രചന : എസ് .ജെ.സംഗീത (വജ്രലക്ഷ്മി)✍️
പുലിമുട്ടുകൾ
സമുദ്രത്തിരമാലകരളലതല്ലി
പെരുകിയടിക്കവേ ,നിസ്വാർത്ഥ
സേവകരാം ജീവനില്ലാ
പുലിമുട്ടുകൾ വർത്തിക്കുന്നു
പുലിമുട്ടുകളെന്നിൽ യോഗികൾ
തൻ സ്മരണയുണർത്തുന്നു
ശ്വാസഗതിനിയന്ത്രിച്ചും വൻ-
കടമ്പകൾക്കും നേരെ നെഞ്ഞും
വിരിച്ചവർ നേരിടുന്നു
സത്യത്തിൻ വേര് പടർത്തി
നിലകൊള്ളുന്ന നിസ്വരവർ
നിരന്തരം സ്വാതന്ത്രവന്യകാല –
പകർച്ചകൾ കാണ്മതവർ പുലിമുട്ടുകൾ
ജീവിതക്കടലുമതിന്നതിജീവനവും
പ്രാപ്യമാക്കീടുമീ യോഗികൾ
മൗനത്തിനപാരമാം കൊടുമുടിയിൽ
വിഹരിപ്പവരൊടുവിൽ ദേഹം
വെടിയുന്നു ,പരമപദത്തിങ്കൽ
ലയിക്കുന്നു , വീണ്ടും യോഗികൾ
ജനിച്ചിടുന്നു കർമ്മസാക്ഷികളാകുവാൻ
ജ്ഞാനോദ്പാദനത്തിനായ്
മനസ്സുകൾ സമ്മേളിക്കവേ
പ്രാണന്റെ ചാരഗതി കോസ്മിക്
നൃത്തത്തിലേക്ക് വഴിമാറുന്നു
ആർത്തലയ്ക്കും തിരകളെ
തടുക്കും പുലിമുട്ടുകൾ പോൽ
ഒരു പ്രാപഞ്ചികമാറ്റത്തിനും
നിഷേധ്യമാം നിഷ്കാമകർമ്മികൾ
നിസ്തുല യോഗികൾ
പുലിമുട്ടുകൾ പോലവർ
അനന്തശൂന്യതയെ നോക്കിക്കാണുന്നു
ലോകമേ നിന്നെ കാത്തീടുവാൻ
പുലിമുട്ടുകളവർ തന്നുടെ
ഹൃത്തടം വികസിക്കുന്നു
കാലമേ നിന്നുടെയഭൗമമനന്ത
ചാലകശക്തിയാകുന്നിവർ!
