പതിവ് പോലെ മോളെയും കൂട്ടി
വൈകുന്നേരത്തെ നടപ്പിനു
ഇറങ്ങിയതാണ് ദേവി..
എങ്ങോട്ട് ആണെന്ന്
ദേവിക്കു അറിയില്ല..!
മോള്‍ പറയും പോലെ..
അല്ലെങ്കില്‍ ഭര്‍ത്താവു പറയും പോലെ..
ആഗ്രഹങ്ങളും ലക്ഷ്യങ്ങളും
എന്നോ നഷ്ടമായതാണ് ദേവിയ്ക്ക്..
ചരട് പൊട്ടിയ പട്ടം പോലെ
കാറ്റിനൊപ്പം പറന്നു പറന്നു..
പുതിയ ഫ്ലാറ്റിന്റെ പണി നടക്കുന്നതിനാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയാകെ
പൊടി മൂടി ഇരിക്കുന്നു..
മോള്‍ടെ കയ്യും പിടിച്ചു മെല്ലെ നടന്നു..

പണിക്കു വേണ്ടി പുറം നാട്ടില്‍ നിന്നും വന്ന ഒരുപാട് ആളുകള്‍.. കല്ല്‌ അടിക്കുകയും
കട്ട ചുമക്കുകയും ഒക്കെ ചെയ്യുന്നു..
കാഴ്ചകള്‍ പതിവുള്ളത് തന്നെ..
പക്ഷെ.. അവളുടെ രൂപം
എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി..
മരത്തിന്റെ കൊമ്പില്‍ കെട്ടിയ
തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞും..
എന്തോ വാശി പോലെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു യുവതിയും..
ജോലിക്കാർക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുന്ന തിരക്കിലാണ് അവൾ..
കുപ്പിവളകള്‍ അണിഞ്ഞ കൈകൾ..
ചീകി ഒതുക്കിയ തലമുടി..
അവളുടെ അടുത്ത് പുസ്തക താളില്‍ സ്വയം മറന്നിരിക്കുന്ന ഒരു ചെറിയ ആണ്‍കുട്ടിയും .
എന്‍റെ പുഞ്ചിരി അവള്‍
കണ്ടില്ലെന്നു നടിച്ചു..
പിന്നെയും പല വൈകുന്നേരങ്ങളിലും
അവളെയും കുട്ടികളെയും കണ്ടു..
ചിലപ്പോള്‍ പണി കഴിഞ്ഞു സാധനങ്ങളും
വാങ്ങി വരുന്നത്.. മറ്റു ചിലപ്പോള്‍ അവരുടെ ചെറിയ കൂരയ്ക്ക് മുന്നിലെ അടുപ്പില്‍ പാചകത്തിന്റെ തിരക്കില്‍…
ഉറക്കം പിണങ്ങി നില്‍ക്കുന്ന രാത്രികളില്‍ ബാല്‍ക്കണിയിലെ ചാരുകസേരയില്‍ മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കവേ കുഞ്ഞുങ്ങളെ കൂരയ്ക്കുള്ളില്‍ ഉറക്കി.. കീറിയൊരു കമ്പിളി പുതപ്പില്‍ നക്ഷത്രങ്ങളുടെ താഴെ അവള്‍ ഉറങ്ങുന്നു.. പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്തില്‍ അല്ലലില്ലാതെ സ്വസ്ഥമായി…
അങ്ങനെ എല്ലാം മറന്നു സ്വസ്ഥമായി
ഒന്ന് ഉറങ്ങിയിട്ട് എത്ര കാലമായെന്ന്
ദേവി ചിന്തിച്ചു പോയി..!

ഇടയ്ക്ക് ഫ്ലാറ്റിന്റെ പണി മുടങ്ങിയപ്പോള്‍
ബാക്കി ഉള്ള പണിക്കാര്‍ ഒക്കെ പുതിയ സ്ഥലത്തേയ്ക്ക് പോയി.. പക്ഷെ അവളും കുഞ്ഞുങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു…
അപ്പാര്ട്മെന്റിലെ പല വീടുകളിലും
അവള്‍ ജോലിക്ക് വന്നു പോകുന്നു..
ഭര്‍ത്താവു ഒഫീഷ്യല്‍ ട്രിപ്പിനും
മോള്‍ ടൂറിനും പോയ സമയം..
ദേവി പനി പിടിച്ചു കിടപ്പിലായി..
അങ്ങനെ ദേവിയുടെ
ഒരു കൂട്ടുകാരിയാണ്‌
അവളെ അവിടെ കൊണ്ടാക്കിയത്‌..
ഭര്‍ത്താവു വരും വരെ ദേവിയെ നോക്കാന്‍…
മെല്ലെ മെല്ലെ ദേവിയോട് അവള്‍
സ്വന്തം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി…
പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും
ചെറിയ പ്രായത്തിലെ വിവാഹം കഴിപ്പിച്ചത്..!

