കത്തും മനസ്സുകൾ തൊട്ടറിയാനായ്
കത്തുകൾ കാത്തൊരു കാലത്ത്
കത്തിൽക്കുത്തിവരച്ചതു മുഴുവൻ
കല്പനയല്ലതു കഥയല്ല !

കഷ്ടപ്പാടിൻ കെട്ടുകളഴിയും
അമ്മ അയയ്ക്കും കത്തുകളിൽ
തീരാദുരിതം, അളിയനു രോഗം
പെങ്ങളയയ്ക്കും കത്തുകളിൽ

അമ്പലവഴിൽ പുത്തൻ കിളിയൊ –
ന്നെത്തിയവാർത്ത നിരത്തുന്നൂ
വട്ടുകളിച്ചൊരു കാലം മുതലേ
ഒത്തു നടന്നൊരു ചങ്ങാതി!

അച്ഛനയയ്ക്കും കത്തിൽ നാട്ടിലെ –
യുത്സവവിവരം മുഴുവനുമേ
ഇത്തവണത്തെയെഴുന്നുള്ളത്തിന്
” കേശവനെത്തും “വാർത്തയതും

പൊട്ടിയഭിത്തിയിലള്ളിയിരിക്കും
ഗൗളിചിലച്ചതു കാണുമതിൽ
എങ്കിലുമിത്തിരിയേറെപ്പണമതു
നിർണ്ണയമച്ഛൻ ചോദിക്കും

അപ്പച്ചിക്കു കൊടുക്കാനുള്ളത്
വസ്തുവളന്നു കൊടുത്തല്ലോ
അപ്പുറമതിരിൽ മുക്കണ്ണിക്കൊരു
വേലിയുയർന്നതു വായിക്കാം

പട്ടി, പശുക്കൾ, പത്തായപ്പുര
വിത്തിനു പുത്തൻ നെൽക്കതിരും
അച്ഛനുകത്തിൽ പറയാനേറെ,
അക്ഷി നിറയ്ക്കും ചിലതൊക്കെ

കുഞ്ഞിപ്പെങ്ങളയയ്ക്കും കത്തിൽ
മുത്തശ്ശിവയ്ക്കും മുത്തങ്ങൾ
തെക്കുവടക്കുനടക്കുന്നനുജനു
വിപ്ളവമത്രേ ഹൃദയത്തിൽ!

ഉളളിൽ പ്രണയമൊളിച്ചിട്ടും,
അതു ചൊല്ലാതന്നുനടന്നവളാം
അമ്മാവൻ മകളെഴുതിയ കത്തിനു
കന്നിനിലാവിൻ ചാരുതകൾ

അക്ഷരമൊക്കെയുരുട്ടിരചിച്ചൊരു
കത്തിൽ പ്രണയം വിടരുമ്പോൾ
പഞ്ഞികണക്കു പറക്കും മനമതു
പൂങ്കുയിലായിപ്പാടീടും!

കൊയ്ത്തുകഴിഞ്ഞങ്ങൊരുനാളിൽ
മച്ചൂനത്തിക്കല്ല്യാണം
വല്ലതുമിറ്റുകൊടുക്കേണ്ടേടാ?
അമ്മയയച്ചൂ, കത്തൊന്ന്!

അമ്മയ്ക്കെന്നുടെ നെഞ്ചറിയാ-
മത് പൊള്ളും എന്നതുമറിയാലോ
എങ്കിലുമമ്മ പറഞ്ഞേപോകൂ
ജീവിതവഴിയുടെ തിരിവുകളിൽ

ദുരിതമെത്ര ഭവിച്ചെന്നാലും
മറുപടിയെന്നും സുഖമെന്ന്!
കത്തിൻ കാലമതോർക്കുമ്പോഴോ
കത്തുന്നിന്നും ഹൃദയങ്ങൾ !

കണ്ണീരിറ്റു തുടിച്ചോ കണ്ണിൽ
ഇൻലാഡെന്നത് കഥയാകേ
കുത്തും സാധനമെത്തിയകാലം
“കുത്തു “കൾ മാത്രം മനസ്സുകളിൽ !

By ivayana