്യുന്ന പാറുത്തള്ളയുടെ എത്തിനോക്കുന്ന അമ്മിഞ്ഞകൾ കാണുമ്പോൾ എനിക്കെന്തോ പൂച്ചക്കുഞ്ഞുങ്ങളെയാണ് ഓർമ്മ വന്നിരുന്നത്. .
ഏറെ നേരത്തിനുശേഷം ചൂളംവിളി ശബ്ദത്തോടെ തള്ള ഉപ്പിലേക്ക് മൂന്നുതവണ ശക്തിയായി ഊതും. പിന്നെ ഭവ്യതയോടെ നിലത്ത് വച്ച്, ഇപ്പൊത്തന്നെ കുട്ടിക്ക് കൊടുക്കിൻ ഒക്കെ ശരിയാവും എന്നൊരു നിർദ്ദേശവും സാന്ത്വനവും ചൊല്ലും.
ന്നാ, അടിയനങ്ട്…ന്ന് പറഞ്ഞു എഴുന്നേൽക്കാനൊരുങ്ങുന്ന തളളയുടെ കൈയ്യിലേക്ക് ചില്ലറത്തുട്ടുകളിട്ടുകൊടുത്തു അമ്മപറയും, മുറുക്കാൻ വാങ്ങിക്കോ അവടെ ഇരി, ത്തിരി കഞ്ഞികുടിച്ചിട്ടു പോയാൽ മതി.
അക്കാലത്ത് പ്രാതൽ നല്ല ചൂട് കഞ്ഞിയായിരുന്നു. വാവിനും ചംക്രാന്തിക്കുമൊക്കെയാണ് ഇഡ്ഡലിയും ദോശയും പുട്ടുമൊക്കെ ഉണ്ടാക്കുക.
പോകാൻ എഴുന്നേറ്റ തള്ള അവിടേതന്നെയിരുന്ന് വായിലെ മുറുക്കാൻചണ്ടി മുറ്റത്തിന് താഴെയുള്ള കുണ്ടിലേക്ക് നീട്ടിതുപ്പും. അഞ്ചാറു വറ്റുമതി അമ്രാളെ, കഞ്ഞിറെള്ളം ത്തിരി ജാസ്തി ട്ത്തോളിൻ….
എങ്കിലും ഒരു ചെമ്പോട്ടി നിറയെ കഞ്ഞിയും ഉപദംശങ്ങളും അമ്മ വിളമ്പി നൽകുമ്പോൾ തള്ളയുടെ ഇടുങ്ങിയ കണ്ണുകളിലും തൊലി ചുളുങ്ങിയ കവിളുകളിലും നറുനിലാവുപോലൊരു ചിരി പരക്കും..!
ഇതെല്ലാം ഒരഞ്ചുവയസ്സുകാരന്റെ മങ്ങാത്തയോർമ്മകൾ.
ഒരു ദിവസം ഒന്നാം ക്ലസ്സിലെ രാവിലത്തെ ഇന്റർവെൽ സമയത്ത് പാറുത്തള്ളയുടെ പുരയിടത്തിന്റെ (സ്‌കൂളിനോട് അടുത്തുകിടക്കുന്ന) അതിരിൽ കുറെ ആളുകൾ ചേർന്ന് വെട്ടുകയും കിളക്കുകയും ഒക്കെ ചെയ്യുന്നു. ഒരേ ആയത്തിൽ ഉയർന്നു താഴുന്ന കൈക്കോട്ടുകൾ വായുവിൽ നൃത്തംചെയ്യുന്നത് നോക്കി നിൽക്കുമ്പോൾ ഇടവേള കഴിഞ്ഞ ബെല്ലടിച്ചു.
പാഠമാല ഉറക്കെ വായിപ്പിക്കുന്ന ടീച്ചർക്ക് എന്നെ വലിയ കാര്യമായിരുന്നു. കാരണം തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ സ്ഫുടതയോടെ ഞാൻ ആ കർമ്മം നിർവ്വഹിച്ചുപോന്നു.
അന്നും പാഠം വായിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഉച്ചത്തിൽ വായിക്കാൻ തുടങ്ങി. ശബ്ദം ഇത്തിരി കുറയ്ക്ക്. അപ്പുറത്തെ ആ തള്ള മരിച്ചു, കാണുന്നില്ലേ മറവുചെയ്യാൻ കുഴിയെടുക്കുന്നത്? പ്….ശ്..ശ്… ഞാൻ കാറ്റുപോയ ബലൂണായി….
മരണം നാട്ടിൽ എവിടെയെങ്കിലും സംഭവിച്ചു എന്നുകേട്ടാൽ പേടിച്ചു വിറച്ചിരുന്ന ഞാൻ ജനലോരത്ത് നിൽക്കാൻ ഭയപ്പെട്ടു.
ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോൾ ഉണ്ണാൻ വീട്ടിൽപ്പോകാതിരിക്കുന്ന എന്നെത്തേടി ചേച്ചിയെത്തി. വീട്ടിലേക്കുള്ള വഴിനീളെ അവരെപ്പറ്റി നടന്ന എന്നെയവർ കളിയാക്കിക്കൊന്നു. രാത്രി ഉപ്പുങ്കല്ലു ചോദിച്ച് തള്ളവരും. അത് വിശ്വസിച്ച ഞാൻ ഉറക്കത്തിൽ പേടിസ്വപ്നംകണ്ടു കരഞ്ഞതിന് ചേച്ചിക്ക് അമ്മയുടെ കൈയിൽനിന്ന് നല്ല പിച്ചുകിട്ടി.
ശേഷം ആ വഴിയേ ഒറ്റയ്ക്ക് പോകേണ്ടിവന്നാൽ ഭയംകൊണ്ടു ഓടാനും നടക്കാനും വയ്യാതെ ഞാൻ വിഷമിക്കുമായിരുന്നു.
കാലം നമ്മെ ഏതെല്ലാം വഴികളിലൂടെ നടത്തുന്നു. ജീവിതത്തിന്റെ അത്ര സുഖകരമല്ലാത്ത പ്രവാസകാലത്തെ വാടകവീട് പ്രേതബാധയുള്ളതാണെന്നും പറഞ്ഞു ആളുകൾ ഒഴിവാക്കിയിരുന്നത് ചുളുവാടകയ്ക്കെടുത്താണ് അന്തിയുറങ്ങിയത് എന്നതും ജീവിതമെന്ന വിരോധാഭാസത്തിന്റെ നാനാമുഖങ്ങളിൽ ഒന്നല്ലേ?
കാലം ചൊല്ലിതന്ന പാഠം, ജീവനുള്ള മനുഷ്യനോളം അപകടകാരിയായി ദൈവസൃഷ്ടിയിൽ മറ്റൊന്നില്ലത്തന്നെ!
