രചന : ജോസഫ് മഞ്ഞപ്ര ✍
മായ്ച്ചാലും മായാതെ തെളിനീരുപോലെ
മനോമുകുരത്തിൽ തെളിയുന്നിന്നും
മനോഹരമാം പോയ് പോയകാലം
മനസിലൊരു മധുരമാം നൊമ്പരം പോൽ
രാത്രി മഴയുടേയന്ത്യത്തിൽ വീശിയൊരീറൻകാറ്റിൻ
സുഖാലസ്യത്തിൽ കോലായിലെ
മരക്കസേരയിൽ മയങ്ങാൻ ശ്രമിക്കവേ,
കേട്ടുവോ കാതിന്നരികിലൊരു ചിലങ്കതൻ നാദം
അരികിൽ നിന്നകന്നകന്നു പോകുന്ന ശബ്ദവീചികൾ.
ഓർമ്മകളിലൊരു ശോകഗാനത്തിൻ പദചലനം പോലെ
പൊയ്‌പ്പോയ കാലം കദനം
കറുത്തമേഘത്തിന്നിടയിൽ നിന്ന്
കുതറിയോടാൻവെമ്പുന്ന
നിലാവിന്റെ ദുഃഖം ആരറിയാൻ
വിടചൊല്ലി പിരിയുന്ന
നിലാവിന്റെ യാത്മാവിൻ രോദനം
രാത്രിമഴയുടെയലർച്ചയിലൊടുങ്ങിയോ
പൊയ്‌പ്പോയ കാലം…….