അസ്തമയ-
ചക്രവാളത്തിൽ നിന്നും
പക്ഷിച്ചിറകേറി വന്ന
കനലുകളുണ്ട്
എന്റെ കയ്യിൽ.
എല്ലാ ആസക്തികളും
ചാരം മൂടിക്കഴിഞ്ഞ
ആ ശൂന്യതയിൽ,
കെടുതികളിൽ,
ഇരുട്ടിൽ നിന്ന്
കാലത്തിന്റെ കനലുകൾ
പെറുക്കിക്കൂട്ടി നീ
ഉയർന്നു പറക്കുമ്പോൾ
ഏതു സ്വാതന്ത്ര്യത്തെയാണ്
നീ അനുഭവിക്കുന്നതെന്ന്,
ഏതു പ്രപഞ്ചമണ്ഡലത്തെയാണ്
പരിക്രമണം ചെയ്യാൻ
പോവുന്നതെന്ന് ഞാൻ
കൗതുകപ്പെടുന്നു.
നിന്റെ ചിറകുകളിൽ
എന്റെ പ്രതീക്ഷകളങ്ങനെ
ഉന്മത്തമാവുന്നു.
ജലത്തിനും
അഗ്നിക്കുമിടയിൽ,
വെയിലിനും
നിഴലിനുമിടയിൽ,
എന്നെപ്പകുത്തെടുത്ത്
ഒരുപാതി പകലിനും
മറുപാതി രാത്രിക്കും നൽകി,
സ്വപ്നവും ജീവിതവും
രണ്ടു വില്ലുകളാക്കി
അവയ്ക്കിടയിൽ
ഞാനെന്റെ ഉന്മാദങ്ങളെ
കുലച്ചു വെക്കുന്നു.
പുനർജ്ജനിയെന്ന
നിന്റെ നാമത്തിൽ,
വരുംകാലത്തേക്കുള്ള
എന്റെ ആത്മാവിന്റെ
രഹസ്യവും ബലിദാനവും
നീയായി മാറുന്നു.
ഉയിർത്തു പറക്കുമ്പോൾ
അവസാനമായി
ഈ കനലും
ചിറകുകളിലേറ്റുക.
ഭൂമിയുടെ കാണാമറയത്ത്
ഉന്നതങ്ങളിലീ ഹൃദയത്തെ
നീ ബന്ദിയാക്കുക..!!

By ivayana