നിദ്ര വന്നു തഴുകിയതേയുള്ളൂ
ഭദ്രനീവന്നരികത്തിരിക്കയായി
ഹൃദ്യമാക്കിപുലർന്ന കാലങ്ങളെ
ഹൃത്തടത്തിൽ പകരു കയായി നീ
മഴയിൽ മഞ്ഞിൽ വെയിലിലും ജീവിത
വഴികളിൽ വഴി തെറ്റാതെ കൂടെവ
ന്നഴകിലാക്കി അനുഭവ മൊക്കെ നിൻ
കഴിവതൊന്നും മറക്കില്ലൊരിക്കലും
നമ്മൾ കണ്ട കിനാക്കളിലേറെയും
തമ്മിലൊന്നിച്ചു സാക്ഷാത്കരിച്ചു നാം!
വിടപറയുന്ന വേളയിൽ മിഴികളെ
തഴുകവെ നിത്യ നിദ്രയിലായി നീ
എന്നെവന്നുതലോടവേ സ്വപ്നത്തിൽ
എന്നുമോതുന്നു രാവും പകലുമീ
ഖിന്നത വേണ്ട നമ്മളൊന്നാകുന്ന
വേളയെത്തും ഇനിയും കിനാക്കളും
കൂടെയെത്തുമീ സുന്ദര ഭൂവിതിൽ,
പൂവിൻമന്ദഹാസത്തിലാ താരയിൽ
ദ്യോവിലെ സൂര്യ തേജസ്സിൽ, വീശുന്ന
മന്ദമാരുതൻ തന്നിലും എന്നിലെ
ശ്വാസവേഗങ്ങൾ തന്നിലും നിൻ സ്നേഹ
സ്‌പന്ദനത്തെ ഞാൻ
ഏറ്റുവാങ്ങുമ്പോളെൻ
മങ്ങിടാത്ത സ്മരണയിൽ നിത്യത
തങ്ങിനിൽക്കുന്ന ചൈതന്യമാണ് നീ!
🙏🏻

സി.മുരളീധരൻ

By ivayana