രചന : ബിജു കാരമൂട് .✍️
എന്റെ പ്രിയങ്കരങ്ങളിൽ
ഒരിക്കലും പെടാത്തവരേ
മരുഭൂമികളിൽ
ദിക്കു തെറ്റി
ദാഹിച്ചു ചത്തൊടുങ്ങിയ ആട്ടിൻപറ്റങ്ങളേ
നല്ലിടയൻ എന്ന്
തെറ്റിദ്ധരിപ്പിച്ചു
കടന്നു രക്ഷപ്പെട്ട
രക്ഷകരേ
വാക്കുകളെ അർത്ഥങ്ങൾ കൊണ്ട്
ഗുണനക്രിയ ചെയ്ത
പ്രിയ പിതാമഹരേ
എന്റെ
പ്രിയതമയുടെ
എഴുന്നള്ളത്ത്
കാണുക
ഏറ്റവും
പ്രീയപ്പെട്ടവളേ
നിന്റെയധരങ്ങൾ
മഞ്ഞിൽ പുകഞ്ഞു
വിണ്ടുകീറിയത്
നിറമില്ലാത്തത്
കറുത്ത
കുന്നുകളിലേക്ക്
കയറിപ്പോകുന്നതിനു മുമ്പ്
ഞാൻ പാനംചെയ്യേണ്ട
വിഷപാത്രം
അവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു
മാത്രം അറിയുന്നു
ദേവദാരുവിന്റെ ഉണങ്ങിയ പടുമരത്തൊലിയിൽ
കിടത്തി
എന്നെ കുളിപ്പിക്കൂ
കസ്തൂരിമാനുകൾ
മേയുന്ന
സിന്ദൂരപ്പാടങ്ങളിൽ
നിന്നും
ഒരു പരാഗവല്ലിയടർത്തി
എനിക്ക് കണ്ണെഴുതൂ
കവിളിൽ വലിയ ഒരു
പൊട്ടു തൊടൂ
മറ്റാരാലും ഓമനിക്കപ്പെടാതെ
എന്നെ
ഒളിപ്പിച്ചു വയ്ക്കൂ
പിറവിപ്പിള്ളയോടൊപ്പം
ഉപേക്ഷിച്ച എന്നെ
ഇനിയെങ്കിലും നീയൊന്ന്
തിരിഞ്ഞു
നോക്കൂ
ഋതുകാല
സ്നാനം കഴിഞ്ഞു വരുന്ന
നിന്റെ
അരഞ്ഞാണ ചരടിൽ നിന്നും ഊർന്നുവീഴുന്ന
പുതു വെള്ളത്താലത്രേ
ചുണ്ണാമ്പു കൽപ്പടവുകൾ
ഇങ്ങനെ അലിഞ്ഞിരിക്കുന്നത്
നീയോ
അടിയുടുപ്പുകൾക്കുമേൽ
സർപ്പ ദൈവങ്ങളെ
ചുറ്റിവരിഞ്ഞുടുക്കുന്നു
സർവ്വസൈന്യാധിപന്റെ തലയോട്ടിയിൽ
കുന്തിരിക്കം പുകച്ച്
മുടിയുണക്കുന്നു
നിന്റെ
മുലകൾ
കാലങ്ങളായി
കാണാതായ
അമ്മയെക്കണ്ട് കുതിക്കുന്ന
രണ്ടു
സിംഹക്കുട്ടികൾ
അവയാകട്ടെ
കരുണയില്ലാത്ത
കാടുകളിൽ മാത്രം
വേട്ടയാടാൻ
പഠിക്കുന്നവ
എന്റെ
പ്രിയസഖി
അടർന്നുവീണ
ആപ്പിളും അരുവികളിലെ
വെള്ളവും മാത്രം
ഭക്ഷിക്കുന്നു
മലഞ്ചെരിവുകളിൽ
തനിച്ചായ
ഹിമക്കരടിയുടെ ഇറച്ചി
ഉണക്കി
