രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍
അമ്പലംചുറ്റുന്ന നേരം
ദേഹരഥമേറി ദേഹി
അംബരംചുറ്റുന്ന യാമം
പുരികമധ്യത്തിൽ ബലം
ഭാരരഹിതമീ പ്രാണൻ
ധൂപ,ദീപ,രസ,ഗന്ധം
ചുഴറ്റിയെറിഞ്ഞു പോയീ
മാനസാകാശം ശൂന്യമായ്
അതിരെതിരില്ലാ ശൂന്യം
അപാരതേ! ശൂന്യബലം
ശൂന്യബലത്തിൽ കരേറീ
സൂരയൂഥത്തിൻ കോടികൾ
ആയതുപോലെ തിരിഞ്ഞു –
കറങ്ങുന്ന യാമങ്ങളിൽ
എത്രയോ ഭൗമോദയങ്ങൾ
എത്രയോ സൂര്യോദയങ്ങൾ
അമ്പലക്കൂര വിടവിൽ
ഊർന്നുവീഴുന്ന വെട്ടത്തിൽ
എത്രയോ സൂര്യബിംബങ്ങൾ
അങ്ങിനെ മാനസങ്ങളിൽ
എത്രയോ സൂരയൂഥങ്ങൾ
ദേഹകോശങ്ങളിൽ പോലും
സൂര്യനും യൂഥകണങ്ങളും
ദേഹംചുമക്കുന്ന ദേഹി
ശൂന്യബലമറിയുന്നൂ
അതിരെതിരില്ലാത്തൊരീ
ഏകബലമാണു ദൈവം
അമ്പലം ചുറ്റുന്നനേരം
ദേഹരഥമേറി ദേഹി
അംബരം ചുറ്റുന്നയാമം !!
