രചന : റിഷു✍
നിങ്ങൾ കേട്ടിട്ടുണ്ടോ..?
മുലപ്പാൽ കിട്ടാതെ പിടഞ്ഞു കരയുന്നഒരു പിഞ്ചുകുഞ്ഞിന്റെ ഹൃദയം നുറുങ്ങുന്ന നിലവിളി..!അത് കേട്ടിട്ട് ഒരു തുള്ളി മുലപ്പാൽ കൊടുക്കാനാവാതെ നെഞ്ച് പൊട്ടി തേങ്ങുന്ന ഓരോ അമ്മമാരുടെയും നെഞ്ചിടിപ്പ്..!
ഇല്ലെങ്കിൽ നിങ്ങളത് അറിയണം..!!
കാരണം.. നിങ്ങളും ഒരമ്മയുടെ വയറ്റിൽ കിടന്ന് അതെ അമ്മയുടെ മുലപ്പാൽ കുടിച്ചു വളർന്നവരാണ്..
നിങ്ങൾക്കറിയുമോ പുരുഷന്മാരെ..
ഒതുങ്ങിയ മുലകളും.. അരക്കെട്ടുകളും..
ആലില വയറുമുണ്ടായിരുന്ന പെണ്ണ്
ഇതൊക്കെ വേണ്ടെന്ന് വയ്ക്കുന്നത്
ഒരു കുഞ്ഞിനെ പെറ്റു പോറ്റാൻ വേണ്ടിയാണെന്ന്.?
അവളുടെ മുലകൾ നിറഞ്ഞും
പൊഴിച്ചും തൂങ്ങിയാടും..
അവളുടെ വയറു നിറയെ വരകൾ വീണ്.. ചുക്കിച്ചുളിഞ്ഞു കണ്ടാൽ നിങ്ങൾക്ക് ഒരു ഭംഗിയും തോന്നാത്ത വിധം അരക്കെട്ട് വീർത്തു തടിക്കും..
നിങ്ങൾക്കിത് കാണുമ്പോൾ ഒരുപക്ഷേ
അഭംഗിയും വെറുപ്പും തോന്നാം..
അത് വരെ അവളുടെ ഗന്ധത്തിൽ
പോലും ഉദ്ധരിച്ചിരുന്ന ലിംഗം വെറുപ്പോടെ ഉറക്കം നടിക്കാം..
പക്ഷേ…
ഞങ്ങൾ പെണ്ണുങ്ങൾക്കിത് അഭിമാനമാണ്..! പൊരുതി നേടിയ നേട്ടമാണ്..!!
സ്വന്തം ജീവൻ പ്രസവമുറിയിൽ
പണയം വച്ച് ദൈവത്തിനു മുന്നിൽ
നടത്തുന്ന ചൂതാട്ടമാണ്..
ഇനി പറയാനുള്ളത് കൂടി നിങ്ങൾ അറിയണം..!
പെണ്ണിന്റെ മുലകൾ അവൾ ഗർഭിണിയായിരിക്കെ തന്നെ
വികസിക്കാൻ തുടങ്ങും..
അവളുടെ നെഞ്ചളവ് വ്യത്യാസപ്പെട്ട് തുടങ്ങും.. നാലഞ്ച് മാസം മുതൽ അരണ്ട വേദന തുടങ്ങും..(ചിലരിൽ വ്യത്യാസമുണ്ടെങ്കിലും ) പോകെ പോകെ നിറമില്ലാത്ത ദ്രാവകം വന്ന് തുടങ്ങും..
ഇനി പ്രസവം കഴിഞ്ഞാൽ ജേഴ്‌സി പശുവിനെ പോലെ അകട് ചുരത്തുന്നവളൊന്നുമല്ല പെണ്ണ്..
കുഞ്ഞിന്റെ മോണ തീരെ ലോലവുമല്ല..
ആദ്യമായ് അമ്മിഞ്ഞ പാൽ
കൊടുക്കുമ്പോൾ ഹൃദയം നിറഞ്ഞ
നിർവൃതി മാത്രമല്ല.. കീറി തുന്നലിട്ട അവളുടെ യോനിയും അടിവയറും മുലകളും വേദനിച്ചു തുടങ്ങും..
കുഞ്ഞെങ്ങാനും നഴ്സറിയിലോ..
