രചന : സുനിൽ തിരുവല്ല. ✍
കാറ്റിന്റെ തീരുമാനങ്ങളിലാണ്
തീരം അണയുന്ന തിരയുടെ ജീവിതം,
തീരത്തെ കണ്ടുമുട്ടി ഉളവാകുന്ന സന്തോഷം,
സഫലമാകും മുമ്പേ മടക്കം!
പങ്കുവയ്ക്കാനാവുന്നില്ല ഒന്നും,
കഥകൾ പറയാനുമില്ല നേരം,
എന്തൊരു ജീവിതം!
കരയ്ക്കാണെങ്കിലോ?
ഇനിയൊരിക്കൽ കാണാനാവുമോ?
അലകളുടെ ആശയങ്ങൾ,
കടലിന്റെ ഹൃദയത്തിൽ മറഞ്ഞു പോകുന്നു.
ഒരു തിരമാലയുടെ യാത്ര,
അതിന്റെ ആരംഭവും അവസാനവും ഒന്നായി,
ഒരു നിമിഷത്തിന്റെ ജീവിതം,
അതിൽ കാത്തുവച്ച
സ്വപ്നങ്ങളുടെ അസഫലത !
കാറ്റിനെ മറികടന്ന് തിരയ്ക്ക് ഒരു ജീവിതമുണ്ടോ?
കാറ്റിനെക്കൂടാതെ തിരകൾക്ക് പോക്കുവരവുകളുണ്ടോ?
കാറ്റിന്റെ കൈകളില്ലാതെയും,
തിരകൾ താണ്ടുന്നു ആഴങ്ങൾ,
അലകളുടെ ഹൃദയം തൊട്ടറിയുന്നു,
ഒരു തീരത്തിന്റെ സ്വപ്നങ്ങൾ.
പ്രതീക്ഷയുടെ താളത്തിൽ,
തിരകൾ തുടരുന്നു തങ്ങളുടെ യാത്ര,
ഒരു തീരം കാത്തിരിക്കുന്നു,
ഒരു തിരമാലയുടെ മടങ്ങിവരവ്.
കാറ്റിനെ മറികടന്ന്,
തിരയ്ക്ക് ഒരു ജീവിതമുണ്ട്,
പ്രതീക്ഷയുടെ താളത്തിൽ,
തിരയും തീരവും കണ്ടുമുട്ടുന്നു.