ബുദ്ധൻ ദൈവമായതിന്റെ പിറ്റേന്നാണ്
മാപ്രകളിൽ ഒരുത്തൻ അത്തിമരത്തിൽ
കൊത്തിപിടിച്ചു കയറി
ധ്യാനബുദ്ധന്റെ പൂർവ്വനാമം
സിദ്ധാർത്ഥനെന്നാണെന്നും
പൂർവാശ്രമത്തിൽ
അദ്ദേഹത്തിന് പുട്ടും കടലയുമായിരുന്നു
പ്രിയമെന്നതും കണ്ടെത്തിയത്.
സിദ്ധാർത്ഥനെ സിദ്ധു എന്ന്
വിളിക്കാനുംമാത്രം സൗഹൃദമുണ്ടായിരുന്ന
ഒരുവനുമായി
പഴയ ക്ലാസ്സ്‌ മുറിയിലെ
പിൻബഞ്ചിൽ ഇരുന്നുള്ള
ഒരു തത്സമയ ഇന്റർവ്യൂ
അത്യാവശ്യം റീച്ച് ഉണ്ടാക്കിയിരുന്നു.
സിദ്ധാർത്ഥൻ ഒരിക്കൽ എറിഞ്ഞു
വീഴ്ത്തിയ മാങ്ങയുടെ അണ്ടി
ആ സുഹൃത്ത് ഇപ്പോഴും
ഭദ്രമായി വച്ചിട്ടുണ്ടെന്നുള്ളത്
അന്നത്തെ സായാഹ്ന എഡിഷനിൽ
മഞ്ഞ നിറത്തിൽ അച്ചടിച്ചു വന്നു.
അഭിമുഖം നൽകാൻ തിക്കു കൂട്ടിയ
അധ്യാപഹയന്മാരിൽ ഒരാളെ മാത്രം
തിരഞ്ഞെടുത്തതിന് ശേഷമുണ്ടായ മൊഴിയിൽ
വെളിപ്പെട്ടത് ഇതാണ്’,
‘ബാല്യകാലത്തിലേ
അത്തിപ്പഴവും അത്തിമരവും സിദ്ധാർത്ഥനൊരു
വീക്നെസ് ആയിരുന്നു
അപ്പോഴേ ഭാവിയിൽ ബൗദ്ധമതം ഉണ്ടാകുമെന്ന്
ഞാൻ കണക്കു കൂട്ടിയിരുന്നു’.
പഹയന്റെ തള്ള് ഖണ്ടശ്ശ പ്രസിദ്ധീകരിക്കാം
എന്ന ഉറപ്പിന്മേൽ അവർ
കൊട്ടാരത്തിലേക്ക് വച്ചു പിടിച്ചു.
പ്രവേശനം നിഷേധിച്ച പാറാവുകാർക്കെതിരെ
പതിനെട്ടാമത്തെ അടവായ
അവിഹിത കഥ അച്ചടിച്ചു വിടുമെന്ന
ഭീഷണിയിൽ അവരുടെ കു*(ന്തം) താണു,
കൊട്ടാരവാതിൽ മലർക്കേ തുറന്നു.
വിഷാദം തീണ്ടിയ മുഖം പേറുന്ന
മക്കളോട്
‘അച്ഛനെ മിസ്സ്‌ ചെയ്യുന്നുണ്ടോ മക്കളേ’
എന്ന ക്ലിക്ക് ബൈറ്റ്
അവർ ഒരിക്കലും നഷ്ടപ്പെടുത്തില്ല
എന്നുറപ്പുള്ളത് കൊണ്ടാവാം
മക്കളെ നേരത്തെ തന്നെ
രഹസ്യ തുരങ്കം വഴി എങ്ങോട്ടോ മാറ്റിയത്.
യശോധരയുമായുള്ള അഭിമുഖത്തിനു
അനുമതി നേടി
കൊട്ടാരത്തിന്റെ പിൻവശത്തേക്ക് പ്രവേശിക്കുമ്പോൾ
ഉദ്യാനത്തിലെ അത്തിമരങ്ങൾ എല്ലാം
വെട്ടിക്കളയുന്ന തിരക്കിലായിരുന്നു
അവൾ.

രാഗേഷ്

By ivayana