രചന : മധുമാവില✍
ബസ് ഷെൽട്ടറിൽ
കൂരിരുട്ടിലൊറ്റക്ക്
വെറും തറയിൽ
കിടക്കുമ്പോൾ
വെള്ള സാരിചുറ്റി
പുഞ്ചിരിച്ചുകൊണ്ട്
ചുണ്ണാമ്പ് ചോദിച്ചവൾ വരും.
സ്വപ്നം പോലെ.
രണ്ട് ചിരികളൊന്നിച്ച്
ഒരു വെത്തിലയിൽ
ഒറ്റത്താളത്തിൽ കിതക്കും
നമ്മളൊന്നിച്ചു ചോര തുപ്പും.
ചുകന്ന പകലിൻ്റെ
വെളിച്ചത്തിലേക്ക്
ചർദ്ദിക്കുന്ന
മുദ്രാവാക്യങ്ങൾ പോലെ
പകലന്തിയോളം
ഇരുട്ടുകോരി തിന്നിട്ടും
അവളുടെ രാത്രിക്ക്
വിശപ്പില്ലാതാക്കാനായില്ല.
പകലന്തിയോളം പണിതിട്ടും
ഇരുന്നുണ്ണാനായില്ല.
നെഞ്ചിലെ കിനാവും
കൈയ്യിലെ കട്ടിത്തഴമ്പും
തലയിലെഴുതി
സത്യത്തിനെത്ര വയസ്സായി,
സത്യം പറഞ്ഞിട്ട് കാലമെത്രയായി
ഇനിയെന്ത് വിപ്ലവം.
പണമുണ്ടാക്കണമെന്നൊരൊറ്റ
മോഹമായിരുന്നു
ദൈവത്തിനും.
