രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍
എന്തും പങ്കുവയ്ക്കാൻ തോന്നും
ഒരു മുറി മിഠായിയായാലും
നോട്ടുപുസ്തകം ചിന്തിയ താളുകളായാലും
പേനയോ പെൻസിലോ ആയാലും…….
കണ്ണു തുറന്നു പിടിച്ച്
സ്വപ്നം കാണാൻ കഴിയും
സ്വപ്നത്തിൽ അവൾ മാത്രമായിരിക്കും
പിൻകാഴ്ച്ചയായി മുന്തിരി തോപ്പുകളും
താജ്മഹലുമുണ്ടാകും
എന്തിനേയും എതിരിടാമെന്ന
ആത്മവിശ്വാസമുണ്ടാകും
പ്രാധാന വില്ലൻ അവളുടെ
അച്ച്ചനോ ആങ്ങളയോ ആയിരിക്കും
അതാണല്ലോ ലോക നിയമം
ചിന്തകളിൽ വികൃതി കുരങ്ങന്മാർ
അങ്ങുമിങ്ങും
ചാടിത്തിമിർക്കും
ഇത്തരുണത്തിൽ
കാമ്പുറ്റ തീരുമാനങ്ങൾ
എടുക്കാനാകാത്തത്
അതിനാലാകാം
ബോധമനസ്സു കടിഞ്ഞാൺ മുറുക്കിയാലും
ഉപബോധമനസ്സിൽ
ജയനും സീമയും
കണ്ണും കണ്ണും തമ്മിൽ തമ്മിൽ പാടി തിമിർക്കുന്നുണ്ടാകും
പരീക്ഷയ്ക്കു മാർക്കു കമ്മിയായാലും
രക്ഷിതാക്കൾ ചന്ദ്രഹാസമിളക്കിയാലും
എതയും താങ്ങും ഇദയം പോലെ
മേശവിളക്കിൻ തുമ്പത്ത്
അവളുടെ കണ്ണിളക്കം സങ്കൽപ്പിച്ച്
ചുമ്മാ കുത്തിയിരിക്കും
ഒടുവിൽ
ഹെൻ്റെ പൊന്നോ
ഒരു പാട്ടുണ്ട്
മംഗളം നേരുന്നു ഞാൻ
മനസ്വിനി……..
ബാക്കിയെല്ലാം
ശുഭം…….
ഒഴുകുന്ന പുഴയില്ല
കടക്കണ്ണിൽ കവിതയില്ല
പശ്ചാത്തലത്തിൽ
ബുൾ ബുളിൻ്റെ അകമ്പടിയിൽ
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം
കാക്ക കൊത്തിപ്പോകും
ഹയ്യോ……..