പാൽ വലിച്ചു കുടിക്കാതെയോ വന്നാൽ ഗോകർണ്ണം എന്ന് ഓമനപ്പേരുള്ള പാത്രത്തിലേക്ക് മുല പിഴിയാറുണ്ട്..
സ്വന്തം മുലകൾ ചെറുതെങ്കിലും
ഇടക്കൊന്നു കശക്കി പിഴിഞ്ഞു നോക്കണം.. വേദനയറിയണമെങ്കിൽ..
മുല ഞെട്ട് പിളരുന്നമറ്റൊരു കാഴ്ച്ചയുണ്ട്..
പൊട്ടൽ വീണ നെഞ്ചിൽ നിന്ന്
കുഞ്ഞു പാല് കുടിക്കുന്ന നേരം
അവൾ മിഴികൾ കൂമ്പിയടക്കുന്നത് മാതൃത്വത്തിന്റെ നിർവൃതി കൊണ്ട് മാത്രമല്ല.. മറിച്ച് വേദന കൊണ്ട്
ചുവന്നു നിറയുന്ന മിഴികൾ ആരും കാണാതിരിക്കാൻ കൂടിയാണ്..!
മുലപ്പാൽ കുടിച്ചു കൊതി തീരാതെ അമ്മയെ വിടാത്ത വിരുതന്മാർക്ക് മുന്നിൽ മുല ഞെട്ട് പൊട്ടി ഇത്തരത്തിൽ ചോര വന്ന അമ്മമാരുണ്ട്..!
മുലയൊന്ന് വലിപ്പം വച്ചുപോയാൽ
കൈകൊണ്ട് സിബ്ബ് പൊത്തി വച്ചിട്ട്
ആങ്ങളമാർ അങ്ങ് പ്രസ്ഥാവിക്കും..
ഒന്നിൽ ഉറച്ചു നിൽക്കാത്തവളെന്നും..
പോക്ക് കേസെന്നും..
അമ്മിഞ്ഞ കുടിച്ചിരുന്ന കാലത്ത്
സ്വന്തം അമ്മയുടെ മുലകൾ കണ്ട ഓർമയില്ലാത്തത് കൊണ്ട് എന്തുമാവാലോ..?
അന്നതും ഇതേ വലിപ്പത്തിൽ നിറഞ്ഞു തുടിച്ചാണ് ഇരുന്നിരുന്നത് എന്നെങ്ങനെയാണ് നിങ്ങളെ പറഞ്ഞൊന്നു മനസിലാക്കുക മഹാന്മാരെ..?
പെണ്ണിലൊരു വികാരം മാത്രം കാണുന്ന ആങ്ങളമാരോട് എന്താണ് പറഞ്ഞ് കൊടുക്കേണ്ടത്..?
ഒരിക്കൽ നിനക്ക് ജീവൻ തന്ന
അമൃത് പൊഴിഞ്ഞ മുലകളിൽ നിനക്കെങ്ങനെയാണ്
കാമം മാത്രം തോന്നുന്നത്..?
പെറ്റമ്മ നൈറ്റിയിട്ടു നിന്നാൽ ഉദ്ധരിക്കാത്ത ഏത് ലിംഗമാണ് വഴിയേ പോകുന്നതും സോഷ്യൽ മീഡിയയിൽ കാണുന്നതുമായ പെണ്ണിന്റെ തുണിക്കുള്ളിലെ അവയവം കണ്ട് തരിക്കുന്നത്..?
വെട്ടിക്കളയാനും..പൊതിഞ്ഞു പിടിക്കാനും ഇത്
നിർജീവ വസ്തുവല്ല..
മജ്ജയും, മാംസവും
ഉള്ള അവയവമാണ്..!
കുഞ്ഞരികിലില്ലാത്തപ്പോഴും
നിറഞ്ഞു തുളുമ്പുന്ന നെഞ്ചിന്റെ കല്ലിപ്പും.. വേദനയും അറിയുമോ..?
മുലയൂട്ടാനൊരിടം തേടി തളരുന്ന കണ്ണുകളുടെ ദൈന്യത അറിയുമോ..?
