രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍
ധാർത്തരാഷ്ട്ര –
പ്രതാപങ്ങൾ
രാജ്യാന്തരസീമകളെ മാറ്റിയെഴുതവേ…….
വിനീത വിധേയരായ്
ഭരണ സാരഥ്യങ്ങൾ
തലകുനിച്ചൊതുങ്ങവേ ……
ഗംഗാദത്ത –
വീര്യ കോയ്മയിൽ
രാജമകുടങ്ങൾ
ശിരസ്സു കുനിയ്ക്കവേ …….
ഗാന്ധാരദേശം നോക്കി
പായുകയായ്
പുകൾപെറ്റ
സേനാ വ്യൂഹം……
നാശം വിതയ്പ്പതിന്നോ
തോഷം വളർത്തുവതിനോ
ഗാന്ധാരം……..
മാമലകൾ ചൂഴും
ഹരിത കേശിനി
വിഭവക്കോയ്മകളിൽ
ആറാടിത്തിമിർപ്പവൾ
നെഞ്ചുലയും വിഹ്വലതയാൽ
കാത്തിരുന്നു പോൽ
ധാർത്തരാഷ്ട്ര സേനയെ !!!
സുമുഖി സുരുചിരാംഗി
ഗാന്ധാരത്തയ്യലാൾ
പെൺ ലക്ഷണവടിവം കടഞ്ഞെടുത്ത സൗന്ദര്യത്തിടമ്പ്
രാജകുമാരിയാൾ
ഗാന്ധാരി …….
അതിർ കടന്നറിഞ്ഞതത്രയും
അവൾ തൻ സൗന്ദര്യ വലുമ
അവളെ
രത്നങ്ങളേതും തോൽക്കും
സുന്ദര രത്നത്തെ
ശുൽക്കമായ് കേട്ടേൻ ഗംഗാദത്തൻ
പെരിയ തോഷമൊഴിഞ്ഞ്
സമ്മതം കാട്ടിനേൻ
താതനാം നൃപതൻ !!!
കുരുവംശ മകുടമേന്തും
തൻ മണാളൻ
അന്ധനെന്നറിഞ്ഞ മാത്രയിൽ
ഉള്ളം പിടഞ്ഞതും
തനു തളർന്നതും
വേപഥുചൂഴ്ന്നതും മറച്ച്
സ്വയം ഇരുളിനെയേറ്റ്
അന്ധത വരിച്ച്
കുരുപുരത്തിന് മണവാട്ടിയായവൾ
ഗാന്ധാരി ……..
നിയതിവികൃതി
തുടരവേ
പ്രതികാരോന്മത്തനായ് പോൽ
വത്സല സോദരൻ
കണ്ണുപൊട്ടനാം കൗരവകുമാരനീ വിധം
ആരുമ സോദരിയാളെ
ബലി മൃഗമായ് കൊടുത്തുവിട്ടതിൻ ന്യായം തെളിയാതെ
രാജ സുഖലാലസതകളേവതും
കൈയ്യൊഴിഞ്ഞെത്തിനേനവൻ
ഹസ്തിനപുരിയിങ്കൽ
ശിഷ്ടമൊരു ചാവേറിൻ ജന്മം
ചതി,വഞ്ചന കള്ളച്ചൂത്
വിധി വിളയാട്ടത്തിലൊരു കള്ളക്കരുവായവനിവൻ
സർവ്വവും ചെയ്തു
പാപ ലേപനമേറ്റു മലീമസമായവൻ
ഒരു വേള
ഇവൻ തന്നെയാകാം
സ്നേഹധനനാം സോദരൻ
ഉൽപ്പതിഷ്ണുവാം മാതുലൻ
കൂടപ്പിറപ്പിൻ
നൽ ജീവനത്തിനൊരു
തണൽ മരമായ് നിന്നവൻ
ഇതിഹാസതാളിലൊരു ചതിയുടെ മറുനാമം
ഇവനത്രേ വിധിവഴി
മാറി നടന്നവൻ
ഇവൻ തന്നെയത്രേ
ഗാന്ധാര നരേശൻ ശകുനി.