അന്തപ്പുരത്തിൽ സൂക്ഷിക്കുന്നു
മണ്ണോളം അഴിഞ്ഞുവീണ
മുടിയിൽ
തുഷാരപുഷ്പങ്ങൾ
നീലിച്ച മിന്നാമിനുങ്ങുകൾ
നീ
കടന്നുപോകുന്ന
ചുവടുകളിൽ
പുല്ലുകൾ പൂക്കുന്നു
നിനക്കു
തണലിടുന്ന
ചില്ലകൾ
കായ്ച്ചു നിറയുന്നു
നഗര ദേവാലയത്തിന്റെ
പുരോഹിതൻ
നിന്റെ പാദങ്ങളെ
സ്വപ്നാനുഭൂതികളാൽ വൃത്തിയാക്കാൻ സ്വന്തം
പുത്രിയെ അയക്കുന്നു
നിന്നെ അസൂയപ്പെട്ട
തോഴിമാരോ
കൊഴിഞ്ഞുപോയ വസന്ത
റോസാദളക്കിടക്കകളിൽ
നീറി നീറി മരിക്കുന്നു
അരുമയായവളേ
എന്റെ
ആകാശവും
ഭൂമിയും
നിന്റെ
ഉള്ളു പോലെ തന്നെ
നിങ്ങളുയർത്തിയ
എല്ലാ
കൊടികൾക്കും
നിങ്ങളുടെ
നിറങ്ങൾ
അവളാകട്ടെ
മന്ദഹാസം കൊണ്ട്
എല്ലാ കൊടികളെയും ഒരേ നിറത്തിലാക്കുന്നു
എന്റെ
പ്രിയതമയത്രേ
ജലവിതാനങ്ങൾക്കു മേൽ
ആദ്യം നടന്ന
പ്രവാചക
അവൾക്കായിട്ടിരമ്പുന്നു
മരണം പാഴ്നിലങ്ങളിൽ
എത്രയുന്മാദികളായ
ഭാഗ്യാന്വേഷികൾ
അവളുടെ ചുണ്ടുകൾ
വിടരാൻ രഹസ്യമായി
കാത്തുനിൽക്കുന്നു
അവരൊക്കെയും
അവളുടെ
മിഴിമുനക്കുന്തങ്ങളിൽ
നെഞ്ച് കോർത്തവർ
കാട്ടുമരങ്ങളെ
കടപുഴക്കുന്ന
അവൾ
വിളഞ്ഞ പാടങ്ങളിൽ
സ്വർണ്ണത്തിരകളാകുന്നു
മന്ത്രമുന്തിരിപ്പഴങ്ങളും
കട്ടപിടിച്ച
രക്തം പോലെ
വീഞ്ഞും
വിതറി
അവൾ
കടന്നു പോകുന്നു
കാന്തേ
ഞാൻ
പ്രണയ സന്ധിയിൽ
ഒരു കൊടുങ്കാറ്റിനെ
ആലിംഗനം ചെയ്യാൻ
കൊതിച്ചവൻ
അതാകട്ടെ
പിടിതരാതെ
തൊടുന്നേടമെല്ലാം
പതുപതുത്തു
വഴുതിപ്പോകുന്നു
എങ്കിലും
അരൂപികളായ
അനുഭൂതികളെല്ലാം
അവളല്ലാതെ
മറ്റാരാണ്
അവൾ
നിങ്ങളുടെ
കടലുകളെ
മരുഭൂമികളായും
നിങ്ങളുടെ
കാടുകളെ
ജനപദങ്ങളായും
മാറ്റിപ്പണിയാൻ
എത്തിയവൾ
ആത്മാവിൽ
പ്രിയങ്കരീ
എല്ലാ
പ്രണയ കാവ്യങ്ങളിലും
നിന്റെ നിഴലായിരിക്കുവാൻ
എനിക്ക്
ലജ്ജയോ
ഭയമോ ഇല്ല
എന്നേക്കുമായി
നീ വസന്തവും ഞാനതിന്റെ
സുഗന്ധവും
ആകുന്നു.