കഴുകൻ കണ്ണുകളെ ഭയന്ന് മൂടിപ്പൊതിഞ്ഞ മുലകളിൽ കുഞ്ഞിച്ചുണ്ട് ചേർത്ത് വയ്ക്കുമ്പോൾ അവന്റെ ശ്വാസതാളം എണ്ണി ശ്വാസം നിലച്ചു പോകുന്ന അമ്മമാരെ അറിയുമോ..?
വിശന്നു ചുണ്ടു പിളർത്തി കരയുമ്പോഴും
അവളുടെ ബ്ലൗസിന്റെ ഹൂക്കഴിയുന്ന നേരം നോക്കുന്ന കണ്ണുകളിൽ നെഞ്ചു പിടയുന്ന നിസ്സഹായത അറിയുമോ..?
ഒരിക്കലെങ്കിലും അറിയണം..!
അല്ലെങ്കിലും എന്തറിയാൻ..?
പൊതുവഴിയിൽ പരസ്യമായി മൂത്രശങ്ക തീർക്കുന്ന ആർക്കാണ് പെണ്ണിന്റെ നോവറിയുക..?
ചൂഴുന്ന കണ്ണുകളിൽ നിന്നോടി ഒളിക്കാൻ പെടാപ്പാട് പെടുന്ന പെണ്ണിന്റെ നെഞ്ചിടിപ്പിന്റെ താളമറിയുക..?
പെണ്ണിന്റെ കാറ്റടിക്കുമ്പോൾ തിളച്ചു പൊന്തുന്ന നിങ്ങളുടെ അവയവം പോലെയല്ല പെണ്ണിന്റെ മാറ്..
കാര്യം കഴിഞ്ഞാൽ വികാരമേതുമില്ലാതെ തളർന്നുറങ്ങാൻ അവളുടെ മാറിനറിയില്ല..!
കുഞ്ഞു നാവിന്റെ കൊതി തീരുന്ന
കാലം വരെ അത് നിറഞ്ഞു തൂകും..
പെണ്ണിന് ഉയർന്നു പൊങ്ങിയ മുലകളും.. നിതംബവും.. ഒരടി വയറും മാത്രമല്ല..
കണ്ണുകൊണ്ട് കാണാനാവാത്ത
മാതൃത്വത്തിന്റെ ഒരു കടലും..
പുതു ജീവനെ പേറാനൊരു
ഗർഭപാത്രവും ഉണ്ട്..!!
കാമം മൂത്ത് അരണ്ട വെളിച്ചത്തിൽ
അവളെ പ്രാപിച്ചു തിരിഞ്ഞു കിടക്കും മുൻപ് അവളുടെ അടിവയറിലൊരു മുത്തം കൊടുക്കണം..!
ഏതോ രാത്രിയിൽ നീയെറിഞ്ഞു പോയ
വിത്തിന് അന്നവും.. വെള്ളവും നൽകി
വളർത്തിയ മണ്ണാണത്..!
ചുക്കി ചുളിഞ്ഞിട്ടുണ്ടാകും..
ഒരു ചാൺ നീളത്തിൽ കുറുകെ പിളർന്ന് കുത്തിക്കെട്ടിയ പാടുണ്ടാകും..
വരണ്ട മണ്ണു പോലെ നിറയെ വരകളുണ്ടാകും..
എല്ലാം നീ തന്നുപോയ
സമ്മാനത്തിന്റെ ബാക്കിപ്പത്രമാണ്..!
നോവെല്ലാം അവളെടുത്തോട്ടെ..
അവളുടെ മുറിപ്പാടുകളിൽ സ്നേഹം കൊണ്ട് മരുന്ന് പുരട്ടാനെങ്കിലും നിനക്കു കഴിയുമെങ്കിൽ.. പെറ്റമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുന്ന നേരം നീ മൊട്ടിട്ട വയറിനോടൊട്ടി കിടക്കണം..!കഴിയുമെങ്കിലൊരു മുത്തം കൊടുക്കണം..!
സന്തോഷം കൊണ്ട്
ആ കണ്ണു നിറയുന്നത് കാണാം…!
അങ്ങനെയാണ് മനുഷ്യനാകുന്നത്..
പെണ്ണ് അമ്മ കൂടിയാണ് എന്നറിയുന്നത്…!!
സ്നേഹപൂർവ്വം റിഷു❤️..
