അവളുമായി കൂട്ട് കൂടിയാൽ നീ അടിമേടിക്കും.
അമ്മ മകളെ വഴക്ക് പറയുന്നത് കേട്ട് അച്ഛൻ അവിടേയ്ക്ക് ചെന്നു
എന്താടി ഇവിടെ പ്രശ്നം?
നിങ്ങൾക്കറിയില്ലേ. ആ പ്രമീളയെ
ഗോപാലന്റെ മകളെ..
എന്തൊരു ഇളക്കക്കാരിയാണെന്നോ.
ആൺകുട്ടികളുമായേ അവൾ കൂട്ട് കൂടുകയുള്ളു..
ആണിന്റെ നിഴൽ കണ്ടാൽ അവളവിടെ ഉണ്ടായിരിക്കും.. അങ്ങനെയുള്ളവളുമായിട്ടാ ഇവൾ അമ്പലത്തിൽ പോയത്..

പോട്ടെ ‘
അച്ഛൻ ഇടപെട്ടു വിഷയം ശാന്തമാക്കി.
ആ തെക്കേലെ ശാരികേ നോക്കി പഠിക്കു.
എന്തൊരു അച്ചടക്കമുള്ള കുട്ടിയാണ്. വീടിന് വെളിയിൽ ആവശ്യമില്ലാതെ ഇറങ്ങുവേല…
ഒറ്റ ആൺകുട്ടികളോട് സംസാരിക്കില്ല.
എപ്പോഴും പഠിത്തമാണ്.
ഈ രണ്ടു പെൺകുട്ടികളും എന്റെ മനസ്സിൽ ഇന്നലെ കണ്ട സ്വപ്നം പോലെ തെളിഞ്ഞു വന്നു.

പ്രമീള…
ഫാഷൻകാരിയാണ്.
ബോബ് ചെയ്ത തലമുടി..
ജീൻസും ഷർട്ട്‌ മിടും മേക്കപ്പ് കൂടുതൽ ആണ്.
ഉറക്കെ ചിരിക്കും..
എല്ലാരോടും ഒപ്പത്തിന് സംസാരിക്കും.. അവരുടെ വീട്ടിൽ ആർക്കും എപ്പോഴും ചെല്ലാം..
നാട്ടിലെ ആൺകുട്ടികളെല്ലാം അവിടെ കാണും.
കാലേൽ പിടിച്ചു അലക്കാൻ ആളില്ലാഞ്ഞിട്ടാ.. ഇങ്ങനാണോ മകളെ വളർത്തുന്നത്..
പലരും പറയുന്നത് ഞാൻ കേട്ടു.

ശാരിക
തനി നാടൻ സ്വഭാവം.
നീട്ടി വളർത്തിയ മുടി.
ആരെന്തു ചോദിച്ചാലും സൗമ്യമായ ചിരി മാത്രം മറുപടി.
ഒരിക്കൽ എന്റെ കൂട്ടുകാരൻ സന്തോഷ്‌ എന്തിനോ അവിടെ ചെന്നപ്പോൾ… അവളുടെ അച്ഛൻ പറഞ്ഞത്
പ്രായപൂർത്തിയായ ഒരു പെൺകുട്ടി ഉള്ള വീടാണ് ആൺകുട്ടികൾ ഇവിടെ വരുന്നതൊന്നും എനിക്കിഷ്ടമല്ല.
അങ്ങനെ വേണം മകളെ വളർത്താൻ. പലരും അഭിമാനം കൊണ്ടു..
ഇന്ന് പ്രമീളയുടെ വിവാഹമാണ്
ഇവൾക്ക് കല്യാണമോ?
പലർക്കും അത്ഭുതം..

അതെ ചെറുക്കൻ എഞ്ചിനീയർ ആണ് നാട്ടിലെ സകല ചെറുപ്പക്കാരും കല്യാണവീട്ടിൽ ഉണ്ട്.
അതിനിടയിൽ ചിരിച്ചും ഒച്ച വെച്ചും
കൂട്ടുകാരെ ഓടിച്ചിട്ട് തല്ലിയും ഇളക്കക്കാരി പ്രമീള അവിടെ ഉണ്ട്.
പെട്ടന്ന്…
ചെറുപ്പക്കാർ എല്ലാരും എന്തോ രഹസ്യം പറയുന്നു..
ഞാൻ മെല്ലെ അവിടേയ്ക്ക് ചെവി ചായ്ച്ചു.
അയാൾക്കങ്ങനെ വരണം. ആരൊക്കെയോ പറയുന്നു.
എനിക്കൊന്നും മനസിലായില്ല.
മിണ്ടാപ്പൂച്ച കലമുടച്ചല്ലോ.
അമ്മ അച്ഛനോട്‌ പറയുന്നത് കേട്ടു.

എന്താമ്മേ? ഞാൻ ചോദിച്ചു
എടാ തെക്കേലെ ശാരികയെ കാണാൻ ഇല്ല.
വീട്ടിൽ ഒരെഴുത്ത് എഴുതി വെച്ചു .. പണിക്കു വന്ന ആ മേസ്തിരി ചെറുക്കന്റെ കൂടെ അവൾ ഇറങ്ങി പോയി.
എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല..
ഋതുക്കൾ മാറി വന്നു.
കാലങ്ങൾ…
മുന്നോട്ട് പാഞ്ഞു.

വഴിയരികിലെ കലുങ്കിനു മുകളിൽ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ
പെട്ടെന്നൊരു കാർ അരികിൽ വന്നു നിന്നു.
പഞ്ചാരകൾ എല്ലാം കലുങ്കിൻ മുകളിൽ മീറ്റിംഗ് ആണോ?
ചോദ്യം കേട്ട് എല്ലാരും നോക്കി
ദേ പ്രമീളയും അളിയനും..കുഞ്ഞുങ്ങളും.അവളിപ്പോഴും ഇളക്കക്കാരി തന്നെ.
അളിയോ ഒരു പാർട്ടി തരണേ സന്തോഷ്‌ പറഞ്ഞു..
എല്ലാരും സന്ധ്യക്ക് അങ്ങ് പോരു.
എഞ്ചിനീയർ അളിയൻ പറഞ്ഞു.
അവർ കാർ മുന്നോട്ടെടുത്തു.

അല്പസമയം കഴിഞ്ഞു..
ഞാൻ കണ്ടു..
തലയിൽ ഒരു ചാക്കുക്കെട്ടും
കയ്യിൽ ഒരു കുഞ്ഞിനെയും കൊണ്ടു ശാരിക നടന്നു വരുന്നു.
പണ്ടത്തെ പോലെ തന്നെ ആവശ്യമില്ലാതെ ആരോടും മിണ്ടാതെ…..

By ivayana