രചന : ശ്രീകുമാർ പെരിങ്ങാല.✍
മയിലുകളാടി, കുയിലുകൾ പാടി,
പുലരിക്കിരോൻ കതിർനീട്ടി
മലകളുണർന്നു, പുഴകളുണർന്നു,
മഹിതലമറിവിൻപ്രഭതൂകി.
ഉണരുകയുണരുക മലയാളത്തിൻ-
മഹിമയുയർത്താനണിചേരൂ
മഴികൾ തുറക്കൂ, ചിറകുവിടർത്തൂ,
വിജ്ഞാനക്കടൽ തേടിവരാം.
സിരകളിലൂർജ്ജം പകരും പകലോൻ
പതിയെപ്പൊങ്ങിത്താഴുമ്പോൾ
ചന്ദനലേപമണിഞ്ഞൊരു ശോഭയിൽ
സുന്ദരഗാനവുമായി വരാം.
അക്ഷരമലരിൻസൗരഭ്യം ചെറു
കാറ്റിൽപ്പാറി നടക്കുമ്പോൾ
വിരലുകൾ തൂലികയേന്തിയൊരറിവിൻ-
കവിതകളിനിയും വിരിയെട്ടേ.