പക്വത എത്താത്ത പ്രായത്തില്‍
രണ്ടു കുട്ടികളുടെ അമ്മ ആയതു..!
സ്നേഹമോ കരുതലൊ
എന്തെന്നറിയാത്ത..
ഒരു മനുഷ്യന്റെ ഭാര്യ ആയി
കാലങ്ങള്‍ കഴിച്ചത്..!
സഹനത്തിന്റെ അവസാന പടിയും കടന്നപ്പോള്‍ താലി പൊട്ടിച്ചെറിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്‌..!
ഒരു തണല്‍ ആവാന്‍ അച്ഛനമ്മമാരോ സഹോദരങ്ങളോ തയ്യാര്‍ ആകാഞ്ഞത്…!
അല്ലെങ്കിലും അത്
പെണ്ണിന്റെ മാത്രം വിധിയാണല്ലോ..?

ചില നേരങ്ങളില്‍
ജനിച്ചു വളര്‍ന്ന വീട്ടിലും
ചെന്ന് കയറിയിടത്തും
എല്ലാം ഒരേ പോലെ
അവള്‍ അന്യയായി പോകുന്നു…!
“ചേച്ചീ.. മരിക്കാന്‍ എളുപ്പമാണ്..
ജീവിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടും…
ഒരൊറ്റ നിമിഷത്തെ ധൈര്യം മതി
എല്ലാം മതിയാക്കാന്‍…………….
പക്ഷെ എന്‍റെ കുഞ്ഞുങ്ങള്‍..?
വാശിയാണ് തോന്നിയത് ജീവിതത്തോട്..
തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സില്ല..”
അവളുടെ വാക്കുകള്‍ക്ക്
അനുഭവത്തിന്റെ ചൂട്..!

“ഒരു ആണ്‍ തുണയില്ലാതെ
ഒരു സുരക്ഷിതത്വവുമില്ലാതെ
നീ എങ്ങനെ കഴിയുന്നു..?”
“ചേച്ചീ.. താലിയുടെ ധാര്‍ഷ്ട്യത്തില്‍
എന്‍റെ ഭര്‍ത്താവു പിടിച്ചു വാങ്ങിയതോ
രാത്രിയുടെ മറവില്‍ എന്‍റെ നിസ്സഹായതയില്‍ ഭയപ്പെടുത്തി തട്ടിയെടുക്കുന്നതോ ഒന്നുംഎനിക്കൊരു നഷ്ടവും വരുത്തുന്നില്ല..

പെണ്ണിന് മാത്രമായി ഈ ലോകത്ത്
ഒരു പരിശുദ്ധിയും ഇല്ല..!!
എന്നെങ്കിലുമൊരിക്കല്‍
എന്‍റെ മനസ്സറിഞ്ഞു
ഒപ്പം ജീവിക്കാന്‍ തന്റേടം
ഉണ്ടെന്നു പറയാന്‍ ഒരാള്‍ ഉണ്ടായാല്‍ അയാളെ ഞാന്‍ പ്രണയിക്കുക തന്നെ ചെയ്യും..! അയാളുടെ ഒപ്പം
ഞാന്‍ ജീവിക്കുകയും ചെയ്യും..!”
അവളുടെ വാക്കുകള്‍ ദേവിയെ
ഞെട്ടിക്കുക തന്നെ ചെയ്തു..!!
സത്യമല്ലേ..?
പെണ്ണിന് മാത്രമായി എന്താണുള്ളത്.?
അവളുടെ മനസ്സറിയാതെ..
സ്നേഹം നേടാതെ..
തട്ടിയെടുക്കപ്പെടുന്നതില്‍
അവള്‍ക്കെന്തു വിശുദ്ധി നഷ്ടമാവാനാണ്‌…?

പനി മരുന്നുങ്ങള്‍ കാരണമോ..
വൈകുന്നേരം പെയ്തിറങ്ങിയ
ചാറ്റൽ മഴയുടെ കുളിരോ..
എന്തോ ദേവി അന്ന് രാത്രി
ശാന്തമായി ഉറങ്ങി..!
രാത്രിയുടെ നിറവില്‍..
ആകാശത്ത് നിന്ന് നക്ഷത്രങ്ങളുടെ തേരില്‍ അവളെ കാണാനായി മാത്രം താഴേയ്ക്ക് വരുന്നൊരു ഗന്ധര്‍വനെ സ്വപ്നം കണ്ട്..!

റിഷു

By ivayana