രചന : ഗീത മുന്നൂർക്കോട് ✍
കാറ്റിൽ നിന്നും
മുല്ലമൊട്ടിന്റെ
പരാഗത്തുണ്ടുകൾപ്പോലെ
അവനെന്നെ ഇറുത്തെടുത്ത്
മുത്തം തന്നിരുന്നു
നീർച്ചോലകളിൽ നിന്നും
കുമ്പിൾ കോരി
കുളിർമാരിയാക്കി
എന്നെ നനച്ചിരുന്നു
മഴച്ചാറ്റലിന്റെയീണമൂറ്റി
എന്റെ വിതുമ്പലുകളെ
അവൻ ലാളിച്ചിരുന്നു
സായന്തനപ്പടവുകളിൽ
ഓടിക്കേറി
ചുവന്നു പുഷ്പിച്ചിരുന്ന
എന്നെ
നെഞ്ചിൽത്തിരുകി
കൊഞ്ചിക്കുമായിരുന്നു
വെൺ നിലാപ്പുതപ്പു കീറി
എന്നെയാശ്ലേഷത്തിൽ
പുതപ്പിക്കുമായിരുന്നു
കടൽക്കോളുകളെ ശാസിച്ച്
കുഞ്ഞോളങ്ങളുടെ
തരിവളകളിടുവിച്ച്
അവനെന്റെ കൈത്തലങ്ങളിൽ
സ്വാന്തനമമർത്തിയിരുന്നു
അവനെവിടെ…?
അവൻ പോയ വഴികളിൽ
സായന്തനക്കാറ്റിൽ
മഴച്ചാറ്റലിൽത്തേങ്ങുന്ന
നീർച്ചോലകളിൽ
അലറിയടുക്കുന്ന
കടൽക്കോളുകളിൽ
അസ്ഥിപഞ്ഛരത്തിന്റെ
മൃതാവസ്ഥയിലെത്തി
ഞാനിന്നുമവനെ തേടുന്നു..