നാണംകെട്ട്
കവച കുണ്ഡലങ്ങൾ
ഇരന്നു വാങ്ങിയതിനു ശേഷവും
വെളിച്ചക്കുറവ് കൊണ്ട്
യുദ്ധം മാറ്റിവച്ചതറിഞ്ഞ ഇന്ദ്രൻ
സൂര്യനോട് കെറുവിച്ചിരുന്നു.
യുദ്ധഭൂമിയുടെ ഈർപ്പം പരിശോധിച്ച്
നിഷ്പക്ഷ രാജാക്കന്മാർ
ഭൂമി ഇനിയും യുദ്ധ സജ്ജല്ലെന്നും
തേർ ചക്രങ്ങൾ ഇവിടെ
പുത്തഞ്ഞു പോകുമെന്നും
ചോര കാണാൻ അൽപ നാൾ കൂടി
കാത്തിരിക്കേണ്ടി വരുമെന്നും
അറിയിച്ചപ്പോൾ
അന്തപ്പുരങ്ങൾ വീണ്ടും സജീവമായി.
കർണ്ണനിൽ
വീണ്ടും മുളച്ചു വരുന്ന കവച കുണ്ഡലങ്ങളെ
എല്ലാ രാത്രിയിലും
ദുര്യോദ്ധനൻ കനവ് കണ്ടു.
രാത്രിയുടെ വന്യതയിൽ
കർണന്റെ മതിലിനു പുറത്തു കണ്ട
കരിമ്പടം പുതച്ച രൂപത്തിന്
ദുര്യോദ്ധനന്റെ പൊക്കം ഉണ്ടായിരുന്നുവെന്ന
ചില മൊഴികൾ പൊങ്ങി വന്നെങ്കിലും
‘ഇവിടെ ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’
എന്ന വാചകം
മതിലിൽ അക്ഷരം തെറ്റാതെ
എഴുതാനും മാത്രമുള്ള
അക്ഷര ജ്ഞാനമോ ക്ഷമയോ
അയാൾക്ക് തികയില്ലെന്ന് ഉത്തമ ബോധ്യമുള്ള
അംഗരാജാവ് അതിനെ പുച്ഛിച്ചു തള്ളി.

രാ ഗേ ഷ്

By ivayana