വരരുചിയുടെ
പഞ്ചമിക്ക് സഞ്ചാര
പാത തീർന്നിരിക്കുന്നു.
വെളിവായിരിക്കുന്നു
മുന്നിലൊരു കുന്ന്,
ഉയരത്തിലേക്ക്
കൂർത്തു കൂർത്തു
ശൂന്യമായ്പോകുന്ന
ശിഖരത്തിലൊരു
പേരില്ലാ ഹർഷപീഠം.
അതുമാത്രമുണ്ട്
മുന്നിൽതെളിവായ്
ഒലിയറ്റ് ഒളിയായ നിത്യ
ജീവനുണ്ട് മാറിലെ
പൊതിക്കെട്ടിൽ
താൻ തന്നെ പെറ്റിട്ട
തൻ്റെത്തന്നുണ്മയായ
തീക്ഷ്ണ സത്യ
പൊരുൾ !
ഇവനെയിനി
ഇവിടെയീ
പീഠത്തിൽ
പ്രതിഷ്ഠിക്കാം……
തായ്ക്കുലത്തിൻ്റെ
മൺ തലത്തിൽ
വാർന്നു തീർന്ന
ചിന്തയിൽ
പഞ്ചമി
സ്വസ്ഥമായ് കണ്ണടച്ചു …..
അവൾ …
നെറുകയിൽ
കത്തിടും പന്തം
തറഞ്ഞശിശുവായി
പുഴയുടെശീതത്തി-
ലൊഴുകിയോൾ ;
പിന്നെ …
കാലമൊളിപ്പി –
ച്ചൊരറിവിന്റെ
വെളിപാടിൻ
ജ്ഞാനിയെ
പതിയായ് വരിച്ചവൾ ….
ശിരസ്സിൽ …
അവളുടെ
ഉള്ളുണങ്ങാ ക്ഷതം
മധുവിധുവേളയിൽ
വിരലിൽതടയവേ
സത്യത്തിൻ-
നൊമ്പര മേറ്റു –
നിസ്തേജനായ്
ജ്ഞാനി വരരുചി ;
വിറച്ചു പോയ് ചേതന .
പറയക്കുടിലിൽ
പിറന്ന തൻവിധിയുടെ
വിരുതൊതുക്കാനായ്
താൻ തന്നെ
നെറുകയിൽ
ആഞ്ഞുതറച്ച തീ
പന്തത്തിനോർമ്മയിൽ
വിവശനായ്
കാമുകൻ.
മർത്യകുലങ്ങൾക്ക-
ധിപതിയാകാ-
നൊരുങ്ങവേ വരരുചി
അറിയുന്നു
ഭൗതികാതീത –
മഹാ പൊരുൾ !
വിശ്വചൈതന്യ –
മിഴ ചേർത്തിരിക്കുന്നു
വിധിയതിഭദ്രമായ്
സർവ്വചരാചര
നിലനില്പിലൊക്കെയും…..
ആവുകയില്ല തിരുത്തി –
ക്കുറിക്കുവാൻ
മാനവ ജ്ഞാനത്തി –
നിപ്പൊഴും എപ്പൊഴും .
നൊന്തു നൊന്തോരോരോ
മക്കളേയുംപെറ്റെ-
ഴുന്നേൽക്കവേ
ചോദ്യം …
ഉണ്ണിക്കു …. വായില്ലേ?
ചോദ്യത്തിനുത്തരം
തീക്ഷ്ണമാംകയ്പ്പായ് –
ഞരിഞ്ഞമരുന്നതാൽ
മൂളി പതുക്കനെ
ങ്ഹ …..
ഉണ്ണിക്കരച്ചിലും
കേട്ടിടാതെ….യല്ല …
മഹാത്രികാലത്തിന്റെ
ബോധ്യവും മർത്ത്യൻ്റെ
വ്യാധി തൻ അർത്ഥ-
മെഴാത്തതാം ചിന്തയും
വ്യർത്ഥമാണെന്നൊരു
ജ്ഞാന നെറിവു –
മുണർത്തു –
വാനുള്ളൊരു
ആദിപാഠം.
പെറ്റിട്ടതൊക്കെ
യുപേക്ഷിച്ചു
വഴി നീളെ
വേച്ചും വിറച്ചും നടന്നു.
മഹായാന
മല്ലയോ….
പിന്നെ പിറന്നൂ

പന്ത്രണ്ടാമൻ ഒരാൾ
കരയുവാൻ
വായയേയില്ലാത്തവൻ ….
ഇടമെവിടെയുണ്ടി –
വനെ കിടത്തുവാൻ ?
മറഞ്ഞുപോയ്
വരരുചി
വഴി നടത്താൻമേലി –
ലാരുമില്ലാതെയായ് !
ഇവനെയിതാ
പഞ്ചമി
ഇവിടെ ….
ഈ ലോക –
നെറുകയിൽത്തന്നെ
പ്രതിഷ്ഠിച്ചിച്ചിരിക്കുന്നു
വായില്ലാ കുന്നിലെഅപ്പനായ്…..
കാല ചൈതന്യമായ്…
പറയേണ്ടതില്ലവ –
നൊന്നും ഒരിക്കലും ;
എങ്കിലും കേൾക്ക –
പ്പെടുന്നു കാലത്തിനാൽ !
കാണപ്പെടാത്തവൻ
എന്നാലോസർവ്വതും
കാണുന്ന സാക്ഷിയായ് !
കർമ്മങ്ങളറ്റവൻ
എങ്കിലും സകല ഭൂത
കർമ്മത്തിനും
നാഥനായുള്ളവൻ.
ഗണിച്ചെടുക്കട്ടെ
പുരോയാനകാലം …
ഇവൻ്റെ
കഥപ്പൊരുൾ……
ബാക്കി പതിനൊന്നു
പേരും കുറിച്ചോര-
നന്തമാം ഭൗതിക
യാഥാർത്ഥ്യമെ-
ന്തെന്നറിവോടെ
ഒരുവൾ… പറച്ചി
അതിനീച കുലജാത
ചിരിച്ചിരിപ്പുണ്ടീ
മഹായാന പാതയിൽ…
കാലബോധവും
കാലനാഥ ബോധവും
ജ്വലിപ്പിച്ചൊരു മഹാ-
ചിരഞ്ജീവിയായ്

മേരിക്കുഞ്ഞ്

By ivayana