രചന : ബേബിസബിന✍️
ഇതളടർന്ന ചില്ലയിലവളൊരുനാളിൽ
കണ്ണീരുണങ്ങാതെയാകെ പരവശയായി
നില്ക്കേ പുത്തൻ നിനവുപകർന്നീടാൻ
കരുതലിൻ ചുമടുവച്ചെത്തി കാലവും.
ദൂരേയ്ക്കു മാഞ്ഞുപോയോരെന്നുടെ
സ്വപ്നങ്ങളോയിടയ്ക്കിടെ തലപൊക്കി
ആനന്ദത്തേൻ നുകർന്നനുരാഗമുരളി നാം
മീട്ടിയഴകോലും കൊച്ചോടം നീന്തിപ്പോയി.
നിനവിൻ്റെ ചുമരിലഴകായി നീയൊരുമാത്ര
വിരിഞ്ഞു പരിലസിക്കേ നിന്നുടെ
സുഗന്ധമെന്നെപ്പൊതിഞ്ഞിടുന്നു
ഈ വസന്തത്തിൻ പൊലിമയിൽ
കോരിത്തരിക്കുന്നു ഞാൻ.
അറിയാത്ത ശ്രുതിയിലെൻ മുന്നിലൊരു
തെന്നലാർദ്രയായി പാടിവന്നു
കനവുകൾ പൂക്കുന്ന മേടുകളിൽ
മഴയൊന്നു ചാറിവന്നുമ്മവച്ചു.
പതിവുപോൽ കാലത്തിന്നലസനോവിൽ
ഞാൻ വ്യഥയുടെ തീരത്തു നിരാശ്രയായിരിക്കേ
ഒരു കൈത്തലമെന്നെ പുല്കിയെൻ
കരളിലെ നീരൊഴുക്കിൽ നീന്തിത്തുടിച്ചിടുന്നു.
വഴിയായ വഴിയെല്ലാം മാസ്മരരാഗത്തിൻ
തേരുതെളിയിക്കേ, വിജനമാമിരവിൻ
ചില്ലയിൽ നിലാവുപിച്ചനടക്കേ
വിതുമ്പി നിൽക്കുന്നു രാക്കിളികൾ
എങ്കിലും,പൂഞ്ചിറകേകിപ്പറന്ന മോഹക്കുരുവി
നാലുപാടേയ്ക്കും പാറിപ്പറന്നോ നീ?
ഹൃദയവീഥിയിലിരുന്നു താരാട്ടുപാടിയ
കനവുകളേ, നിങ്ങളിന്നെങ്ങുപോയി?
